ADVERTISEMENT

ദുബായ് ∙ വീ‌ടിന് അടുത്തുള്ള പള്ളിയിൽ മകൻ പ്രാർഥനയ്ക്ക് നേതൃത്വം നൽകുന്നത് കാണുമ്പോൾ സന്തോഷം തോന്നാത്ത മാതാപിതാക്കളുണ്ടാകുമോ?. എങ്കിൽ ആ സന്തോഷം സ്വന്തമാക്കാൻ അവസരം വന്നിരിക്കുന്നു. ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌ടിവിറ്റീസ് വിഭാഗമാണ് (ഐഎസിഎഡി)  ഇത്തരമൊരു അവസരം ഒരുക്കിയിരിക്കുന്നത്.

കുട്ടികൾക്കിടയിലെ മികച്ച മുഅസിനുകളെ തിരഞ്ഞെടുത്ത് ആദരിക്കുന്നതിനുള്ള ഇമാം അല് ഫാരിജ് ക്യാംപെയ്‌ൻ വിജയിച്ചതിനെത്തുടർന്ന് ദുബായ് കിരീടാവകാശിയും ഐഎസിഎഡി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് ഇമാം അൽ ഫാരിജ് ആരംഭിച്ചത്. നഗരത്തിന്റെ സമീപപ്രദേശങ്ങളിലെ പള്ളികളിൽ പ്രാർഥനയ്ക്ക് നേതൃത്വം നൽകാനും ദുബായിലെ സമൂഹത്തിലെ അവബോധത്തിനും വിദ്യാഭ്യാസ പ്രക്രിയയ്ക്കും സംഭാവന നൽകാനും യുവാക്കളെ സജ്ജമാക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ജനറൽ അഹമ്മദ് ദാർവിഷ് അൽ മുഹൈരി പറഞ്ഞു.

16 നും 21 നും ഇടയിൽ പ്രായമുള്ള ദുബായ് യുവാക്കൾക്കായാണ് ഇമാം അൽ ഫാരിജ് രൂപകൽപന ചെയ്‌തിരിക്കുന്നത്. മതബോധത്തിന്റെ സംസ്കാരം വർധിപ്പിക്കാൻ ഇത് ലക്ഷ്യമിടുന്നു, പ്രത്യേകിച്ച് കുടുംബങ്ങൾക്കുള്ളിൽ. ദുബായിൽ നിന്നുള്ള യുവാക്കളെയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. അവരെ ഇമാം ആകാൻ പ്രാപ്തരാക്കുന്ന പരിപാടിയാണിത്.  നഗരത്തിന് ചുറ്റുമുള്ള 70 പള്ളികളിൽ 4 മാസത്തേയ്ക്ക് അവർക്ക് പരിശീലനം നൽകും.

∙ അപേക്ഷിക്കേണ്ടത് എങ്ങനെ?
താൽപര്യമുള്ള രക്ഷിതാക്കൾക്ക് മേയ് 1 മുതൽ മധ്യാഹാന (ളുഹർ) പ്രാർഥനയ്ക്ക് ശേഷം കുട്ടികളെ പള്ളിയിൽ എത്തിക്കാം. രക്ഷിതാക്കൾക്ക് അവരുടെ വീടിനോട് ഏറ്റവും അടുത്തുള്ള പള്ളി തിരഞ്ഞെടുക്കുകയും അവരുടെ കുട്ടികളുടെ വിവരങ്ങൾ പള്ളിയുടെ കസ്റ്റോഡിയനിൽ റജിസ്റ്റർ ചെയ്യാം. പങ്കെടുക്കുന്ന 70 പള്ളികളുടെ പട്ടിക അറിയാൻ IACAD-ന്റെ വെബ്സൈറ്റ് പരിശോധിക്കുക.

∙ റജിസ്ട്രേഷനുള്ള അവസാന തീയതി
ഈ മാസം 15 ആണ് റജിസ്ട്രേഷനുള്ള അവസാന തീയതി. നാല് മാസത്തെ പരിശീലനം ആഴ്ചയിൽ മൂന്ന് ദിവസം രണ്ട് പ്രായക്കാർക്കായി നടക്കും. ഇമാം അൽ ഫാരിജിൽ പങ്കെടുക്കുന്നവർ ആഴ്ചയിൽ മൂന്ന് ദിവസം നടക്കുന്ന വിദ്യാഭ്യാസ സെഷനുകൾ അടങ്ങുന്ന ഒരു കോഴ്‌സിൽ പങ്കെടുക്കണം. 16-21 വയസ് പ്രായമുള്ളവർക്കുള്ള സെഷനുകൾ എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിലും നേരിട്ടും വെള്ളിയാഴ്ചകളിൽ റിമോട്ട് വഴിയും നടക്കും. അസർ നമസ്‌കാരത്തിന് ശേഷം ആരംഭിച്ച് മഗ് രിബ് നമസ്‌കാരം വരെ നീണ്ടുനിൽക്കും. കൂടുതൽ വിവരങ്ങൾക്ക്: 800600. 

∙ മുഅസിൻ അൽ ഫാരിജ് (6-15)
6-15 വയസ്സുവരെയുള്ള സെഷനുകൾ എല്ലാ ഞായറാഴ്ചകളിലും വിദൂരമായും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ നേരിട്ടും നടക്കും. ഇമാമത്ത്, പ്രാർഥന, ഖുർആൻ മനപ്പാഠം എന്നിവയുടെ നിയമങ്ങളെക്കുറിച്ചുള്ള കർമ്മശാസ്ത്ര പരിപാടികളെക്കുറിച്ച് ഈ കോഴ്‌സിൽ പങ്കെടുക്കുന്നവർക്ക് ബോധവൽക്കരണം നൽകും. പങ്കെടുക്കുന്നവരുടെ പുരോഗതി വരുന്ന സെപ്തംബറിൽ കമ്മിറ്റികൾ വിലയിരുത്തും.

∙ ദുബായുടെ സാമൂഹിക അജണ്ട
33 ദുബായുടെ സോഷ്യൽ അജണ്ട 33 ന് അനുസൃതമായാണ് ഈ സംരംഭം ആരംഭിച്ചതെന്ന് അൽ മുഹൈരി പറഞ്ഞു. ഈ പദ്ധതിയിൽ ചേരാൻ താൽപര്യമുള്ളവരെ സ്വീകരിക്കാൻ ദുബായിലെ 70 പള്ളികളെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് മസ്ജിദ് റിലീജിയസ് സർവീസസ് ഡയറക്ടറും ഇമാം അൽ ഫാരിജ് ഇനീഷ്യേറ്റീവ് ടീമിന്റെ തലവനുമായ ഡോ.മുഹമ്മദ് സുഹൈൽ അൽ മുഹൈരി അറിയിച്ചു. പള്ളികളിലെ ഇമാമുമാർ മുഖേനയുള്ള റജിസ്‌ട്രേഷൻ, പങ്കെടുക്കുന്ന ഓരോ വ്യക്തിയുടെയും ഹാജർ 70 ശതമാനത്തിൽ കുറയാത്തതിന്റെ ആവശ്യകത എന്നിങ്ങനെയുള്ള വ്യവസ്ഥകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും പറഞ്ഞു.

English Summary:

Everything to Know About IMAM Selction Campaign in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com