ADVERTISEMENT

ദുബായ്∙ മനോരമ വാർത്ത തുണയായി, ദുബായിൽ മരിച്ച പ്രവാസി മലയാളി തൃശൂർ ഗുരുവായൂർ കാരക്കാട് വള്ളിക്കാട്ടുവളപ്പിൽ സുരേഷ് കുമാറിന്‍റെ (59) മൃതദേഹം നാളെ തിങ്കളാഴ്ച രാവിലെ നാട്ടിലേക്ക് കൊണ്ടുപോകും. 13 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് സൗദി ജർമൻ ആശുപത്രിയിൽ നിന്ന് മൃതദേഹം വിട്ടുകിട്ടിയത്. ആശുപത്രിയിൽ അടയ്ക്കേണ്ടിയിരുന്ന മുഴുവൻ തുകയും അധികൃതർ വേണ്ടെന്ന് വച്ചതോടെയാണ് ഇത് സാധ്യമായത്. മൃതദേഹം നാളെ രാവിലെ ആറ് മണിക്ക് ഷാർജ-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് ഐഎക്സിൽ കൊണ്ടുപോകും. ഇന്ന് വൈകുന്നേരം മൃതദേഹം ആശുപത്രിയിൽ നിന്ന് മുഹൈസിനയിലെ (സോണാപൂർ) മെഡിക്കൽ ഫിറ്റ്നസ് സെന്‍ററിലേക്ക് മാറ്റി. തുടർന്ന് വൈകിട്ട് എംബാമിങ് നടപടികൾ നടക്കും. ഈ നടപടികൾക്ക് സാമൂഹിക പ്രവർത്തകരായ അഷ്റഫ് താമരശ്ശേരിയും റിയാസ് കൂത്തുപറമ്പും നേതൃത്വം നൽകുന്നു.

ഏപ്രിൽ 22നാണ് സുരേഷ് കുമാർ ദുബായിലെ സൗദി ജർമൻ ഹോസ്പിറ്റലിൽ മരിച്ചത്. 4,59,000 രൂപ അടയ്ക്കാൻ ബാക്കിയുള്ളതിനാൽ ആശുപത്രിയിൽ നിന്നു മൃതദേഹം വിട്ടുകൊടുത്തില്ല. ഇതോടെ ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം നാട്ടിൽ കണ്ണീരോടെ കഴിയുകയായിരുന്നു. ഈ വാർത്ത മനോരമ റിപ്പോർട് ചെയ്തതിനെ തുടർന്ന് ദുബായിലെ ഒട്ടേറെ സാമൂഹിക പ്രവർത്തകർ വിഷയത്തിൽ ഇടപെട്ടു. സുരേഷ് കുമാർ അംഗമായിരുന്ന ദുബായ്– കേരള ടാക്സി പിക്കപ്പ് ഡ്രൈവേഴ്സ് അസോസിയേഷനാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾക്കുള്ള ചെലവ് വഹിച്ചത്. ഭാരവാഹികളായ അൻവർ അലി പട്ടേപ്പാടം, അക്ബർ പാവറട്ടി എന്നിവർ നേതൃത്വം നൽകി. സാമൂഹിക പ്രവർത്തകനായ കിരൺ രവീന്ദ്രനും സംബന്ധിച്ചു.

സുരേഷ്‌കുമാർ
സുരേഷ്‌കുമാർ

ദുബായിൽ ഡ്രൈവറായിരുന്ന സുരേഷ്കുമാർ ഏപ്രിൽ 5നാണ് പനിയെ തുടർന്നു സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തിയത്. വൈകാതെ ന്യൂമോണിയ സ്ഥിരീകരിക്കുകയും സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തു. 14 ദിവസം വെന്‍റിലേറ്ററിൽ ആയിരുന്നു. 22ന് മരിച്ചു. ആശുപത്രിയിൽ പോകുന്നതിനു മുൻപ് സുരേഷ്കുമാർ വീട്ടിലേക്ക് വിളിച്ചിരുന്നു. രണ്ടാഴ്ച കഴിഞ്ഞാൽ നാട്ടിൽ എത്തുമെന്ന് മകളോട് പറയുകയും ചെയ്തു. സുരേഷ്കുമാറിന്‍റെ ഭാര്യ സുപ്രിയ പല പ്രവാസി സംഘടനകളെയും അറിയിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. 

English Summary:

Malayali Expatriate Dies in Gulf; Body will be Brought Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com