ADVERTISEMENT

പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി 2023നകം രാജ്യത്ത് 80 ലക്ഷം വീടുകൾ നിർമിക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു.  ഇതിന്റെ നടത്തിപ്പിലേക്കായി പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു വേണ്ടി 48000 കോടി രൂപ ബജറ്റിൽ നീക്കിവച്ചതായും മന്ത്രി അറിയിച്ചു. 

2022 ഓടെ എല്ലാവർക്കും വീട് എന്ന ലക്ഷ്യം പൂർത്തിയാക്കുമെന്ന് അധികാരത്തിൽ കയറി അഞ്ചുമാസത്തിനുള്ളിൽ  നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യത്തിലേക്ക് എത്തുന്നതിനായാണ്  നഗര-ഗ്രാമീണ മേഖലകളിൽ വീടുകൾ നിർമിക്കുന്നതിനായി പ്രധാനമന്ത്രി ആവാസ് യോജന എന്ന പദ്ധതിക്ക് രൂപം നൽകിയത്. ഈ വർഷം ജനുവരി 18 വരെയുള്ള കണക്കുകൾ പ്രകാരം 2.17 കോടി വീടുകൾക്കാണ് പദ്ധതിയുടെ ഭാഗമായി അനുമതി ലഭിച്ചിട്ടുള്ളത്. ഇതിൽ 1.69 കോടി വീടുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. 

കേന്ദ്ര പാർപ്പിട-നഗര-കാര്യ മന്ത്രാലയത്തിന്റെ 2021 ഡിസംബർ 12 വരെയുള്ള കണക്കുകൾ പ്രകാരം നഗരമേഖലയിൽ 53 ലക്ഷം വീടുകളുടെ നിർമാണമാണ് പദ്ധതിക്കു കീഴിൽ പൂർത്തിയായിട്ടുള്ളത്. ക്രെഡിറ്റ് ലിങ്ക് സബ്സിഡി പദ്ധതിയിലൂടെ 17.35 ലക്ഷം ഗുണഭോക്താക്കൾക്ക് ഭവന വായ്പ സബ്സിഡി ലഭിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ ജനങ്ങൾക്കും വീട്, വൈദ്യുതി, ജലം എന്നിവ ലഭ്യമാക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി അറിയിച്ചു. 

സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിലുള്ള വീടുകൾ നിർമ്മിക്കുന്ന നിർമ്മാതാക്കൾക്കും റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും ബജറ്റ് പ്രഖ്യാപനങ്ങൾ  ഗുണകരമാകുമെന്നാണ്  വിലയിരുത്തൽ. പാരിസ്ഥിതിക അനുമതിക്കായുള്ള ഏകജാലക സംവിധാനവും ഭവന-നിർമ്മാണ മേഖലയുടെ വളർച്ചയ്ക്ക് സഹായകരമാകും. ഇതിനെല്ലാം പുറമേ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രഖ്യാപനങ്ങളും  റിയൽ-എസ്റ്റേറ്റ് മേഖലയ്ക്ക് വലിയ രീതിയിൽ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

English Summary- Union Budget 2022- What to Expect on Housing Sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com