ADVERTISEMENT

ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ജ്വല്ലറിയുടെ ഉടമയും, ഫോബ്‌സ് ധനികരുടെ ലിസ്റ്റിൽ ഇന്ത്യയിൽ നിന്ന് 50 –ാം സ്ഥാനവും (2023) കേരളത്തിൽ നിന്ന് രണ്ടാം സ്ഥാനവും (2024) അലങ്കരിക്കുന്ന ജോയ് ആലൂക്കാസ് എന്ന സ്വർണ്ണ ബിസിനസ്സ്കാരനെ എല്ലാവർക്കും അറിയാം, പക്ഷേ 'സ്പ്രഡിങ് ജോയ്' എന്ന ആത്മകഥ വായിക്കുമ്പോൾ പെട്ടെന്ന് നമ്മെ ആകർഷിക്കുന്നത് വ്യാപാരവിജയത്തിന്റെ പടവുകൾ ഓരോന്നായി വിജയിച്ചു കയറിയ ജോയ് ആലൂക്കാസ് എന്ന വ്യവസായ ഭീമന്റെ വളർച്ചയുടെ കഥയാണെങ്കിലും, വരികൾക്കിടയിലൂടെ ആഴത്തിൽ വായിക്കുമ്പോൾ നമ്മുടെ മനസ്സിനെ ഏറെ സ്പർശിക്കുന്നതും ആഴത്തിൽ ചിന്തിപ്പിക്കുന്നതും കണ്ണുകളെ ഈറനണിയിക്കുന്നതും, ചെറുപ്പം മുതലേ തന്റെ അപ്പന്റെ കാലടികളെ മാത്രം പിന്തുടർന്ന്, അപ്പന്റെ വിശ്വസ്ത സേവകൻ  മാത്രമായി ജീവിക്കാൻ ആഗ്രഹിക്കുകയും, തന്റെ ബാല്യത്തിന്റെ നിഷ്കളങ്കതയും ഊർജ്ജവും തന്റെ അപ്പനു മാത്രമായി നീക്കി വെച്ച, അപ്പനെ ജീവന് തുല്യം സ്നേഹിച്ച മകന്റെ (ജോയ് ആലുക്കാസ്) കഥയിലൂടെ സഞ്ചരിക്കുമ്പോഴാണ്.

അപ്പനും മകനും തമ്മിലുള്ള ആത്മസംഘർഷങ്ങളും മൗന സന്ദേശങ്ങളും എല്ലാം വളരെ മനോഹരവും ഹൃദയസ്പർശവുമായാണ് അദ്ദേഹം 'സ്പ്രഡിങ് ജോയ്' എന്ന തന്റെ ആത്മകഥയിൽ വിവരിച്ചിരിക്കുന്നത്. ബാല്യകൗമാരങ്ങളിൽ തന്റെ ലോകം അപ്പൻ മാത്രമായിരുന്നു എന്ന് പറഞ്ഞുവെക്കുന്നിടത്തു തുടങ്ങുന്നു ജോയ് ആലുക്കാസിന് തന്റെ അപ്പനോടുള്ള അടങ്ങാത്ത സ്നേഹവും അഭിനിവേശവും. തന്റെ അപ്പന്റെ വ്യാപാരത്തിലെ സത്യസന്ധതയും തീരുമാനങ്ങൾ എടുക്കുന്നതിലുള്ള ദൃഢനിശ്ചയവും ബുദ്ധിവൈഭവവുമാണ് ആലുക്കാസ് എന്ന  ബ്രാൻഡിനെ പടുത്തുയർത്തിയതെന്ന് പറഞ്ഞുവെക്കുന്നതിനോടൊപ്പം അതുതന്നെയാണ് തന്റെ ജീവിത വിജയത്തിനും കാരണമായതെന്നും ഉറച്ചു വിശ്വസിക്കുന്നു. കുടുംബത്തിനുള്ളിലെ അവഗണനകൾക്കും പരിഹാസങ്ങൾക്കുമിടയിൽ സ്വയം തോറ്റുകൊടുക്കാതെ സ്വന്തം കർമ്മപഥത്തിൽ അശ്രാന്തം പരിശ്രമിക്കുകയും, ഓരോ കാലഘട്ടത്തിലും തനിക്കുണ്ടായ അവഗണനകളിലും വീഴ്ചകളിലും സ്വയം തളരാതെ, തന്റെ കാഴ്ചപ്പാടിലുള്ള അചഞ്ചലമായ വിശ്വാസവും, സത്യസന്ധതയും വിജയിക്കാനുള്ള അതിയായ ത്വരയും കൈമുതലാക്കി, തന്റെ അപ്പനെയും അമ്മയെയും ഒരിക്കലും നിന്ദിക്കാതെ, അവർ പറയാതെ പഠിപ്പിച്ചതാണ് ഇന്ന് എന്നിൽ വന്നു ചേർന്ന അനുഗ്രഹങ്ങൾ എല്ലാം എന്ന് വിശ്വസിക്കുന്ന ആ വലിയ മനസ്സ് തന്നെയാവാം ജോയ്ആലുക്കാസ് എന്ന വലിയ വ്യവസായ സാമ്രാജ്യത്തിനുടമയാവാൻ ജോയ് സാറിനെ പ്രാപ്തനാക്കിയത് എന്ന് നിസംശയം പറയാം. 

അഭിനന്ദിക്കാൻ പിശുക്കു കാണിക്കുമ്പോഴും സ്വന്തം അപ്പൻ എന്നും തന്നെ വിശ്വസിച്ചിരുന്നു എന്ന് പറഞ്ഞുവെക്കുമ്പോഴും, എല്ലാവരുടെയും കൂടെ ഒരിക്കൽ പോലും അപ്പൻ തന്നെ തള്ളിപറഞ്ഞില്ല എന്ന് സ്വയം ആശ്വാസം കണ്ടെത്തുമ്പോഴും ജോയ് ആലുക്കാസ് എന്ന വലിയ മനുഷ്യൻ നമുക്ക് പറഞ്ഞുതരുന്ന ഏറ്റവും വലിയ സത്യം, നാം കാണുന്ന ഗുരുവും ദൈവവും നമ്മുടെ മാതാപിതാക്കൾ തന്നെ ആണെന്ന് കൂടിയാണ്. ദുബായിൽ അപ്പനോടൊപ്പം ഒരുമിച്ച് യാത്ര ചെയ്തതും താമസിച്ചതും, തിരിച്ച് തൃശ്ശൂരിലേക്ക് വരുമ്പോൾ കാറിൽ മുട്ടിയിരുന്നു എന്ന് എഴുതിവയ്ക്കുന്നിടത്തൊക്കെ ആ മകന്റെ പിതാവിനോടുള്ള അളവറ്റ സ്നേഹവും ആരാധനയും വെളിവാക്കുന്ന നിമിഷങ്ങൾ കൂടിയാണ്. അവസാന നാളുകളിൽ രോഗബാധിതനായി കിടക്കുന്ന അപ്പന്റെ കിടക്കക്കരികിൽ നിർവികാരനായി ഇരിക്കുമ്പോഴും അനിവാര്യമായ വിധി അപ്പനെ തന്നിൽ നിന്ന് അടർത്തിയെടുത്തപ്പോഴും ആ മകൻ കരഞ്ഞില്ല, മറിച്ച് തന്റെ അപ്പന്റെ  സ്വപ്നവും ശ്വാസവുമായ ആലുക്കാസ് എന്ന ബ്രാൻഡിനെ ലോകത്തിന്റെ നിറുകയിൽ എത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയാണ് ചെയ്തത്. ഒപ്പം തന്റെ അപ്പൻ തുടങ്ങിവച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ തന്റെയും ജീവിതചര്യ കൂടിയാക്കി മാറ്റുകയാണ് ചെയ്തത്. 

ഏറെ ദുർഘടം നിറഞ്ഞതും വിയർപ്പൊഴുക്കേണ്ടതുമായ തന്റെ വിശാലവും ദീർഘവീക്ഷണവുമുള്ള കാഴ്ചപ്പാടുകൾ നടപ്പിലാക്കാനുള്ള മാരത്തോൺ  ഓട്ടത്തിനിടയിൽ തന്നോടൊപ്പം തോളോട് തോൾ ചേർന്ന് നിന്ന് പ്രവർത്തിച്ചവരെയെല്ലാം പേരെടുത്ത് പറഞ്ഞ് അഭിനന്ദിക്കാൻ അദ്ദേഹം പിശുക്ക് കാണിക്കാത്തത് ഒരു പക്ഷേ ബാല്യകൗമാരങ്ങളിൽ തനിക്ക് കിട്ടാതെ പോയ സ്നേഹവും പരിഗണനകളും പ്രശംസകളും മറ്റുള്ളവർക്ക് ലഭിക്കണമെന്ന  വലിയ മനസ്സു കൊണ്ട് കൂടിയാവാം. ഈ നന്മകൾ തന്നെയാണ് ജോയ് ആലുക്കാസ് എന്ന വലിയ മനുഷ്യന്റെ വളർച്ചയിലും ജോയ് ആലുക്കാസ് എന്ന ആഗോള ബ്രാൻഡിന്റെ വിജയത്തിലും വഴിവിളക്കാകുന്നത്. ഓരോ മനുഷ്യന്റെയും ജീവിതവിജയത്തിൽ തന്റെ മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണെന്നും അവരോടുള്ള നമ്മുടെ സ്നേഹവും ബഹുമാനവും കരുതലും വിശ്വാസവുമാണ് നമ്മുടെ വിധി നിശ്ചയിക്കുന്നത് എന്ന മഹത്തായ സത്യം 'സ്പ്രഡിങ് ജോയ്' എന്ന ആത്മകഥയിൽ ഉടനീളം പറഞ്ഞു വയ്ക്കുന്നു.

മനുഷ്യരിൽ ഇറക്കുന്ന നിക്ഷേപം പലമടങ്ങായി തിരിച്ചെത്തും എന്ന് പറഞ്ഞു വയ്ക്കുന്നിടത്ത് പരസ്പരവിശ്വാസത്തിലൂടെയുള്ള സൗഹൃദത്തിന് അദ്ദേഹം കൊടുക്കുന്ന പ്രാധാന്യം നമുക്ക് മനസ്സിലാക്കാം. അദ്ദേഹത്തിന്റെ തൊഴിൽപരമായ, മഹത്തായ ഈ വിജയത്തിൽ, അദ്ദേഹത്തെ സ്വാധീനിച്ച മൂന്ന് സൗഹൃദങ്ങളെ കുറിച്ച് വ്യക്തമായി പറയുന്നിടത്ത് അദ്ദേഹം തന്റെ വന്ന വഴി മറക്കാത്ത വ്യക്തിത്വം വെളിപ്പെടുത്തുന്നുണ്ട്. ഇത് പുതിയ സംരംഭത്തിലേക്ക് ഇറങ്ങുന്ന പുതിയ തലമുറയ്ക്ക് വലിയൊരു പാഠം കൂടിയാണ്. ഒരു ബുക്ക് വായിക്കുമ്പോൾ ഓരോ വായനക്കാരനും വ്യത്യസ്ത വീക്ഷണ കോണിലൂടെ ആയിരിക്കും അതിലെ കഥയേയും കഥാപാത്രങ്ങളെയും സമീപിക്കുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്ത അനുഭവങ്ങൾ ആയിരിക്കും വായനയിലൂടെ ഓരോരുത്തർക്കും ലഭിക്കുന്നത്. ഇത് തന്നെയാണ് പുസ്തകവായനയുടെ ഏറ്റവും വലിയ മേൻമയും പ്രത്യേകതയും. 'സ്പ്രഡിങ് ജോയ്' എന്ന  ഈ ആത്മകഥാംശം നിറഞ്ഞ ഈ പുസ്തകം നിങ്ങൾക്ക് ഓരോരുത്തർക്കും വ്യത്യസ്തങ്ങളായ അനുഭവങ്ങളേറെ നൽകുമെന്ന് പറഞ്ഞു വെക്കുന്നതിനോടൊപ്പം സംഭവബഹുലമായതും പോസിറ്റീവ് എനർജി നമ്മളിൽ നിറക്കുന്നതുമായ ഈ ആത്മകഥ ഒരു പുത്തൻ വായനാനുഭവം നിങ്ങളിൽ ഉളവാക്കും എന്നും ഉറപ്പുനൽകുന്നു.

English Summary:

Malayalam Article Written by Sanish Chottanikkara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com