ADVERTISEMENT

അധ്യായം: ആറ്

പിറ്റേന്നു രാവിലെ നിലാവിന്റെ കരച്ചിൽ കേട്ടാണ് അച്ഛൻ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നത്. വീടിനു പുറത്തുനിന്നാണ് ആ കരച്ചിൽ. അച്ഛൻ ഓടിയെത്തുമ്പോഴേക്കും അമ്മ അവളെ കോരിയെടുത്തു കഴിഞ്ഞിരുന്നു. രാവിലെ എഴുന്നേറ്റ ഉടൻ കുറിഞ്ഞി പൂച്ചയ്ക്കു പിന്നാലെ ഓടിയതാണ് നീലൂട്ടി. കാലുതെന്നി സിറ്റൗട്ടിലെ സ്റ്റെപ്പിൽ അവൾ തലയടിച്ചു വീണു. തലയ്ക്ക് പിന്നിൽ ചെറിയൊരു മുറിവ് കാണാം. അവിടെ രക്തം പൊടിയുന്നു. എത്ര ആശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും അവൾ ഉറക്കെ കരയുകയാണ്. "കരയാതെ നീലൂട്ടി, നമ്മൾക്കിപ്പോതന്നെ ഹോസ്പിറ്റലിൽ പോകാട്ടോ, ഡോക്ടറങ്കിൾ മരുന്നു തരുമ്പോ വേദന മാറും", അച്ഛൻ പറഞ്ഞു. അച്ഛനും അമ്മയും വേഗം റെഡിയായി നിലാവിനെയും എടുത്ത് ആശുപത്രിയിൽ പോകാനായി കാറിൽ കയറി. പതിനഞ്ചു മിനിറ്റിനുള്ളിൽ അവർ നഗരത്തിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചേർന്നു. ഡോക്ടറെത്തി. നീലൂട്ടിയുടെ മുറിവ് പരിശോധിച്ചു. മരുന്നു വച്ചു.

"ഇതൊരു ചെറിയ മുറിവേയുള്ളൂ, രണ്ടു ദിവസം കൊണ്ട് റെഡിയായിക്കോളും". അടുത്തു നിന്നിരുന്ന അച്ഛനോടും അമ്മയോടുമായി ഡോക്ടർ പറഞ്ഞു. അതു ശ്രദ്ധിക്കാതെ നീലൂട്ടി ഡോക്ടറോട് ഗൗരവത്തിലൊരു ചോദ്യം ചോദിച്ചു; "എനിക്ക് ഓപ്പറേഷൻ വേണ്ടി വരുവോ ഡോക്ടറിങ്കിളേ?". അതുകേട്ട് ഡോക്ടർ അങ്കിൾ മാത്രമല്ല, അച്ഛനും അമ്മയും അടുത്തുനിന്ന നഴ്സുമാരും ഒക്കെ ചിരിയായി. "മോൾക്ക് ഓപ്പറേഷനൊന്നും വേണ്ട കേട്ടോ. ഇതൊരു കുഞ്ഞി മുറിവാ, രണ്ടു ദിവസം കൊണ്ട് ഉണങ്ങിക്കോളും". അവളുടെ മുടിയിഴകളിൽ സ്നേഹപൂർവ്വം തലോടിക്കൊണ്ട് ഡോക്ടർ പറഞ്ഞു. തിരികെ വീട്ടിലെത്തിയശേഷം അമ്മ 'ഓപ്പറേഷൻ വിശേഷം' മഴയോടു പങ്കിട്ടതോടെ വീണ്ടും ചിരിമേളമായി. "നീലൂട്ടി, ഡോക്ടറങ്കിൾ എന്നെ ഫോൺ വിളിച്ചാരുന്നു. ഇനി ഹോസ്പിറ്റലിൽ ചെല്ലുമ്പോ നിന്റെ ഹെഡ് ഓപ്പറേറ്റ് ചെയ്തിട്ട് വെറെ ഹെഡ് വെയ്ക്കൂന്നാ അങ്കിൾ പറഞ്ഞേ", മഴ നീലൂട്ടിയെ കളിയാക്കി രസിക്കുകയാണ്. "സത്യവാണോ അമ്മേ", നീലൂട്ടി സങ്കടത്തോടെ അമ്മയെ നോക്കി. "എന്റെ കൊച്ചേ, അവൾ ചുമ്മാ നിന്നെ കളിയാക്കുന്നതാ, നീലൂട്ടിയ്ക്കൊരു കുഴപ്പോവില്ല". "ചുമ്മാ എന്റെ കൊച്ചിനെ പേടിപ്പിച്ചാലുണ്ടല്ലോ, നല്ല അടി വാങ്ങും നീ", അമ്മ മഴയ്ക്കുനേരെ കയ്യോങ്ങി. മഴ ചിരിച്ചു.

വേദന മാറിയില്ലെന്ന കാരണം പറഞ്ഞ് നിലാവ് പിറ്റേ ദിവസം സ്കൂളിൽ പോയില്ല. ഇത്തിരി വേദന ഉണ്ടായിരുന്നു എന്നത് സത്യമാണ്. പക്ഷേ, മടിയായിരുന്നു അന്നു സ്കൂളിൽ പോകാതിരിക്കാനുള്ള പ്രധാന കാരണം. അങ്ങനെ ഇത്തിരി വേദനയും ഒത്തിരി മടിയുമായി പകൽ മുഴുവൻ അവൾ മൂടിപ്പുതച്ച് കിടന്നു. ഇടയ്ക്കൊക്കെ മയങ്ങി. അമ്മ ഫുഡ് കഴിക്കാൻ വിളിച്ച സമയത്തൊഴികെ ബാക്കി സമയമൊക്കെ ബെഡിൽ തന്നെയായിരുന്നു അവൾ. അന്നു വൈകുന്നേരം ഒരു സ്പെഷൽ അതിഥി നിലാവിനെത്തേടി സൂര്യകാന്തിയിലെത്തി. നിലാവിന്റെ ക്ലാസ് ടീച്ചറായ ആനി ടീച്ചർ. നിലാവിന്റെ വീഴ്ചയുടെ കാര്യം അമ്മ ആനി ടീച്ചറെ വിളിച്ചു പറഞ്ഞിരുന്നു.

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

കുഴപ്പം ഒന്നുമില്ലെന്നറിഞ്ഞെങ്കിലും നിലാവിനെ നേരിൽ കാണാനായി ക്ലാസ് കഴിഞ്ഞപ്പോഴേ എത്തിയിരിക്കുകയാണ് ടീച്ചർ. ആനി ടീച്ചർക്കു മക്കളില്ല. പക്ഷേ, പഠിപ്പിക്കുന്ന കുട്ടികളെല്ലാം ടീച്ചർക്കു മക്കൾ തന്നെയാണ്. അത്രയേറെ സ്നേഹവും വാത്സല്യവുമാണ് ടീച്ചർക്ക് ഓരോ കുട്ടിയോടും. അതിലൊരു കുട്ടിക്ക് ഒരു പോറലേറ്റെന്നു കേട്ടാൽ മതി ടീച്ചറിന്റെ മന:സമാധാനം നഷ്ടമാകാൻ. പിന്നെ അവരെ നേരിൽക്കണ്ട് വർത്തമാനമൊക്കെ പറഞ്ഞ് രണ്ടു ചക്കരയുമ്മ കൂടി നൽകിയാലേ ടീച്ചർക്ക് സമാധാനമാകൂ. ആനി ടീച്ചറിന്റെ ശബ്ദം കേട്ടതേ ടീച്ചറേ എന്നു വിളിച്ചുകൊണ്ട് നിലാവ് ഓടിയെത്തി.

"എന്റെ സുന്ദരിക്കുട്ടീ" എന്നു വിളിച്ച് ടീച്ചർ അവളെ കെട്ടിപ്പിടിച്ചു. ബാഗിൽ കരുതിയിരുന്ന രണ്ട് ഡയറിമിൽക്ക് ചോക്ലേറ്റുകൾ അവളുടെ കയ്യിൽ കൊടുത്തു. "അവൾക്കങ്ങനെ സ്കൂളിൽ വരാതിരിക്കാൻ മാത്രം വേദനയൊന്നും ഇല്ലാരുന്നു ടീച്ചറേ , മടിച്ചിയാ ഇവള് ", അമ്മ പറഞ്ഞു. "ആണോ നീലൂ, നീ മടിച്ചിയാണോ?", അവളുടെ കവിളിൽ നുള്ളിക്കൊണ്ടായിരുന്നു ടീച്ചറുടെ ചോദ്യം. "അല്ല ടീച്ചറേ, സത്യവായിട്ടും വേദനയാരുന്നു ". നിലാവ് കണ്ണുപൊത്തി ഒരു കള്ളച്ചിരി ചിരിച്ചു. "അവളുടെ ചിരി കണ്ടില്ലേ" എന്നു ചോദിച്ച് അമ്മയും കൂടെ ടീച്ചറും ആ ചിരിയിൽ പങ്കുകാരായി. "സ്കൂളിൽ നല്ല കുസൃതിയാ ഇവള്. പഠിക്കാനൊഴികെ ബാക്കി എല്ലാറ്റിനും മുൻപന്തിയിൽ തന്നെയുണ്ടാകും". ടീച്ചർ അമ്മയോട് നിലാവിന്റെ സ്കൂൾ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്. "അതിവിടെയായാലും അങ്ങനെ തന്നെയാ ടീച്ചറേ, പുസ്തകം തുറക്കുന്ന കാര്യം പറഞ്ഞാ അവൾക്ക് തലവേദനയായി, കാലുവേദനയായി, ഉറക്കം വരവായി. ടിവി കാണാനോ ചേച്ചിമാർടെകൂടെ കളിക്കാനോ ഒക്കെയാണേൽ എത്ര നേരവായാലും ഒരു കുഴപ്പോം ഇല്ല, ഉറക്കോം ഇല്ല, വേദനേം ഇല്ല". അമ്മ പറഞ്ഞു. രണ്ടുപേരും പറയുന്നതൊക്കെ നേരായതുകൊണ്ട് തിരിച്ചൊന്നും പറയാനാവുന്നില്ല നീലൂട്ടിയ്ക്ക്. ഇടയ്ക്കിടക്ക് രണ്ടു പേരേം ഒളികണ്ണിട്ടു നോക്കി അവളൊന്നു ചിരിക്കും. അത്രമാത്രം.

അമ്മയും ആനിടീച്ചറും അങ്ങനെ നിലാവിന്റെ കുസൃതിത്തരങ്ങൾ പങ്കുവച്ചിരിക്കേ നിളയും മഴയും സ്കൂൾ കഴിഞ്ഞെത്തി. അധികം വൈകാതെ ഓഫിസിൽനിന്ന് അച്ഛനും എത്തിച്ചേർന്നു. പിന്നെ എല്ലാവരും ഒരുമിച്ചായി സംസാരം. പ്രധാന വിഷയം നിലാവിന്റെ വികൃതിത്തരങ്ങൾ തന്നെ. സംസാരത്തിനിടയിൽ ഡോക്ടറോട് നീലൂട്ടി ചോദിച്ച ഓപ്പറേഷൻ ചോദ്യവും ടീച്ചറിനു മുന്നിലെത്തി. അതുകേട്ട് ടീച്ചർ കുറേനേരം ചിരിച്ചു. ഒരു പാത്രം നിറയെ കുമ്പിളപ്പവുമായിട്ടായിരുന്നു അച്ഛനന്ന് ഓഫിസിൽ നിന്നെത്തിയത്. കൂടെ ജോലി ചെയ്യുന്ന സുജാത മേഡത്തിന്റെ വീട്ടിലുണ്ടാക്കിയതാണത്രേ. കുട്ടികൾക്കൊപ്പം ടീച്ചറും കുമ്പിളപ്പം കഴിച്ചു. നല്ല ഏലയ്ക്കയും ശർക്കരയുമൊക്കെ ചേർന്ന സ്വാദിഷ്ടമായ കുമ്പിളപ്പം. "ഞങ്ങളുടെ നാട്ടിലൊക്കെ ഇതിന് പൂച്ച പുഴുങ്ങിയതെന്നാ പറയാറ് ", ടീച്ചർ പറഞ്ഞു. "പൂച്ച പുഴുങ്ങിയതോ! ", ആ പേരു കേട്ട് നിള അത്ഭുതത്തോടെ വാ പൊളിച്ചു. "അതെ മോളേ, പൂച്ചയപ്പോന്നും പറയും". കുമ്പിളപ്പത്തിന് ഇങ്ങനെയൊരു പേരു കൂടിയുണ്ടെന്ന് കുട്ടികൾ ആദ്യമായി കേൾക്കുകയാണ്.

"എന്റെയൊക്കെ കുട്ടിക്കാലത്ത് ചക്ക പഴുക്കുന്ന സമയത്തെ സ്ഥിരം പലഹാരമായിരുന്നു ഇത്. അതുപോലെ ദോശക്കല്ലേൽ വച്ച് അമ്മച്ചി ചുട്ടെടുക്കുന്ന ഒരു ചക്കയട ഉണ്ട്. എന്തു രുചിയാരുന്നെന്നറിയാവോ". കുമ്പിളപ്പത്തിന്റെ വിശേഷങ്ങളിൽ നിന്നു കുട്ടിക്കാലത്തിലേയ്ക്കു യാത്ര ചെയ്യുകയായിരുന്നു ആനി ടീച്ചർ. കഥകളൊക്കെ പറഞ്ഞിരുന്ന് സമയം വേഗം കടന്നുപോയി. "അയ്യോ ഇത്രേം നേരവായോ ", വാച്ചിൽ നോക്കി, ടീച്ചർ വേഗം പോകാനിറങ്ങി. എല്ലാവരോടും യാത്ര പറഞ്ഞ്, നിളമോളുടെ നെറ്റിയിൽ ഒരുമ്മയും കൊടുത്ത് ടീച്ചർ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന തന്റെ കാറിനടുത്തേക്കു നടന്നു.

(തുടരും)

English Summary:

Mazha, Nila, Nilavu Children's Novel written by M J Jins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com