ADVERTISEMENT

അബുദാബി ∙ കാറ്റും കോരിച്ചൊരിയുന്ന മഴയുമാണ് വ്യാഴാഴ്ച രാവിലെ ജനങ്ങളെ ഉണർത്തിയതെങ്കിലും ആശങ്ക കാറ്റിൽ പറത്തി മഴ ഒമാനലേക്ക് പോയി. അബുദാബിയിൽ പുലർച്ചെ ഒന്നരയോടെയും ദുബായിൽ രണ്ടരയോടെയുമാണ് കാറ്റും മഴയും എത്തിയത്. ഏതാനും മരങ്ങൾ കടപുഴകി. വീടുകൾക്കു മുകളിലെയും പാർക്കിങ്ങിലെയും ഷീറ്റുകളും ചെടിച്ചട്ടികളും റോഡിലെയും നിർമാണ കെട്ടിടങ്ങളിലെയും ബാരിക്കേഡുകളും പറന്നുപോയി. പുലർച്ചെ മുതൽ ഉച്ചവരെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തെങ്കിലും വെള്ളക്കെട്ട് രൂക്ഷമായില്ല. ഗതാഗതം മന്ദഗതിയിലായെങ്കിലും കാര്യമായ പ്രശ്നങ്ങൾ ഉണ്ടായില്ല. 

യുഎഇയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ദുബായിലും അബുദാബിയിലുമാണ്. ദുബായിൽ ഉച്ചവരെ പെയ്ത മഴ വൈകിട്ടോടെ ശാന്തമായി. അബുദാബിയിൽ രാവിലെ 10 മണിയോടെ മഴ മാറി. ഉച്ചവരെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നെങ്കിലും വൈകിട്ടോടെ ആകാശം തെളിഞ്ഞു. ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിലും മഴ കാര്യമായ പ്രശ്നം ഉണ്ടാക്കിയില്ല. ഫുജൈറയിലും റാസൽഖൈമയിലും ബുധനാഴ്ച രാത്രി തുടങ്ങിയ മഴയുടെ ശക്തി രാവിലെയോടെ കുറഞ്ഞു. 

ഷാർജയിലെ വ്യവസായ മേഖലയിലേക്കുള്ള പ്രധാന റോഡുകളിലൊന്നായ മാസ ഇന്റർസെക്ഷനിൽ വെള്ളക്കെട്ട് രൂക്ഷമായപ്പോൾ. ചിത്രം: ദെയ്പയാൻ അധികാരി, വെസ്റ്റ് ബംഗാൾ
ഷാർജയിലെ വ്യവസായ മേഖലയിലേക്കുള്ള പ്രധാന റോഡുകളിലൊന്നായ മാസ ഇന്റർസെക്ഷനിൽ വെള്ളക്കെട്ട് രൂക്ഷമായപ്പോൾ. ചിത്രം: ദെയ്പയാൻ അധികാരി, വെസ്റ്റ് ബംഗാൾ

ഉച്ചയോടെ മഴ മാറി. അൽഐനിൽ രാത്രി മുതൽ ഉച്ചവരെ നേരിയ മഴയുണ്ടായി. പ്രളയത്തെ തുടർന്ന് ഓവുചാലുകളെല്ലാം വൃത്തിയാക്കിയിരുന്നതിനാൽ മിക്കയിടങ്ങളിലെയും വെള്ളം പെട്ടെന്ന് ഒഴുകിപ്പോയി. ജീവനക്കാർക്ക് വിദൂര ജോലി നൽകിയതും റോഡിലെ തിരക്കു കുറച്ചു. മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ അത്യാവശ്യക്കാർ മാത്രമാണ് പുറത്തിറങ്ങിയത്. ദുബായിൽനിന്നുള്ള ചില ഇന്റർസിറ്റി ബസ് സർവീസുകളും താൽക്കാലികമായി റദ്ദാക്കിയിരുന്നു.

മഴ മൂലം ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ ഇടയുള്ളതിനാൽ വിമാനത്താവളത്തിലേക്കു നേരത്തെ പുറപ്പെടണമെന്നും അധികൃതർ അറിയിച്ചിരുന്നു. ടെർമിനൽ 1, 3 വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ ദുബായ് മെട്രോ ഉപയോഗിക്കുന്നതാണ് ഉചിതമെന്നും അറിയിച്ചിരുന്നു. മഴയെ തുടർന്ന് മെട്രോ സമയം ദീർഘിപ്പിച്ചതും ജനങ്ങൾക്ക് ആശ്വാസമായി. ഇന്നലെ രാജ്യമാകെ ഉണ്ടായിരുന്ന ഓറഞ്ച് അലർട്ട് വൈകിട്ടോടെ ദുബായുടെയും അൽഐന്റെയും ചില ഭാഗങ്ങളിൽ മാത്രമാക്കി ചുരുക്കി. 

അബുദാബി മുസഫയിൽ ഇന്നലെ പെയ്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട്. ചിത്രം: മനോരമ.
അബുദാബി മുസഫയിൽ ഇന്നലെ പെയ്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട്. ചിത്രം: മനോരമ.
English Summary:

UAE Rain: Rain in Dubai and Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com