ADVERTISEMENT

രാജ്യം മുഴുവൻ ചൂടാണ് സംസാരവിഷയം. വീടുകളിൽ വിയർത്തൊലിച്ച് കഴിയുകയാണ് ഭൂരിഭാഗം സാധാരണക്കാരും. വൻതുക മുടക്കി എസി സ്ഥാപിക്കാനാവാത്തവർ വീടിന്റെ അകമൊന്ന് തണുപ്പിക്കാൻ കണ്ടും കേട്ടുമറിയുന്ന എല്ലാ മാർഗങ്ങളും പയറ്റുന്നുണ്ട്. അത്തരത്തിൽ എയർ കൂളറും റഫ്രിജറേറ്ററും ഒന്നിച്ചുചേർത്ത് 'എസി എഫക്ട്' സൃഷ്ടിച്ചെടുക്കാൻ ഒരു വീട്ടുടമ നടത്തിയ ശ്രമത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.

ഷീറ്റിട്ട വീടിനുള്ളിൽ തറയിൽ സമാധാനമായി കിടന്നുറങ്ങുന്ന  വ്യക്തിയെ വിഡിയോയിൽ കാണാം. 'ഈ ചൂടത്ത് എങ്ങനെ ഇങ്ങനെ കിടക്കുന്നു' എന്ന് ചിന്തിക്കുമ്പോഴാണ് അടുത്ത കാഴ്ച. ഒരു കൂളറിന് മുൻപിലാണ് ഇദ്ദേഹത്തിൻ്റെ കിടപ്പ്. എന്നാൽ കൂളറിനുള്ളിൽ വെള്ളമോ ഐസ്ക്യൂബുകളോ നിറയ്ക്കുന്നതിന് പകരം റഫ്രിജറേറ്ററിൻ്റെ വാതിൽ തുറന്നിട്ട് അതിലേക്ക് കൂളർ ചേർത്തുവച്ചിരിക്കുകയാണ്. ഫ്രിജിനുള്ളിലെ തണുപ്പ് കൂളറിന്റെ ഫാൻ വഴി മുറിക്കുള്ളിൽ നിറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈ അടവ് വീട്ടുടമ പയറ്റിയിരിക്കുന്നത്.

'റഫ്രിജറേറ്റർ എസിയായി പ്രവർത്തിപ്പിക്കുന്നത് എങ്ങനെ' എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. പക്ഷേ ഈ വിദ്യ സമൂഹമാധ്യമങ്ങളിലൂടെ കണ്ടവർ ഇതൊരു വിഡ്ഢിത്തമാണെന്ന്  ഒരേസ്വരത്തിൽ പറയുന്നു. ഉദ്ദേശ്യശുദ്ധി നല്ലതായിരുന്നെങ്കിലും ഇതിലൂടെ മുറി തണുക്കില്ല എന്നും നേരെമറിച്ച് വീടിനുള്ളിലെ ചൂട് വർധിക്കാൻ മാത്രമേ ഇത് ഉപകരിക്കൂ എന്നുമാണ് വിഡിയോ കണ്ടവരുടെ അഭിപ്രായം. 

 അരമണിക്കൂർ നേരം ഫ്രിജ് ഇത്തരത്തിൽ തുറന്നിട്ടാൽ തന്നെ അത് കേടാകുമെന്നും ഒടുവിൽ ചൂട് എടുക്കുമ്പോൾ അല്പം തണുത്ത വെള്ളം പോലും കുടിക്കാനാവാത്ത സ്ഥിതിയാകും എന്നും ചിലർ പരിഹസിക്കുന്നുണ്ട്.  കൂളറിനുള്ളിൽ ഐസ് വാട്ടർ ഉപയോഗിക്കാൻ ഇത്രയും ബുദ്ധിമുട്ട് ഉണ്ടാവില്ലല്ലോ എന്ന് മറ്റുചിലർ ചൂണ്ടിക്കാട്ടുന്നു. റഫ്രിജറേറ്ററിന്റെ പ്രവർത്തനം എങ്ങനെയാണെന്നും എന്തിനു വേണ്ടിയാണെന്നും അറിയാവുന്ന ആരും ഇത്തരമൊരു പ്രവൃത്തിക്ക് മുതിരില്ല എന്ന് ഭൂരിഭാഗം ആളുകളും പ്രതികരിക്കുന്നുണ്ട്. 

കൊടുംചൂട് സാധാരണ ജനങ്ങളെ എത്രത്തോളം ബാധിച്ചു എന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ വിഡിയോ. വരും വർഷങ്ങളിൽ ചൂട് അധികമാകുമെന്നും ഇതിനുമപ്പുറം ചിന്തിക്കാനാവാത്ത മാർഗങ്ങൾ ആളുകൾ സ്വീകരിച്ചാലും അദ്‌ഭുതപ്പെടാനില്ല എന്നും കമന്റുകൾ കാണാം. എക്സിലുടെ പുറത്തുവന്ന ദൃശ്യങ്ങൾ രണ്ടര ദശലക്ഷത്തിലധികം ആളുകൾ ഇതിനോടകം കണ്ടുകഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com