ADVERTISEMENT

അബുദാബി ∙ ഇസ്രയേൽ പ്രതിപക്ഷ നേതാവ് യായിർ ലാപിഡും യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ചർച്ച നടത്തി. ഗാസയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് ഷെയ്ഖ് അബ്ദുല്ല ആവശ്യപ്പെട്ടു. പലസ്തീൻ രാഷ്ട്രം യാഥാർഥ്യമാക്കുക എന്നതാണ് ശാശ്വതമായ പരിഹാരമെന്ന് ഷെയ്ഖ് അബ്ദുല്ല ആവർത്തിച്ചു. ഇതുസംബന്ധിച്ചുള്ള ചർച്ചകൾക്കാണ് ഊന്നൽ നൽകേണ്ടതെന്നും പറഞ്ഞു.

അക്രമങ്ങളും സംഘർഷങ്ങളും നിർത്തേണ്ട സമയം അതിക്രമിച്ചു. സിവിലിയൻമാരുടെ ജീവൻ രക്ഷിക്കാനും തടസ്സമില്ലാതെ ദുരിതാശ്വാസ സഹായം എത്തിക്കാനും അതിനുള്ള സാഹചര്യം ഒരുക്കാനും അടിയന്തര ഇടപെടൽ വേണമെന്നും പറഞ്ഞു. ഒക്‌ടോബർ ഏഴിനു 1,200 പേരുടെ മരണത്തിനിടയാക്കിയ ഹമാസ് ആക്രമണത്തിന് ശേഷം ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിൽ ഏകദേശം 35,000 പലസ്തീൻ സ്വദേശികൾ മരിച്ചു. 77,700ലേറെ പേർക്കു പരുക്കേറ്റു.

പിരിമുറുക്കവും അക്രമവും അവസാനിപ്പിക്കുക, സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കുക, ഗാസ മുനമ്പിലെ സാധാരണക്കാർക്ക് അടിയന്തര മാനുഷിക സഹായം എത്തിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തുക എന്നിവയ്ക്കാണ് മുൻഗണന നൽകേണ്ടതെന്നും സൂചിപ്പിച്ചു. പ്രാദേശിക, രാജ്യാന്തര വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. യുഎഇ ഇതുവരെ 220 ചരക്ക് വിമാനങ്ങളും 3 കപ്പലുകളിലുമായി 22,436 ടണ്ണിലധികം ദുരിതാശ്വാസ വസ്തുക്കൾ പലസ്തീൻ ജനതയ്ക്ക് എത്തിച്ചിരുന്നു. ഈജിപ്ഷ്യൻ നഗരമായ അൽ അറിഷിൽ എത്തിച്ച് ലോറികളിൽ റഫ അതിർത്തി വഴി ഗാസയിൽ എത്തിച്ചാണ് വിതരണം ചെയ്യുന്നത്. 

English Summary:

Yair Lapid - Sheikh Abdullah bin Zayed Al Nahyan held discussion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com