ADVERTISEMENT

ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ 13–ാം സമ്മേളനം മതേതര കൂട്ടായ്മയുടെ സുഗന്ധം പരത്തുന്ന വേദിയായി മാറി. ഈസ്റ്റർ, ഈദ്, വിഷു അഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 27–ാം തീയതി ഇന്ത്യൻ സമയം വൈകീട്ട് ഏഴരക്ക് യൂറോപ്പിലെ അനുഗ്രഹീത ഗായകനായ സിറിയക്ക് ചെറുകാടിന്റെ കുറിവരച്ചാലും കുരിശുവരച്ചാലും, കുമ്പിട്ടു നിസ്കരിച്ചാലും കാണുന്നതും ഒന്ന്, കേൾക്കുന്നതും ഒന്ന് കരുണാമയനാം ദൈവം ഒന്ന് എന്ന് തുടങ്ങുന്ന മതസൗഹൃദ സന്ദേശം നൽകുന്ന ഗാനത്തോടെയാണ് ആരംഭിച്ചത്.

വെർച്ചൽ പ്ളാറ്റ്ഫോമിലൂടെ നടന്ന ഈ മതസൗഹൃദ സംഗമ കൂട്ടായ്മ കേരള മുസ്ലീം യൂത്ത് ലീഗിന്റെ സംസ്ഥാന സെക്രട്ടറിയും എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ പാണക്കാടു സെയ്ദ് മുനവ്വറലി ശിഹാബ് തങ്ങൾ, ശാന്തിഗ്രാം ആശ്രമം ജനറൽ സെക്രട്ടറിയും ആത്മീയഗുരുവും, പ്രശസ്ത സാമൂഹ്യപ്രവർത്തകനുമായ സ്വാമി ഗുരുരത്ന ജ്ഞാന തപസിയും ഭദ്രദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു. തുടർന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ ചെയർമാൻ ഗോപാലപിള്ളെ, യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ, യൂറോപ്പ് റീജിയൻ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ, സെക്രട്ടറി ബാബു തോട്ടപ്പിള്ളി, ഷൈബു ജോസഫ്, ഗ്രിഗറി മേടയിൽ തുടങ്ങിയ ഗ്ളോബൽ റീജിയൻ ഭാരവാഹികൾ ദീപം തെളിച്ചു മത സൗഹൃദ സന്ദേശം പകർന്നു. അപ്രതീക്ഷിതമായുണ്ടായ ചില സാങ്കേതിക തടസങ്ങൾ കാരണം വെർച്ചൽ പ്ളാറ്റ്ഫോമിൽ കയറുവാൻ കഴിയാതിരുന്ന താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിക്കൽ ഈ മതസൗഹൃദ കൂട്ടായ്മക്കു ആശംസകൾ നേർന്നു സന്ദേശം അയച്ചു.

world-malayali-council-europe-region-organized-a-religious-meeting1

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്തു. ബഹുവിശ്വാസി സമൂഹമായ ഭാരതത്തെ ഒറ്റച്ചരടിൽ കോർത്തിണക്കുവാൻ മഹാത്മാഗാന്ധിക്കു കഴിഞ്ഞത് സർവ്വമത പ്രാർത്ഥനയിലൂടെയാണെന്നും അതുപോലെ ബഹുസ്വരതയിൽ നിന്നുകൊണ്ടു സമാധാനത്തിന്റേയും സഹജീവിതത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും ശാന്തിസന്ദേശം നൽകുന്നതിനുവേണ്ടിയാണ് വേൾഡ് മലയാളി കൗൺസിൽ യൂറോപ് റീജിയൻ ഈസ്റ്റർ, ഈദ്, വിഷു ആഘോഷത്തിൽ, മത സൗഹൃദ സംഗമവേദിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞും. നമ്മുടെ ആഴത്തിലുള്ള ആധ്യാത്മിക ചിന്തകളും ശ്രേഷ്ഠങ്ങളായ തത്വചിന്തകളും പല പാശ്ചാത്യ ചിന്താധാരകളെയും സ്വാധീനിച്ചിട്ടും, ശ്രേഷ്ഠമായ ഈ ഇന്ത്യൻ വൈജ്ഞാനിക, താത്വിക ചിന്തകളെ തമസ്കരിച്ചുകൊണ്ട്, അൽപാൽപ്പമായുള്ള നമ്മുടെ കുറവുകളെ പർവതീകരിച്ചു ഭാരതത്തെ ഇകഴ്ത്തി കാണിക്കുന്ന ഒരു പ്രവണത, ഭാരതത്തിൽ വർദ്ധിച്ചു വരുന്നതിൽ പ്രവാസികൾക്കുള്ള ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചു. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിലിന്റെ സന്ദേശത്തിനുശേഷം ആദരണീയരായ പാണക്കാട് സെയ്ദ് മുനവ്വറലി ശിഹാബ് തങ്ങളും സ്വാമി ഗുരുരത്ന ജ്ഞാന തപസിയും മതസൗഹൃദം കൂട്ടായ്മയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി.

മതസൗഹൃദത്തെ ശക്തിപ്പെടുത്തുന്ന ഇത്തരം സമ്മേളനങ്ങൾ ഈ കാലഘട്ടത്തിൽ വളരെ അനിവാര്യമാണെന്നും ഇത്തരം കൂട്ടായ്മകൾ ഇനിയും സംഘടിപ്പിക്കണമെന്നും ഇതിന് നേതൃത്വം നൽകിയ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന് അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനി തന്റെ സന്ദേശത്തിൽ പറഞ്ഞു. ഇതിൽ പങ്കെടുത്തവർക്ക് ഇതൊരു വലിയൊരു അനുഭവമായിട്ടുണ്ടാകുമെന്ന് പിതാവ് പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന പ്രവാസി മലയാളികൾക്കിടയിൽ പാലങ്ങൾ പണിതു. അവരിൽ കൂട്ടായ്മയുണ്ടാക്കി മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുന്ന വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയണിന്റെ ഈ മഹത്തായ മത സൗഹൃദ സംഗമ സമ്മേളനത്തിൽ പങ്കെടുക്കുവാനായി തന്നെ ക്ഷണിച്ചതു വലിയൊരു അംഗീകാരമായി കാണുന്നുവെന്നും അതിന് കൃതജ്ഞത പ്രകടിപ്പിക്കുന്നുവെന്നു പറഞ്ഞു കൊണ്ടാണ് പാണക്കാട് സെയ്ദ് മുനവ്വറലി ശിഹാബ് തങ്ങൾ തന്റെ പ്രഭാഷണം ആരംഭിച്ചത്. വേൾഡ് മലയാളി കൗൺസിൽ ചെയ്തു കൊണ്ടിരിക്കുന്ന സേവനങ്ങളെ പ്രശംസിച്ച അദ്ദേഹം പതിനെട്ടുവർഷമായി വധശിക്ഷ വിധിച്ചു ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുൾ റാഹിമിന്റെ മോചനത്തിനായി പ്രവാസി മലയാളികൾ മുപ്പത്തിനാലു കോടി രൂപ സമാഹരിച്ചതായി അറിയിച്ചു. ലോകത്തിന്റെ ഏതു കോണിലായാലും മലയാളി എന്ന വികാരം അവരെ ഒരുമിപ്പിക്കുന്നുവെന്നും തങ്ങളുടെ തനതായ സംസ്കാരത്തിൽ അഭിമാനം കൊള്ളുന്നവരുമാണ് മലയാളികൾ എന്നും അദ്ദേഹം പറഞ്ഞു. ഇതര മതസ്ഥരാണെങ്കിലും മലയാളികൾ എല്ലാ കാലത്തും കണക്ക് സൂക്ഷിച്ചുകൊണ്ടിരിക്കുന്ന സഹവർത്തിത്വം ലോകത്തിനു മുന്നിൽ നമുക്ക് മതിപ്പുണ്ടാക്കിയിട്ടുണ്ട്.

നമ്മുടെ വിശ്വാസങ്ങൾ നമ്മുടെ മനസിനെയും ശരീരത്തെയും സംസ്കരിച്ചെടുക്കുവാനുള്ളതായി കണ്ടുകൊണ്ട് ഈസ്റ്റർ, ഈദ്, വിഷു, ഓണം തുടങ്ങിയ ആഘോഷങ്ങൾ നമുക്ക് ഒരുമിച്ചു ആഘോഷിക്കുവാൻ കഴിയുന്നതാണ് നമ്മുടെ പ്രത്യേകതയെന്നും അദ്ദേഹം ലോകപ്രശസ്തയായ ഫ്രഞ്ച് സാഹിത്യകാരി ഡൊമിനിക്ക പിലാക്ക തന്റെ പുസ്തകത്തിൽ കേരളത്തെപ്പറ്റി എഴുതിയ വരികൾ ഉച്ചരിച്ചു കൊണ്ട് പറഞ്ഞു. വിവിധ മതത്തിൽ വിശ്വസിക്കുന്ന നമ്മൾ ഒരു വലിയ മാലയിൽ കോർത്തിണക്കിയ മുത്തുമണികളെപോലെയാണെന്നും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ സൂചിപ്പിച്ചു. വിശ്വാസങ്ങൾക്കുപരിയായി സ്നേഹത്തിന്റെ കടതുറന്നു സാഹോദര്യത്തെയാണ് നാം സൃഷ്ടിച്ചെടുക്കേണ്ടതെന്നും തന്റെ പിതാവ് ഉൾപ്പെടെ ശ്രീനാരായണ ഗുരു, ശ്രീകരുണാകര വിശ്വസ്വാമിനി തുടങ്ങിയവർ അതാണ് നമ്മെ കാണിച്ചു തന്നതെന്നും അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള സഹവർത്തിത്വമാണ് നമ്മുടേതെന്നും നൂറ്റാണ്ടുകൾക്കു മുൻപ് കേരളത്തിലേക്കു വന്ന മുസ്ലീമുകളേയും ക്രിസ്ത്യാനികളേയും സ്വീകരിച്ചത് ഹിന്ദു വിശ്വാസികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പ് റീജിയൻ ഒരുക്കിയ ഈ മത സൗഹൃദ കൂട്ടായ്മ ഈ കാലഘട്ടത്തിന്റെ ചരിത്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

world-malayali-council-europe-region-organized-a-religious-meeting3

മതസൗഹൃദത്തിന്റെ പര്യായമായി ഭാരതം ലോകത്തിനു മുന്നിൽ നിൽക്കുന്നുണ്ടെങ്കിലും അടുത്തകാലത്ത് ഉടലെടുക്കുന്ന ചില അസ്വാരസ്യങ്ങൾ പ്രത്യേകിച്ചു തെരഞ്ഞെടുപ്പു കാലങ്ങളിൽ കാണപ്പെടുന്നത്. നമ്മെ എല്ലാവരെയും അസ്വസ്ഥരാക്കുന്നുണ്ടെന്ന് സ്വാമി ഗുരുരത്ന ജ്ഞാനതപസി തന്റെ പ്രഭാഷണത്തിൽ സൂചിപ്പിച്ചു. കേരളത്തിലെ പൊതുസമൂഹത്തിൽ, അനാരോഗ്യകരമായ മതസ്പർദ്ധ വളർത്തുവാൻ ചില തൽപരകക്ഷികൾ ശ്രമിക്കുന്നുണ്ടെന്നു അവരാണ് അമ്പലത്തിന്റെ മുന്നിൽ ചെന്നു പ്രദക്ഷിണം നടത്തുന്നതും, ബാങ്കുവിളികളുടെ സമയത്ത് രാമ കീർത്തനം ആലപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ രാജ്യങ്ങളിലും ന്യൂനപക്ഷമായി കഴിയുന്ന വിഭാഗങ്ങളെ അവർ ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യാനി ആയാലും മറ്റു ഏതു മതസ്ഥരായാലും അവരെ ആ രാജ്യത്തിന്റെ ഭാഗമായി മാറ്റുവാനുള്ള ശുഷ്കാന്തിയും നിഷ്കർഷതയും കാണിക്കേണ്ടത് മതത്തിന്റെയോ ആത്മീയതയുടെയോ മുന്നിൽ നിൽക്കുന്നവർ മാത്രമല്ല അതാത് രാജ്യങ്ങളിലെ ഭരണാധികളാണ്. ഒട്ടേറെ വൈവിധ്യങ്ങളുള്ള ഇന്ത്യൻ ജനതയുടെ ഇടയിൽ മതസ്പർധ വളർത്താതെ, ഏകോദര സഹോദരങ്ങളെ പോലെ കഴിയുവാനുള്ള സാഹചര്യം നാം സൃഷ്ടിച്ചെടുക്കണം. അങ്ങനെയൊരു ചിന്ത ജനങ്ങളിൽ വളർത്തിയെടുക്കണം.

ലോകത്തിലെ എല്ലാ തലങ്ങളിലുമുള്ള മലയാളികളെ ഏകോതര സഹോദരങ്ങളെപ്പോലെ കോർത്തിണക്കുന്ന കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന വേൾഡ് മലയാളി കൗൺസിൽ എന്ന ഈ മഹാപ്രസ്ഥാനം ഒരുക്കിയ മതസൗഹൃദ കൂട്ടായ്മയിൽ പങ്കെടുക്കുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇത്തരം പ്ളാറ്റ് ഫോമിലൂടെ പ്രവാസി മലയാളികൾ മത സ്പർദ്ധ വളർത്തുന്ന അനാരോഗ്യകരമായ പ്രവണതകളെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ തെരഞ്ഞെടുപ്പു കഴിഞ്ഞതിന്റെ പിറ്റേന്നു തന്നെ ഇത്തരത്തിലുള്ള മത സൗഹൃദകൂട്ടായ്മ ഒരുക്കുവാൻ മുന്നിട്ടു വന്ന വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന് സ്വാമി ഗുരുരത്ന ജ്ഞാന തപസി അഭിനന്ദനങ്ങൾ നേർന്നു.

world-malayali-council-europe-region-organized-a-religious-meeting4

വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ ചെയർമാൻ ഗോപാലപിള്ള, ജനറൽ സെക്രട്ടറി പിന്റോ കന്നമ്പള്ളി, വൈസ് ചെയർപേഴ്സൻ മേഴ്സി തടത്തിൽ, വൈസ് പ്രസിഡന്റ് തോമസ് അറമ്പൻകുടി, യൂറോപ്പ് റീജിയൻ ജനറൽ സെക്രട്ടറി ബാബു തോട്ടപ്പിള്ളി, അമേരിക്കൻ റീജിയൻ പ്രസിഡന്റ് ജോൺസൻ തലശല്ലൂർ, ഇന്ത്യാ റീജിയൻ ജനറൽ സെക്രട്ടറി ഡോ. അജി അബ്ദുള്ള, എൻആർകെ പ്രസിഡന്റ് അബ്ദുൾ ഹാക്കിം, ജർമൻ പ്രൊവിൻസ് പ്രസിഡന്റ് ജോസ് കുമ്പിളുവേലിൽ, ഐർലണ്ട് പ്രൊവിൻസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, യുകെ നോർത്ത് വെസ്റ്റ് പ്രൊവിൻസ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ്, ഗ്ലോബൽ ആർട്സ് ആന്റ് കൾച്ചറൽ ഫോറം പ്രസിഡന്റ് ചെറിയാൻ ടി കീക്കാട്, ദുബായ് പ്രൊവിൻസ് ചെയർമാൻ കെ. എ. പോൾസൻ, ജർമൻ പ്രൊവിൻസ് എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പർ പ്രൊഫസർ ഡോ. അന്നക്കുട്ടി ഫിൻഡെ, പ്രസിധ സാഹിത്യകാരനും സാംസ്കാരിക നായകനുമായ കാരുർ സോമൻ തുടങ്ങിയവർ മതസൗഹൃദ സന്ദേശം നൽകി.

അമേരിക്കൻ റീജിയണിൽ നിന്നുള്ള തിരുവാതിര നൃത്തം നോർത്ത് ടെക്സാസ് പ്രൊവിൻസിൽ നിന്നുള്ള ശ്രീമതി സ്മിത ഷാൻ മാത്യു, യൂറോപ്യൻ ഗായകരായ സോബിച്ചൻ ചേന്നങ്കര, ജെയിംസ് പാത്തിക്കൻ, സിറിയക് ചെറുകാട്, ശ്രീമതി ശ്രീജ ഷിൽഡ് കാംമ്പ് തുടങ്ങിയവർ ചടുലമായ നൃത്ത ചുവടുകളിലൂടെ ശ്രുതിമധുരമായ ഗാനങ്ങളിലൂടെ ഈ മതസൗഹൃദ കൂട്ടായ്മയെ കൂടുതൽ ധന്യമാക്കി. വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ വൈസ് ചെയർമാനും കലാസാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ശ്രീ. ഗ്രിഗറി മേടിയലും മികച്ച പ്രാസംഗികയും നർത്തകിയും ഇംഗ്ലണ്ടിലെ വിദ്യാർത്ഥിനിയുമായ അന്ന ടോമും ചേർന്നാണ് ഈ കലാസാംസ്കാരിക വേദി മോഡറേഷൻ ചെയ്തത്. കമ്പ്യൂട്ടർ എൻജിനീയറായ നിതീഷ് ഡേവീസ് ആണ് ടെക്നിക്കൽ സപ്പോർട്ട് നൽകിയത്.

വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ വൈസ് പ്രസിഡന്റ് കണ്ണു ബെക്കർ, ഗ്ളോബൽ ട്രഷറർ സാം ഡേവീഡ് മാത്യു, ടൂറിസം ഫോറം പ്രസിഡന്റ് തോമസ് കണ്ണങ്കേരിൽ, ജർമൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി ചിനു പടയാട്ടിൽ, പ്രസിദ്ധ ഫോട്ടോഗ്രാഫറും, ജർമൻ പ്രൊവിൻസ് എക്സിക്യൂട്ടീവ് മെമ്പറുമായ ജോൺ മാത്യു, യൂറോപ്പ് റീജിയൻ വൈസ് പ്രസിഡന്റ് രാജു കുന്നക്കാട്ട്, ട്രഷറർ ഷൈബു ജോസഫ്, പ്രസിദ്ധ എഴുത്തുകാരനും, മനഃശാസ്ത്ര വിദഗ്ധനുമായ ഡോ. ജോർജ് കാളിയാടൻ തുടങ്ങിയവർ ഈ മതസൗഹൃദ കൂട്ടായ്മയിൽ സജീവമായി പങ്കെടുത്തു. വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ വൈസ് ചെയർമാ്‍ ഗ്രിഗറി മേടയിൽ കൃതജ്ഞത പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾക്കായി എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കുന്ന ഈ കലാസാംസ്കാരിക വേദിയുടെ അടുത്ത സമ്മേളനം മെയ് 25–ാം തീയതി ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് (UK Time) വെർ‍‍ച്ചൽ പ്ളാറ്റ് ഫോമിലൂടെ നടക്കുന്നതാണ്. ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നു കൊണ്ടു തന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി നടത്തുന്ന ഈ കലാസാംസ്കാരിക വേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച് സംവദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്. എല്ലാ പ്രവാസി മലയാളികളെയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു.

English Summary:

World Malayali Council Europe Region Organized a Religious Meeting for the Expatriate Malayalis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com