ADVERTISEMENT

ലണ്ടൻ ∙ തിരിച്ചറിയൽ രേഖയില്ലാതെ വോട്ടുചെയ്യാനെത്തിയ മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ തിരിച്ചയച്ച് പോളിങ് ഓഫിസർ. ഇന്നലെ രാവിലെ സ്വന്തം മണ്ഡലമായിരുന്ന അക്സ്ബ്രിഡ്ജിലെ സൗത്ത് ഓക്സ്ഫോർഡ്ഷെയർ കൗൺസിൽ തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്താനായെത്തിയ മുൻ പ്രധാനമന്ത്രിയ്ക്കാണ് നിയമം മുറുകെപിടിച്ച പോളിങ് ഓഫിസർക്കു മുന്നിൽ ക്ഷമ പറഞ്ഞ് മടങ്ങിപോകേണ്ടി വന്നത്. പിന്നീട് തിരിച്ചറിയൽ രേഖയുമായി മടങ്ങിയെത്തി ബോറിസ് വോട്ടു ചെയ്തു.

പോളിങ് സ്റ്റേഷനിൽ നേരിട്ടെത്തി വോട്ടുചെയ്യുന്നവർ നിർബന്ധമായും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ ഹാജരാക്കിയിരിക്കണമെന്ന പുതിയ ഇലക്ഷൻ ആക്ട് പാസാക്കിയത് 2022ലെ ബോറിസ് സർക്കാരാണ്. പാസ്പോർട്ട്, ബി.ആർ.പി. കാർഡ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങി 22 തരം തിരിച്ചറിയൽ രേഖകളാണ് ഇതിനായി ഉപയോഗിക്കാവുന്നത്. ലോകമറിയുന്ന ആളായിട്ടും നിയമത്തിൽ ഇളവു നൽകാൻ ഉദ്യോഗസ്ഥൻ തയാറായില്ല. ഇളവിനായി തർക്കിക്കാൻ ബോറിസും മുതിർന്നില്ല. ഏതാനും മാസം മുൻപ് നിലവിലെ പ്രധാനമന്ത്രി സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിന്‍റെ പിൻസീറ്റിൽ യാത്രചെയ്തതിന് പിടിയിലായി പിഴയടച്ച സംഭവം ഉണ്ടായി. 

സംഭവത്തെക്കുറിച്ച് കൂടുതൽ വിശദീകരണം നൽകാൻ ബോറിസിന്‍റെ വക്താവ് തയാറായില്ല. ബോറിസ് കൺസർവേറ്റീവിന് വോട്ടുചെയ്തു എന്നു മാത്രമാണ് ഇതേക്കുറിച്ച് അദ്ദേഹത്തിന്‍റെ ഓഫിസിന്‍റെ ഔദ്യോഗിക പ്രതികരണം, ബോറിസിനെപ്പോലെ തന്നെ മറ്റൊരു കൺസർവേറ്റീവ് എംപി ടോം ഹണ്ടും സമാനമായ രീതിയിൽ തിരിച്ചറിയൽ രേഖ മറന്ന് പോളിങ് ബൂത്തിലെത്തി. ഇദ്ദേഹം പിന്നീട് തനിയ്ക്കായി വോട്ടുചെയ്യാൻ മറ്റൊരാളെ ചുമതലപ്പെടുത്തി (പ്രോക്സി വോട്ട്) മടങ്ങി. ഇംഗ്ലണ്ടിലെയും വെയിൽസിലെയും 107 ലോക്കൽ അതോറിറ്റികളിലേക്കാണ് ഇന്നലെ  തിരഞ്ഞെടുപ്പ് നടന്നത്. ഇന്ന് ഉച്ചമുതൽ വോട്ടെടുപ്പിന്‍റെ ഫലങ്ങൾ അറിയാം. പല സ്ഥലങ്ങളിലെയും പൊലീസ് ആൻഡ് ക്രൈം കമ്മിഷണർമാരുടെ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു. പൊതു തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള ഈ പ്രാദേശിക തിരഞ്ഞെടുപ്പിനെ ജനറൽ ഇലക്ഷന്‍റെ സെമി ഫൈനലായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

പ്രാദേശിക തിരഞ്ഞെടുപ്പിൽ ഏറെ വാർത്താപ്രാധാന്യം നേടുന്നത് ലണ്ടൻ മേയറുടെ ഇലക്ഷനാണ്. മൂന്നാം വട്ടവും സാദിഖ് ഖാൻ തന്നെ മേയറാകുമോ എന്നറിയാനാണ് ഏവരുടെയും ആകാംഷ. ലണ്ടനു പുറമെ മറ്റ് പത്ത് പ്രധാന നഗരങ്ങളുടെ മേയർമാരെയും ഇന്നറിയാം. കൺസർവേറ്റീവ് എംപി സ്കോട്ട് ബെന്റൺ രാജിവച്ച ഒഴിവിൽ ബ്ലാക്ക്പൂൾ സൗത്ത് മണ്ഡലത്തിൽ പാർലമന്‍റ് ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്. 37 പൊലീസ് ആൻഡ് ക്രൈം കമ്മിഷണർമാരെയാണ് ജനം വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. സ്കോട്ട്ലൻഡിലും നോർതേൺ അയർലൻഡിലും ഇപ്പോൾ ഇലക്ഷനില്ല, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആകെ 989 സീറ്റുകൾ നേടിയ കൺസർവേറ്റീവ് പാർട്ടിയ്ക്കായിരുന്നു നേട്ടം. ലേബറിന് ലഭിച്ചത് 973 സീറ്റുകളാണ്. ലിബറൽ ഡെമോക്രാറ്റ്- 418, സ്വതന്ത്രർ-135, ഗ്രീൻ പാർട്ടി-107, റസിഡന്‍റ്സ് അസോസിയേഷനുകൾ -37 എന്നിങ്ങനെയായിരുന്നു മറ്റ് സീറ്റു നില.

English Summary:

Boris Johnson Turned Away From Polling Station After Forgetting ID

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com