ADVERTISEMENT

ന്യൂയോർക് ടൈംസ് ബെസ്റ്റ്സെല്ലെർ ലിസ്റ്റിൽ നൂറ്റിയേഴ് ആഴ്ചകളോളം ഇടം പിടിച്ച കട്ടിങ് ഫോർ സ്റ്റോൺ (Cutting for Stone) എന്ന നോവലിന്റെ രചയിതാവായ ഡോ. അബ്രഹാം വർഗീസിന്റെ 2023-ൽ പുറത്തിറങ്ങിയ നോവലാണ് ദ കവനന്റ് ഓഫ് വാട്ടർ (The Covenant of Water). കേരളത്തെ പശ്ചാത്തലമാക്കി ചിട്ടപ്പെടുത്തിയ ഈ നോവൽ ഓപ്ര വിൻഫ്രിയുടെ (Oprah Winfrey, American Talk Show Host) ബുക്ക് ക്ലബ്ബിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്ന് മാത്രമല്ല അവരുടെ എക്കാലത്തെയും ഇഷ്ടപ്പെട്ട മൂന്നു പുസ്തകങ്ങളിൽ ഒന്നാണെന്ന് നോവലിസ്റ്റുമായുള്ള ഇന്റർവ്യൂവിൽ ഓപ്ര വെളിപ്പെടുത്തി. വായിച്ച മികച്ച പുസ്തകങ്ങളിൽ ഒന്ന്... നമ്മെ വേറൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഇതിഹാസമാണ് ഈ നോവൽ എന്നാണ് അവർ പറഞ്ഞത്.

ഡോ. അബ്രഹാം വർഗീസ്

മലയാളികളായ അച്ഛനമ്മമാരുടെ മൂന്ന് ആൺമക്കളിൽ രണ്ടാമനായ ഡോക്ടർ വർഗീസ് എത്യോപ്യയിലാണ് ജനിച്ചതും വളർന്നതും. പിന്നീട് മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് മെഡിക്കൽ ഡിഗ്രിയെടുത്ത അദ്ദേഹം അമേരിക്കയിലേക്ക് വന്നു. ഇവിടെ ഡോക്ടർ ആയി സേവനമനുഷ്ഠിക്കുന്നതിനിടയിൽ പ്രശസ്തമായ അയോവ യൂണിവേഴ്സിറ്റിയിൽനിന്നും (Iowa Writers Workshop, University of Iowa) ക്രീയേറ്റീവ് റൈറ്റിംഗിൽ ഡിഗ്രി എടുത്തു. അതിന് ശേഷം നാല് പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ന്യൂയോർക്കർ, ന്യൂയോർക്ക് ടൈംസ്, അറ്റ്‌ലാന്റിക് എന്നീ പ്രശസ്ത മാധ്യമങ്ങളിൽ വന്ന വർഗീസിന്റെ ലേഖനങ്ങൾ ഏറെ ശ്രദ്ധേയമാണ്. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സ്‌കൂളിൽ (Stanford University Medical School) പ്രൊഫസർ, വൈസ് ചെയർ (തിയറി ആൻഡ് പ്രാക്റ്റീസ് ഓഫ് മെഡിസിൻ) എന്നീ പദവികളിൽ സേവനമനുഷ്ഠിക്കുന്നതോടൊപ്പം സ്വന്തമായി ക്ലിനിക്കൽ പ്രാക്റ്റീസും ചെയ്തു വരുന്നു. എഴുത്തിന്റെ മേഖലയിൽ ഫിക്ഷനും നോൺഫിക്ഷനും ഒരുപോലെ കൈകാര്യം ചെയ്യുന്ന വർഗീസിന് നാഷണൽ ഹുമാനിറ്റീസ് മെഡൽ (National Humanity Medal) അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 

ദ കവനന്റ് ഓഫ് വാട്ടർ (The Covenant of Water)

“What defines a family isn’t blood but the secrets they share.” 1900 മുതൽ 1977 വരെയുള്ള കാലഘട്ടത്തിൽ, ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ പശ്ചാത്തലത്തിൽ മെനഞ്ഞെടുത്ത തിരുവിതാംകൂറിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിന്റെ മൂന്നു തലമുറകളുടെ കഥയാണ് “ദ കവനന്റ് ഓഫ് വാട്ടർ.” എഴുനൂറ്റിപ്പതിനഞ്ചോളം പേജുകളിൽ നിറഞ്ഞുനിൽക്കുന്ന നന്മനിറഞ്ഞ അനേകം കഥാപാത്രങ്ങൾ, അവരെ ചേർത്തുപിടിക്കുന്ന സ്നേഹബന്ധങ്ങളുടെയും, മൂകമായി ഹൃദയത്തിലൊളിപ്പിക്കുന്ന അവരുടെ കുടുംബരഹസ്യങ്ങളുടെയും, ദുരന്തങ്ങളുടെയും ഹൃദയഭേദകമായ കഥ. വായിച്ചു തീർന്നപ്പോൾ ഉത്തരമില്ലാത്ത ഒരു ചോദ്യം നിഴലായി എന്നെ പിന്തുടർന്നു. എന്തുകൊണ്ട്, നല്ല മനുഷ്യർക്ക് ഇത്രമാത്രം ദൗർഭാഗ്യം അനുഭവിക്കേണ്ടിവരുന്നു? തിരുവിതാംകൂറിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിലെ പന്ത്രണ്ടു വയസ്സായ ഒരു പെൺകുട്ടിയുടെ വിവാഹത്തോടെയാണ് നോവൽ ആരംഭിക്കുന്നത്. “മോൾ” എന്നല്ലാതെ തൽക്കാലം അവളുടെ പേര് നമുക്കറിയില്ല. നോവൽ പുരോഗമിക്കുമ്പോൾ “ബിഗ് അമ്മച്ചി” എന്ന പേരിലാണ് അവൾ അറിയപ്പെടുക.  ഭാര്യ മരിച്ച, നാൽപതുകാരനും രണ്ടു വയസ്സായ ഒരു കുട്ടിയുടെ പിതാവുമാണ് വരൻ. പാവപ്പെട്ട കുടുംബത്തിൽ ജനിച്ചു വളർന്ന അവളെ സംബന്ധിച്ചിടത്തോളം ചെന്നുകയറിയ “പറമ്പിൽ” തറവാട് എല്ലാംകൊണ്ടും സമ്പന്നമാണ്. അവളുടെ ഭർത്താവ് കാട് വെട്ടിത്തെളിച്ചു വികസിപ്പിച്ച, അഞ്ഞൂറ് ഏക്കറോളം വരുന്ന വലിയൊരു എസ്റ്റേറ്റിന്റെ ഉടമകളാണ്‌ പറമ്പിൽ തറവാട്ടുകാർ.

വിവാഹം കഴിഞ്ഞെത്തി അധികം താമസിയാതെ തന്നെ അവൾ എല്ലാവരുടെയും ഇഷ്ടപാത്രമാകുന്നു. എന്നാൽ പിന്നീട് പറമ്പിൽ വീട് ഒരു പ്രേതാലയം പോലെ അവൾക്കനുഭവപ്പെടാൻ തുടങ്ങി. എന്തൊക്കെയോ രഹസ്യങ്ങൾ ഒളിപ്പിച്ചുവെക്കുന്നപോലെ! എന്തുകൊണ്ട് ഈ വീട് എല്ലാ ജലാശയങ്ങളിൽനിന്നും ദൂരെ പണി തീർത്തു എന്ന സംശയവും ഭർത്താവിന്റെ വെള്ളത്തോടുള്ള പേടിയും അവളിൽ സംശയമുണർത്തുമ്പോൾ, തറവാടിനെ ഗ്രസിച്ചിരുന്ന ശാപത്തെ കുറിച്ച് അവൾ മനസ്സിലാക്കുന്നു. ഓരോ തലമുറയിലും കുടുംബത്തിലെ ആരെങ്കിലും ഒരാൾ മുങ്ങിമരിക്കും. പുഴകളും തോടുകളും കായലുകളും നിറഞ്ഞ കേരളത്തിൽ മുങ്ങിമരണം അസാധാരണമല്ലല്ലോ. എങ്കിലും ഒരേ വീട്ടിൽ എല്ലാ തലമുറയിലും ആരെങ്കിലും ഒരാൾ മുങ്ങിമരിക്കുക എന്ന പറമ്പിൽ തറവാട്ടിലെ, "കണ്ടീഷൻ (The Condition)" നാട്ടിൽ സംസാരവിഷയമായിരുന്നു. രണ്ടു തലമുറകൾക്കു ശേഷം ബിഗ് അമ്മച്ചിയുടെ പേരക്കുട്ടി, മറിയാമ്മ, ഒരു മെഡിക്കൽ ഡോക്ടറാകുകയും പറമ്പിൽ കുടുംബത്തിലെ പരമ്പരാഗതമായുള്ള കണ്ടിഷന്റെ പിന്നിലെ രഹസ്യം ശാസ്ത്രീയമായി കണ്ടുപിടിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു. ഏഴ് പതിറ്റാണ്ടുകളിൽ കേരളത്തിനകത്തും പുറത്തും സംഭവിക്കുന്ന സാമൂഹ്യ/രാഷ്ട്രീയ മാറ്റങ്ങളിലേക്കും നോവൽ വെളിച്ചം വീശുന്നുണ്ട്. 

ഉദാഹരണത്തിന് രണ്ടു ലോകമഹായുദ്ധങ്ങൾ, ഇന്ത്യയുടെ സ്വാതന്ത്ര്യലബ്‌ധി, വാർത്താമാധ്യമങ്ങളുടെ പുരോഗതി, കേരളപ്പിറവി, കമ്മ്യൂണിസ്റ്റ് ഇലക്ഷൻ, കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനം എന്നിങ്ങനെ ആ കാലഘട്ടത്തിലെ പ്രധാന സംഭവങ്ങൾ പറമ്പിൽ കുടുംബത്തിന്റെ കഥയോടൊപ്പം മനോഹരമായി കൂട്ടിയിണക്കി കൊണ്ടുവരുവാൻ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. ജാതിവ്യവസ്ഥ, സെയിന്റ് തോമസിന്റെ കേരളസന്ദർശനം, ക്രൈസ്തവമതത്തിന്റെ ആവിർഭാവം, അതിനുശേഷമുള്ള ക്രിസ്ത്യൻ സമൂഹത്തിന്റെ അതിജീവനം എല്ലാം നോവലിൽ വർഗീസ് പ്രതിപാദിക്കുന്നുണ്ട്. കേരളത്തിന്റെ മനോഹരമായ ഭൂപ്രകൃതിയും, സ്വാദിഷ്ടമായ ഭക്ഷണ സമ്പ്രദായങ്ങളും, അതിമനോഹരമായ ആഖ്യാനശൈലിയിൽ അദ്ദേഹം ചിത്രീകരിച്ചിട്ടുണ്ട്. കൂട്ടത്തിൽ സ്‌കോട്‌ലാൻഡിൽ നിന്നും ഇന്ത്യയിലേക്ക് മെഡിക്കൽ പരിശീലനത്തിന് വന്ന ബിഗ്‌ബി എന്ന ഡോക്ടറുടെ കഥയും പറമ്പിൽ കുടുംബത്തിന്റെ കഥക്ക് സമാന്തരമായി കൊണ്ടുവന്ന് സുഗമമായി ഒഴുകുന്ന നദികൾ ഒത്തുചേരുന്നപോലെ നോവൽ അവസാനിക്കുന്നു. 

നോവലിലുടനീളം കേരളത്തിന്റെ പ്രകൃതിസൗന്ദര്യത്തെ രചയിതാവ് ചിത്രീകരിച്ചതിന്റെ ഒരു ഭാഗം പരിഭാഷപ്പെടുത്തി ചേർക്കുന്നു. പന്ത്രണ്ടു വയസ്സുള്ള ഒരു പെൺകുട്ടിയുടെ വിവാഹദിവസത്തെ തോണിയാത്രയാണ് രംഗം.

1900, Travancore, South India

വരന്റെ പള്ളിയിലേക്ക് ഏകദേശം അര ദിവസത്തെ യാത്രയുണ്ട്. ഇരു കരകളിലും ചാഞ്ഞ്, ജ്വലിച്ചു നിൽക്കുന്ന ചുവന്ന ചെമ്പരത്തിപ്പൂക്കളാൽ അലംകൃതമായ, വളഞ്ഞു പുഴഞ്ഞൊഴുകുന്ന, ഇടുങ്ങിയ ഒരു കനാലിലൂടെ തോണിക്കാരൻ ബോട്ട് തുഴഞ്ഞുകൊണ്ടിരുന്നു. വെള്ളത്തിൽ നിന്നും കൈയെത്താവുന്ന ദൂരെയാണ് ഇരുഭാഗത്തുമുള്ള വീടുകൾ. വീട്ടു മുറ്റത്ത് കുന്തിച്ചിരുന്ന് മുറത്തിൽ അരി ചേറുന്ന വൃദ്ധയെ ഒന്ന് കൈയെത്തിച്ചാൽ അവൾക്ക് തൊടാം. കാഴ്ചക്കുറവുള്ള ഒരു വയസ്സന്, ഒരു ആൺകുട്ടി മനോരമ ദിനപത്രം വായിച്ചുകൊടുക്കുന്നത് അവൾക്ക് കേൾക്കാം. അസുഖകരമായ വാർത്ത കേട്ടിട്ടെന്നോണം അയാൾ തല ചൊറിയുന്നുണ്ടായിരുന്നു. ഓരോ വീടും ഒരു കൊച്ചു ലോകം പോലെ! ചില വീടുകളിൽനിന്നും അവളുടെ പ്രായത്തിലുള്ള കുട്ടികൾ അവർ കടന്നുപോകുന്നത് നോക്കി നിൽക്കുന്നു. ഷർട്ടിടാത്ത ഒരാൾ തന്റെ ചൂണ്ടുവിരലാൽ ഉമിക്കരി കൊണ്ട് പല്ലു തേയ്ക്കുന്നതിനിടെ ചോദിച്ചു, "എവിടേക്കാ?” തോണിക്കാരൻ അയാളെ തുറിച്ചു നോക്കിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.

ചെറുതോടുകൾ കടന്ന് താമരയും ആമ്പലും നിറഞ്ഞ മറ്റൊരു ജലാശയത്തിലൂടെ അവർ യാത്ര തുടർന്നു. വേണമെങ്കിൽ അവൾക്ക് ആ പൂപ്പരപ്പിനു മീതെ നടക്കാം, അത്രയും ഇടതൂർന്ന് പരവതാനി പോലെയാണ് താമരയും ആമ്പലും പൂത്തു പരന്ന് കിടക്കുന്നത്. വിടർന്നു നിൽക്കുന്ന പൂക്കൾ മംഗളം നേരുന്നവരെപ്പോലെയുണ്ടെന്ന് അവൾക്ക് തോന്നി. പെട്ടെന്നൊരാവേശത്തോടെ വേരൂന്നിയ ഒരു താമരവള്ളി അവൾ അനായാസേന വലിച്ചെടുത്തു. എങ്കിലും പൂവ് പറിച്ചപ്പോൾ ചുറ്റും ചെളിവെള്ളം തെറിച്ചു വീണു. എന്തത്ഭുതം! ചെളി വെള്ളത്തിൽ നിന്നും ഈ അപൂർവ പിങ്ക് സുന്ദരി എങ്ങനെ ജന്മമെടുക്കുന്നു!  ഇതുകണ്ട അമ്മാവൻ അവളുടെ അമ്മയെ തറച്ചു നോക്കി. മകളുടെ മുണ്ടിലും ബ്ലൗസിലും നേരിയ സ്വർണ്ണക്കരയുള്ള കവണിയിലും ചെളി പറ്റിയോ എന്ന ആധിയോടെ അമ്മ ഒന്നും മിണ്ടാതെ പകച്ചിരുന്നു. പറിച്ചെടുത്ത പൂവിന്റെ ഇരുപത്തിനാല് ഇതളുകളും വിടർത്തി എണ്ണിനോക്കി അവൾ ഇരുന്നു. തോണി സുഗന്ധ പൂരിതമായി. താമര വിരിച്ച പരവതാനിയിലൂടെ തുഴഞ്ഞ് അവർ കരകാണാത്ത ഒരു വലിയ തടാകത്തിലെത്തി..

ബിഗ്‌ അമ്മച്ചി, ശാമുവേൽ, ബേബിമോൾ, എൽസി, ബിഗ്‌ബി, ഫിലിപ്പോസ്, അന്നച്ചേടത്തി, ജോപ്പൻ, മറിയാമ്മ എന്നിങ്ങനെ ഓരോ കഥാപാത്രങ്ങളും അവരെ ചുറ്റിപ്പറ്റിയുള്ള കഥകളും സത്യസന്ധമായി ആവിഷ്‌കരിക്കാൻ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്. കുഷ്‌ഠരോഗികൾക്കായി ജീവിതമർപ്പിച്ച റൂൺ ഓർക്വിസ്റ് എന്ന മറ്റൊരു കഥാപാത്രവും എറെ ശ്രദ്ധേയമാണ്. ഇത്രയും കഥാപാത്രങ്ങളും അവരുടെ ഉപകഥകളും നോവലിൽ നിറഞ്ഞുനിൽക്കുമ്പോൾ, ചെക്കോവിന്റെ തോക്കുപോലെ ഇവയുടെയെല്ലാം ആവശ്യകതയെക്കുറിച്ച് എനിക്കൽപം ആശങ്കയുണ്ടാകാതിരുന്നില്ല. എന്നാൽ നോവൽ പുരോഗമിക്കുന്തോറും ഓരോ കഥാപാത്രങ്ങളെയും അവരുടെ കഥകളെയും പ്രധാന കഥയുമായി നോവലിസ്റ്റ് അനായാസേന ഇണക്കിച്ചേർത്തിട്ടുണ്ട്. കുടുംബപാരമ്പര്യങ്ങൾ, കൊളോണിയലിസം, മയക്കുമരുന്നിനോടുള്ള അടിമത്തം (രണ്ടാംതലമുറയിലെ ഫിലിപ്പോസ് എന്ന കഥാപാത്രത്തിന്റെ കറുപ്പിനോടുള്ള ആസക്തി), സ്നേഹം, ദുഃഖം, ത്യാഗം എന്നിങ്ങനെ വിവിധ വിഷയങ്ങളെ ഈ നോവലിൽ വർഗീസ് കൈകാര്യം ചെയ്തിട്ടുണ്ട്. പല കഥാപാത്രങ്ങളും മലയാളികളായ നമുക്ക് പരിചിതരാണ് എന്നുള്ളത് എനിക്ക് കൂടുതൽ വായനാസുഖം നൽകി എന്ന് പറയേണ്ടതില്ലല്ലോ.

ഈ നോവലെഴുതുവാൻ പ്രേരിപ്പിച്ചത് വർഗീസിന്റെ അമ്മയായ മറിയം വർഗീസാണെന്ന് അദേഹം പറയുന്നുണ്ട്. "അമ്മച്ചീ, അമ്മച്ചി കുട്ടിയായിരുന്നപ്പോൾ എങ്ങനെയൊക്കെയായിരുന്നു?" എന്ന പേരക്കുട്ടിയുടെ ചോദ്യത്തിന് മറുപടിയായി അമ്മയെഴുതിയ നൂറ്റി അൻപത്തേഴ് പേജുകളുള്ള കുറിപ്പുകളും ഇടയ്ക്കുള്ള സംഭാഷണങ്ങളുമാണ് ഈ പുസ്തകത്തിന്റെ പ്രചോദനം എന്ന് നോവലിന്റെ അവസാനം അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. ധാരാളം മലയാളം വാക്കുകൾ നോവലിൽ ഉൾപ്പെടുത്തിയത് ഭാഷയുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടിയിട്ടേയുള്ളൂ. ഓൺ വോയ്‌സ് ജാൻറ (Own Voice Genre) എന്ന വിഭാഗത്തിൽ പെടുന്ന ഇത്തരം സാഹിത്യസൃഷ്ടികൾ ഇന്ന് വായനക്കാർ വളരെ കൗതുകത്തോടെയാണ് സ്വീകരിക്കുന്നത്. മലയാളം വാക്കുകളുടെ കൂടെത്തന്നെ, ഇംഗ്ലിഷിൽ അതിന്റെ വിവരണം കൊടുത്തിട്ടുണ്ടെങ്കിലും മലയാളികളല്ലാത്തവർക്കു ചില വാക്കുകൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടാകില്ലേ എന്ന് ഇടയ്ക്ക് ചിന്തിക്കാതിരുന്നില്ല. കൂടാതെ മെഡിക്കൽ രംഗത്തെ സാങ്കേതിക ഭാഷയുടെ പ്രയോഗവും കുറച്ചു കൂടിപ്പോയില്ലേ എന്നും തോന്നി. പക്ഷേ, ഇതൊന്നും വായനക്ക് തടസ്സമായിരുന്നില്ല എന്ന് മാത്രമല്ല മറിച്ചു വിജ്ഞാനപ്രദമായിട്ടാണ് തോന്നിയത്. ഓരോ പേജ് മറിക്കുന്തോറും വർധിക്കുന്ന ആകാംക്ഷ ഏതൊരു വായനക്കാരനെയും പിടിച്ചിരുത്തുമെന്നെനിക്ക് ഉറപ്പുണ്ട്. 

Content Summary: Book The Covenant of Water by Dr. Abraham Verghese

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com