ADVERTISEMENT

ഫുജൈറ ∙ യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴ മരുഭൂമിയെ പച്ചപ്പട്ടണിയിച്ചു. മണൽ കൂനകളിലും പർവതങ്ങളിലുമെല്ലാം ചെടികൾ വളർന്നുനിൽക്കുന്നത് യുഎഇ നിവാസികൾക്ക് പുതുമയുള്ള കാഴ്ചയായി. അതിലുപരി ഒട്ടകങ്ങൾക്കും ആടുകൾക്കും തീറ്റയും സുലഭമായി. റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലേക്ക് പോകുമ്പോഴാണ് മരുപ്പച്ചയുടെ യഥാർഥ ഭംഗി അറിയുക. ഹജ്ർ മലനിരകളുടെ സാന്നിധ്യം ഏറെയുള്ള ഈ എമിറേറ്റുകളിൽ താരതമ്യേന മഴയും തണുപ്പും കൂടും. മഴയിൽ ഇവിടത്തെ ഡാമുകൾ നിറഞ്ഞുകവിഞ്ഞിരുന്നു.

ചെറുതും വലുതുമായ കുന്നുകളെല്ലാം പച്ചവിരിച്ചുകിടക്കുന്നത് ഇതുവഴി കടന്നുപോകുന്നവർ കൺനിറയെ ആസ്വദിക്കുകയാണ്. വരണ്ട മരുഭൂമിയും വിവിധ വർണങ്ങളിലുള്ള പാറക്കല്ലുകളും നിറഞ്ഞ പ്രദേശമായിരുന്നു ഇതെന്ന് തോന്നാത്തവിധം ചെടികൾ നിറഞ്ഞു. തീവ്രമഴ നാശനഷ്ടങ്ങൾ  ഉണ്ടാക്കിയെങ്കിലും യുഎഇയെ അത്യപൂർവ പച്ചയണിയിച്ച മനോഹര ദൃശ്യം അതെല്ലാം മായ്ക്കും. പുതിയ തീരവും പുത്തൻ പ്രതീക്ഷകളുമായി ഇവിടെ എത്തുന്ന സന്ദർശകരുടെ എണ്ണം കൂടുകയാണ്. വാഹനം റോഡരികിൽ നിർത്തിയിട്ട് ദൃശ്യം ഫ്രെയിമിലാക്കുന്ന തിരക്കിലാണ് പലരും. സെൽഫിയെടുത്തും തൽസമയ വിഡിയോ ചിത്രീകരിച്ചും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരുമുണ്ട്. വീട്ടുകാരെ വിഡിയോ കോളിൽ വിളിച്ച് വിദേശത്തെ ട്രിപ്പിലാണെന്ന് പറഞ്ഞു പറ്റിച്ചവരും ഏറെ. ഇതു യുഎഇ ആണെന്നു തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് മലയാളികൾ പറയുന്നു.

ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിൽ ഇടയ്ക്കിടെ ലഭിച്ച മഴയാണ് യുഎഇയ്ക്ക് മരുപ്പച്ച സമ്മാനിച്ചത്. എന്നാൽ മഴ നീങ്ങിയതോടെ കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ കുളിർമയുള്ള ഈ ദൃശ്യങ്ങൾക്ക് അൽപായുസ് മാത്രമേ ഉണ്ടാകൂ. അത്യപൂർവ കാഴ്ച കാണാൻ ആഗ്രഹമുള്ളവർക്ക് വടക്കൻ എമിറേറ്റിലേക്ക് വച്ചുപിടിക്കാം.

English Summary:

UAE hills get a green face: Fresh look for UAE residents - Fujairah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com