ADVERTISEMENT

ലണ്ടൻ∙ ഡ്രൈവിങ് ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്കകം മലയാളി വിദ്യാർഥി ഓടിച്ച വാഹനം ഇടിച്ച് കാല്‍നടയാത്രക്കാരൻ മരിച്ച സംഭവത്തിൽ വിദ്യാർഥിക്ക് ജയിൽ ശിക്ഷ. യുകെയിൽ  സീബ്രാലൈനിലൂടെ സഞ്ചരിക്കുകയായിരുന്ന  വോക്കിങ് യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗം മേധാവിയായിരുന്ന ആന്‍ഡ്രൂ ഫോറെസ്റ്റിനെ (75) ഷാരോൺ ഏബ്രഹാം (27) ഓടിച്ച വാഹനമാണ് ഇടിച്ചത്.  ആറ് വര്‍ഷത്തെ തടവിനും എട്ട് വര്‍ഷത്തേക്ക് വാഹനമോടിക്കുന്നതില്‍ നിന്ന് വിലക്കുമാണ് ലൂയിസ് ക്രൗണ്‍ കോടതി ഷാരോണിന് വിധിച്ചത്. 2023 ജൂലൈ 26 ന് ഈസ്റ്റ്ബോണിലെ അപ്പര്‍ടണ്‍ റോഡ് മുറിച്ചു കടക്കുമ്പോൾ ഷാരോണ്‍ ഓടിച്ചിരുന്ന കാർ ഇടിച്ചാണ് ആന്‍ഡ്രൂ മരിച്ചത്. 

അപകട സമയത്ത് കാറിന്റെ വേഗത മണിക്കൂറിൽ 52 മൈല്‍ (83.6 കിലോമീറ്റര്‍) ആയിരുന്നു. സംഭവശേഷം  സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഷാരോണ്‍ വാഹനത്തിന്റെ കേടുപാടുകള്‍ മറയ്ക്കാന്‍ കാറിന് ഒരു കവര്‍ വാങ്ങി ഇട്ടു.   9 വര്‍ഷം തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കേസിൽ ഷാരോണ്‍ കുറ്റസമ്മതം നടത്തിയതിനാല്‍ ശിക്ഷയുടെ കാലാവധി 6 വര്‍ഷമായി കുറയുകയായിരുന്നു. 8 വർഷത്തെ ഡ്രൈവിങ് വിലക്കിന് ശേഷം ഷാരോണ്‍ ഏബ്രഹാമിന് വീണ്ടും ഡ്രൈവ് ചെയ്യുന്നതിന് മുൻപ് ഒരു വിപുലമായ റീ-ടെസ്റ്റ് നടത്തേണ്ടി വരും. അപകടം നടന്ന് 16 മണിക്കൂറിന് ശേഷമാണ് ഷാരോണ്‍ ഏബ്രഹാമിനെ പിടികൂടിയത്. യുകെയിലെ ഡ്രൈവിങ് ടെസ്റ്റ്‌ ഷാരോൺ പാസായ ദിവസം വൈകിട്ട് ഏകദേശം 7.45 ന്  ആയിരുന്നു അപകടം സംഭവിച്ചത്. 

അപകടത്തിന് ശേഷം ഷാരോണ്‍ എബ്രഹാം തന്റെ മൊബൈല്‍ ഫോണില്‍ 'ഹിറ്റ് ആന്‍ഡ് റണ്‍ കൊളിഷന്‍ യുകെ നിയമം' തിരഞ്ഞതായി സസക്സ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഏപ്രില്‍ 25 ന് ലൂയിസ് ക്രൗണ്‍ കോടതിയില്‍, അപകടകരമായ തന്റെ ഡ്രൈവിങ് ഒരാളുടെ മരണ കാരണമായെന്ന് ഷാരോണ്‍ ഏബ്രഹാം സമ്മതിച്ചു.  സിസിടിവി ദൃശ്യങ്ങൾ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ച സീരിയസ് കൊളിഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെയും റോഡ്സ് പൊലീസിങ് യൂണിറ്റിലെയും ഉദ്യോഗസ്ഥര്‍ 16 മണിക്കൂറുകള്‍ക്കകം ഷാരോണിനെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ താന്‍ അമിത വേഗതയില്‍ വാഹനമോടിച്ചിട്ടില്ലെന്നും അപകടം തന്റെ തെറ്റല്ലെന്ന് ഉറപ്പുണ്ടെന്നും ഷാരോൺ അവകാശപ്പെട്ടിരുന്നു. 

എന്നാല്‍ മണിക്കൂറിൽ 30 മൈൽ വേഗതയിൽ മാത്രം വാഹനങ്ങൾ ഡ്രൈവ് ചെയ്യേണ്ട സോണില്‍ 45 മൈലിനും 52 മൈലിനും ഇടയില്‍ ഷാരോൻ ഡ്രൈവ് ചെയ്തതായി പൊലീസ് കണ്ടെത്തി. ഷാരോണ്‍ ഏബ്രഹാം നിര്‍ദ്ദിഷ്ട വേഗപരിധിയിലായിരുന്നെങ്കില്‍ കൂട്ടിയിടി ഉണ്ടാകുമായിരുന്നില്ലന്നും പൊലീസ് അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. നിലവിലുള്ള റോഡിനും കാലാവസ്ഥയ്ക്കും വളരെ അനുചിതമായ വേഗതയിലും ശ്രദ്ധക്കുറവോടെയുമാണ് പ്രതി വാഹനമോടിച്ചതെന്നും അവസാനത്തെ ഒന്നോ രണ്ടോ സെക്കന്‍ഡില്‍ മാത്രമാണ് ബ്രേക്ക് ഇട്ടതെന്നും ജഡ്ജി ക്രിസ്റ്റീന്‍ ലെയിംഗ് കെസി പറഞ്ഞു.

English Summary:

Malayalee Student Driver Jailed after his Car Hits Elderly Man and Kills him at Zebra Crossing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com