ADVERTISEMENT

ഞാനൊന്ന് നിന്റെ ധൈര്യത്തിന് മുമ്പിൽ കൈ കൂപ്പട്ടെയോ പ്രിയനേ.. ഈ വർഷത്തെ റമദാൻ നോമ്പ് കാലം മുപ്പത് ദിവസമായി തീരുന്ന ഇന്ന് നിന്റെ ഹൃദയമെടുത്ത് ഞാനെന്റെ ഹൃദയത്തോട് ചേർത്ത് വെക്കട്ടയോ സഹോദരാ.. ഇങ്ങനെയല്ലാതെ പിന്നെന്ത് പറയും ഞാൻ, ഹൃദയം നുറുങ്ങുന്നതായി അറിഞ്ഞാലും അതിനെ പൊട്ടാതെ കൂട്ടിപ്പിടിച്ചും കരളിന്റെ കഷ്ണങ്ങളായ മൂന്ന് മക്കളെ ചേർത്ത് വെച്ചും ജീവിതത്തിന്റെ കുത്തൊഴുക്കിനെതിരെ തനിച്ച് നീന്തുന്നവനോട് പിന്നെ ഞാനെന്ത് പറയാനാണ്.

ചെറുമഴ ചാറിത്തീർന്ന ഇരുപത്തിയൊമ്പതാം നോമ്പ് നാളിന്റെ അസ്തമയ നേരം ആവുന്നു, അതിന് മുമ്പ് നോമ്പ് തുറക്കാൻ റൂമിലെത്തണം. ആ വെപ്രാളത്തോടെ വരുന്ന നാല് പെരുന്നാൾ അവധി ദിനങ്ങളിലേക്കുള്ള പ്രോഗ്രാം സിസ്റ്റത്തിൽ തയാറാക്കി വെക്കുന്ന തിരക്കിലേക്കാണ് ഒരു വാട്സാപ് കോൾ വന്ന് വീണത്. നോക്കുമ്പോൾ കാലങ്ങൾക്കപ്പുറത്ത് കൂടെയുണ്ടായിരുന്ന സരസമായി ഹൃദയം തുറന്ന് വല്ലാതെ ചിരിച്ച് മാത്രം സംസാരിക്കുന്ന സ്നേഹവും ബഹുമാനവും മത്സരിച്ച് തിരിച്ച് നൽകുന്നവൻ..

നിത്യവും സുപ്രഭാതമായി സന്ദേശം അയക്കുന്ന കൂട്ടത്തിൽ അവനുമുണ്ട്, പക്ഷേ മറുപടിയൊന്നും വരാറില്ലായിരുന്നു. ഏത് പടുകുഴിയിൽ വീണ് കിടക്കുകയാണെങ്കിലും തമാശയും കുസൃതിയും പറയാനുള്ള സ്വാതന്ത്ര്യത്തോടെ ആദ്യ ശബ്ദ സന്ദേശം വിട്ടു. ഒന്ന് നടു നിവർത്താനായി പുറത്തിറങ്ങിയതായിരുന്നു, പെയ്ത് തോർന്ന മഴയിൽ നനഞ്ഞ ചിറക് കുടഞ്ഞ് പരിഭവക്കരച്ചിലോടെ മരച്ചില്ലയിൽ ഇരിക്കുന്ന കുഞ്ഞിക്കിളികളെ സങ്കടത്തോടെ നോക്കി നിൽക്കുന്ന നേരത്താണ് മറുപടി സന്ദേശമെത്തിയത്. അത് കേട്ട് തീർന്നപ്പോൾ ഞാനും ആ കുഞ്ഞിക്കിളികളുടെ അവസ്ഥയിലായി. വല്ലാതെ ഉള്ളം പിടിഞ്ഞുലഞ്ഞു.

ജോലിയുണ്ട്, കൂലിയുണ്ട്, പക്ഷേ എന്റെ ജീവിത സാഹചര്യം ആകെ താളം തെറ്റിപ്പോയി സലീംക്കാ, കൂട്ടിലുണ്ടായിരുന്ന ഇണക്കിളി തന്നെയും പറക്കമുറ്റാത്ത മൂന്ന് മക്കളെയും വിട്ട് പോയിട്ടിപ്പോൾ ഒരു കൊല്ലമായി. ഓരോ കുടുംബത്തിലും ഉണ്ടാവാറുള്ള പിണക്കങ്ങളധികവും ഇണക്കമേറെയായി കൂടിച്ചേർന്ന് ഇമ്പമേറുന്നതായി പരിണമിക്കാറാണല്ലോ പതിവ്. ഇവിടെ അതിന് വിപരീതമായി. ഓരോ പിണക്കങ്ങളും ഇണക്കമായി മാറാതെ പിന്നെയും പിളർന്നകന്ന് ജീവിതം തന്നെ നടുക്കടലിലായി. ആഞ്ഞ് തുഴഞ്ഞ് അടുപ്പിച്ചെത്തി കൈനീട്ടുമ്പോഴേക്ക് പിന്നെയും അകന്നകന്ന് തന്നെ മാറി. ബന്ധപ്പെട്ടവരെല്ലാം ചേർന്ന് വിളക്കിച്ചേർക്കാൻ നോക്കിയെന്നാലും വിടവ് വീണ മനസ്സിന്റെ സ്നേഹത്തോണി വിട്ടകലുന്നത് നോക്കി നിൽക്കാനേ എനിക്കും മക്കൾക്കും ആയുള്ളൂ. പിച്ച വെച്ച് നടക്കുന്ന മൂന്നര വയസ്സുകാരൻ പിഞ്ചു പൈതലിന്റെ കവിളിൽ ഒലിച്ചിറങ്ങിയ കണ്ണുനീർച്ചൂടിന് പോലും കരിങ്കൽമതിൽ കെട്ടിയ പെറ്റമ്മയുടെ ഹൃദയത്തെ അലിയിക്കാനായില്ല.

ചില അവസ്ഥകളുടെ ഉള്ളറിയുമ്പോൾ ഉള്ളിലെ അവയവങ്ങളെല്ലാം നുറുങ്ങുന്നൊരു അനുഭവമുണ്ടല്ലോ, അവിശ്വസനീയതയുടെ ആഴത്തിൽ അകപ്പെട്ട് കരണം മറിഞ്ഞ് അവയെല്ലാം ഇളകുന്നൊരു അവസ്ഥ. പ്രാർഥനയും പരിശ്രമങ്ങളുമായി പള്ളിമേടയും കൗൺസിലിംഗുമായി വക്കീൽ ആപ്പീസുകളും കോടതിയുമായി പകലുകളെത്രയോ.. ഉറക്കത്തിൽ പോലും അമ്മച്ചൂടിനായി ചുചുകം പരതിത്തിരയുന്ന മൂന്നര വയസ്സ് പ്രായക്കാരനെ നെഞ്ചോടടുക്കിപ്പിടിച്ച് കിടക്കവെ ഉള്ളം നീറിപ്പൊള്ളിയടർന്ന നിദ്രാവിഹീന രാത്രികളെത്രയോ.. കോടതിയിൽ ഉന്നയിക്കപ്പെട്ട പരിഹാരധനം സ്വരുക്കൂട്ടാനായി അക്കങ്ങളെ തിരിച്ചും മറിച്ചും കണക്ക് കൂട്ടിക്കുഴഞ്ഞ് നെഞ്ചുഴിഞ്ഞ ദിനങ്ങളെത്രയോ..

എല്ലാ പരിശ്രമങ്ങളും വൃഥാവിലായി മുഴുവൻ പരിഹാര നിർദ്ദേശങ്ങളും തള്ളപ്പെട്ട് മക്കൾക്ക് അമ്മക്കൂട്ടാവട്ടെ എന്ന അവസാന അഭ്യർഥനയുമായി പരമാവധി താഴ്ന്നപ്പോൾ മുതുകിൽ ചവിട്ടിയെന്നോണം ആൾ കടന്ന് പോയി, പ്രസവിച്ച് പാലൂട്ടി വളർത്തിയ മക്കളെ ഇനി വേണ്ടെന്ന കഠോരമനസ്കതയുമായി. യാഥാർഥ്യത്തിന് ആഴമേറെയുണ്ടാവും, അതിന് മുന്നിൽ പകച്ചു നിൽക്കുന്നവരോ തകരുന്നവരോ ഉണ്ടാവാം. എന്നാൽ, സ്വർഗ്ഗ സുഗന്ധ പൂരിതമായിരിക്കേണ്ട വീട്ടകം മിക്കപ്പോഴും അടുപ്പിലിട്ട ഉപ്പുകല്ല് പൊട്ടിത്തെറിക്കുന്നത് പോലെയായത് കണ്ടും കേട്ടുമറിഞ്ഞ മൂത്ത രണ്ടാണ്മക്കൾ പ്രകടിപ്പിച്ച അസാമാന്യ സ്ഥൈര്യം, പിഞ്ചു കുഞ്ഞായ മൂന്നര പ്രായക്കാരന്റെ കുസൃതികൾ നൽകിയ കരുത്ത് സങ്കടത്തിന്റെ കാർമേഘങ്ങളെ വകഞ്ഞ് പ്രതീക്ഷകളുടെ നൂൽപ്പാലക്കൈവരികളിൽ പിടിച്ച് പ്രതിസന്ധികളുടെ നിലയില്ലാക്കയത്തിൽ നിന്നും ജീവിതത്തിന്റെ കരിങ്കൽ മുനകളിൽ ചവിട്ടി ഉയർന്ന് കിതപ്പൊടുങ്ങി നിന്ന് ശ്വസിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഒരു കൊല്ലമാവുന്നു.

ജീവിതം സുഖമാണോ എന്ന് ചോദിച്ചാൽ, ഞാനും മൂന്ന് ചെറിയ ആണ്മക്കളും മാത്രമുള്ള വീട്ടിലെ ജീവിതം സുഖമെന്ന് പറയാമെങ്കിൽ അങ്ങനെയാണ്. ഞാനും മക്കളും, വീട്ടിലെയും ജീവിതത്തിലെയും ഉത്തരവാദിത്തങ്ങൾ സ്വയം എടുത്തണിഞ്ഞു. അമ്മയോട് പറയാവുന്ന കുസൃതിപ്പരിഭവങ്ങളെ മക്കൾ പക്വതയോടെ തൊണ്ടയിൽ തടഞ്ഞ് വെച്ചു. അന്നമൂട്ടുന്ന അമ്മവിരലുകളില്ലാഞ്ഞിട്ടും ചേട്ടന്മാരുടെ കുഞ്ഞിക്കൈകൾ നൽകുന്ന ഉരുളകൾക്ക് കുഞ്ഞനുജൻ അറിയാതെ വാ തുറന്നു തുടങ്ങി. അമ്മത്താരാട്ടിന്റെ സ്വരമാധുരിക്ക് വാശി പിടിക്കാതെ കിടന്നുറങ്ങാൻ അവൻ സ്വയം ശീലിച്ച് കഴിഞ്ഞു. ഇങ്ങനെയൊക്കെയാണ് ഇപ്പോഴത്തെ ജീവിതം, അഥവാ വിളക്കില്ലാത്ത വീട്ടിലെ ഇരുട്ടിൽ തപ്പുന്ന നാല് ജന്മങ്ങളായി ഞങ്ങൾ ജീവിച്ച് പോകുന്നു. ഇനി വിദേശത്തേക്കൊന്നുമില്ല. മക്കളാണ് ഇനി എന്റെ ജീവിതം, പിതാവെന്ന ഭാഗത്തിനൊപ്പം അവരെ വേണ്ടാതെ ഇട്ടിട്ട് പോയ പെറ്റമ്മയുടെ പകരം കൂടി ഞാൻ പകർന്നു നൽകണമല്ലോ.

നിശ്ചല ഹൃദയനായി നിന്ന് ഞാൻ അവന്റെ സന്ദേശം കേൾക്കുകയായിരുന്നു, അവൻ ഗദ്ഗദകണ്ഠമായിരുന്നെങ്കിലും അവന്റെ വാക്കുകൾ ദൃഢമായിരുന്നു. സംസാരത്തിൽ വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു. പോരാടി ജയിച്ചെത്തിയ യോദ്ധാവിന്റെത് പോലെയുള്ള ആത്മവിശ്വാസമുണ്ടായിരുന്നു. മനുഷ്യ ജീവിതങ്ങൾ ഇങ്ങനെയൊക്കെയാണ്, കൂടെയുണ്ടാവുമെന്ന ഉറച്ച പ്രതീക്ഷക്ക് മേൽ സൂര്യാസ്തമയക്കറക്കത്തിനിടയിൽ കരിനിഴലും പ്രതിബന്ധങ്ങളുമായി അപ്രതീക്ഷിതങ്ങൾ സംഭവിക്കുന്നത്, പലരും കാലിടറി വീണു പോകുന്നതാണ്. എന്നാൽ പ്രിയ സഹോദരൻ, അസാമാന്യമായ മനക്കരുത്തോടെ അതിജീവിച്ചു എന്നതാണ് അത്ഭുതം. നന്മകൾ നേരുന്നു, പ്രിയനേ. മുപ്പതാം നോമ്പിന്റെ അവസാന നിമിഷങ്ങളിൽ നന്മക്കായി പ്രാർഥിക്കുന്നു സ്നേഹമേ..

English Summary:

Malayalam Short Story ' Aanoruthan ' Written by Saleem Mihran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com