ADVERTISEMENT

ഷാർജ ∙ പ്രകൃതി വിഭവങ്ങളും ചരിത്ര പൈതൃകങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി മലീഹ മരൂഭൂമിയെ മലീഹ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചു. ഇതോടെ ദേശീയ ഉദ്യാനം വിനോദ സഞ്ചാര കേന്ദ്രമാകും. രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പ്രകൃതിവിഭവങ്ങളുമെല്ലാം സുസ്ഥിര മാതൃകകളിലൂടെ വരുംതലമുറകൾക്കായി കരുതിവയ്ക്കാനുള്ള ഷാർജയുടെ ശ്രമങ്ങളുടെ തുടർച്ചയാണ് മലീഹ നാഷനൽ പാർക്ക് എന്ന് ഷാർജ നിക്ഷേപവികസന അതോറിറ്റി (ഷുറൂഖ്) അധ്യക്ഷ ഷെയ്ഖ ബൂദൂർ അൽ ഖാസിമി പറഞ്ഞു. 

മലീഹ നാഷനൽ പാർക്ക്. Credit: Shurooq
മലീഹ നാഷനൽ പാർക്ക്. Credit: Shurooq

ഷുറൂഖിന്റെ മേൽനോട്ടത്തിലാവും പുതിയ ദേശീയോദ്യാനത്തിന്റെ പ്രവർത്തനം. 34 ചതുരശ്ര കിലോമീറ്ററാണ്  ഉദ്യാനത്തിന്റെ വിസ്തൃതി. 

പുരാവസ്തു​ഗവേഷകരുടെ നേതൃത്വത്തിൽ ആഫ്രിക്കയ്ക്ക് പുറത്തുള്ള ആദ്യ മനുഷ്യവാസത്തിന്റെ തെളിവുകൾ ഈ മേഖലയിൽ നിന്നു ഖനനം ചെയ്തെടുത്തിരുന്നു. രണ്ട് ലക്ഷം വർഷം പഴക്കമുള്ള, ആദ്യകാല മനുഷ്യകുടിയേറ്റത്തിന്റെ തെളിവുകളാണ് ഇവിടെ കണ്ടെത്തിയത്.  

മലീഹ നാഷനൽ പാർക്ക്. Credit: Shurooq
മലീഹ നാഷനൽ പാർക്ക്. Credit: Shurooq

മേഖലയിലെ ഏറ്റവും പുരാതനമായ ചരിത്രസ്മാരകവും നരവംശശാസ്ത്രത്തിന്റെ ശേഷിപ്പുകളും കണ്ടെത്തിയ മലീഹ, യുനെസ്കോയുടെ പൈതൃകപട്ടികയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. 

∙ നിർമാണപ്രവർത്തനം ഈ വർഷം പൂർത്തിയാക്കും
സംരക്ഷണമേഖലയുടെ വേലിയടക്കമുള്ള നിർമാണപ്രവർത്തനം ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കും.  വന്യജീവികളെയും സസ്യജാലങ്ങളെയും പൂർണമായി സംരക്ഷിക്കാനുള്ള ‘കോർ കൺസർവേഷൻ സോൺ’, പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധമുള്ള വിനോദസഞ്ചാര പ്രവൃത്തികളും താമസ സൗകര്യങ്ങളുമുള്ള ‘ഇക്കോ ടൂറിസം സോൺ’, സംരക്ഷണത്തിന്റെയും സുസ്ഥിര മാതൃകകളുടെയും സമ്മേളനമായ ‘ഡ്യൂൺസ് സോൺ’ എന്നിങ്ങനെ മൂന്ന് വിഭാ​ഗങ്ങളിലായാണ് മലീഹ നാഷനൽ പാർക്ക് രൂപകൽപന ചെയുന്നത്.

∙ സംരക്ഷിത മേഖലയിൽ നിയന്ത്രണങ്ങൾ
ദേശീയോദ്യാനമാകുന്നതോടെ മലീഹ മരുഭൂമിയിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടാവും. മൃ​ഗവേട്ട, ​വാഹനങ്ങളുടെ ഉപയോ​ഗം, പ്രദേശത്ത് നിന്ന് ജൈവ ഉൽപന്ന ശേഖരം, സ്വാഭാവിക പ്രകൃതി കാഴ്ചകളിൽ മാറ്റം വരുത്തുന്നത്,  സസ്യജാലങ്ങളുടെയോ വന്യജീവികളുടെയോ ആവാസ വ്യവസ്ഥയിലേക്ക് കടന്നുകയറുന്നത്, വൃക്ഷങ്ങളോ തൈകളോ പറിക്കുന്നത്, മണ്ണോ ജലമോ വായുവോ മലിനമാക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം നിയമനടപടി നേരിടേണ്ടിവരും.

മലീഹ നാഷനൽ പാർക്ക്. Credit: Shurooq
മലീഹ നാഷനൽ പാർക്ക്. Credit: Shurooq

പ്രകൃതിക്ക് കോട്ടം തട്ടുന്ന ക്യാംപിങ് അടക്കമുള്ളവ നിയന്ത്രിക്കും. നടത്തിപ്പിന്റെ ചുമതലയുള്ള സർക്കാർ അതോറിറ്റി നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസൃതമായി മാത്രമേ മലീഹ നാഷനൽ പാർക്ക് പരിധിയിൽ എല്ലാത്തരം വിനോദപരിപാടികളും അനുവദിക്കൂ.  നിലവിൽ മലീഹയിൽ പ്രവർത്തിക്കുന്ന ആർക്കിയോളജിക്കൽ സെന്റർ, മൂൺ റിട്രീറ്റ്, അൽ ഫായ റിട്രീറ്റ്, സ്കൈ അഡ്വഞ്ചേഴ്സ്, ഗ്ലാംപിങ് ഏരിയ, മലീഹ ക്യാംപിങ് സൈറ്റ് എന്നിവയടക്കമുള്ള വിനോദകേന്ദ്രങ്ങൾ നാഷനൽ പാർക്കിന്റെ ഭാ​ഗമായി തുടരും. അതിഥികൾക്കും സഞ്ചാരികൾക്കും പ്രകൃതിയോടിണങ്ങി സാഹസിക അനുഭവങ്ങളും ചരിത്രകാഴ്ചകളും അടുത്തറിയാനുള്ള അവസരവും പാർക്കിലുണ്ടാവും.

English Summary:

Mleiha Desert will be Converted into a Protected National Park Called 'Mleiha National Park'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com