ADVERTISEMENT

ഇക്കൊല്ലം ആദ്യം ഞങ്ങൾ കോളജിൽ നിന്ന് ടൂർ പോയി. ടീച്ചർമാരും ചിലരുടെ കുടുംബവും ഒക്കെയായാണ് യാത്ര. എന്നത്തേയും പോലെ ഞാൻ കുട്ടികളുടെ സ്വന്തം ആന്റിയായി മാറാൻ അധികം താമസിച്ചില്ല. കുട്ടികളെ വളച്ചെടുക്കാൻ പല വഴികൾ നമ്മുടെ കയ്യിൽ ഉണ്ടല്ലോ. അങ്ങനെ ഞങ്ങൾ ഒരു ഡാമിൽ നിന്നിറങ്ങി റോഡിലേക്ക് നടക്കുകയായിരുന്നു. റോഡിൽ എത്തിയപ്പോൾ മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും അമ്പലങ്ങളുടെയും ഒഴിച്ച് കൂടാനാകാത്ത ഘടകമായ കുറെ ഭിക്ഷക്കാർ ഞങ്ങളെ പിടികൂടി. എന്റെ കൂടെ രണ്ട് മൂന്ന് കുട്ടികളും ഉണ്ട്. ഞാൻ ഭിക്ഷക്കാർക്ക് ഒന്നും കൊടുത്തില്ല. കൊടുക്കാറുമില്ല. "ആന്റി, അവർക്കെന്തെങ്കിലും കൊടുക്ക്" എന്ന് പറഞ്ഞു പിള്ളേരും. 

"മക്കളെ, ഭിക്ഷക്കാർക്ക് ഒരിക്കലും പൈസ കൊടുക്കരുത്. അവർക്ക് വേണമെങ്കിൽ ഭക്ഷണം വാങ്ങി കൊടുക്കാം. പൈസ കൊടുത്ത് ഭിക്ഷാടനം പ്രോത്സാഹിപ്പിക്കരുത്." എന്നൊക്കെ പറഞ്ഞു അവരെയും അതിൽ നിന്ന് പിന്തിരിപ്പിച്ചു ഞങ്ങൾ ബസിനടുത്തേക്ക് നടന്നു. അപ്പോളുണ്ട് എന്റെ പാന്റിൽ ആരോ പിടിച്ചു വലിക്കുന്നു. ഞാൻ നോക്കുമ്പോ ഒരു വയസ്സായ ഭിക്ഷക്കാരി. "അമ്മാ.. ഒന്നുമേ ശാപ്പിടലേ. പൈസ കൊട് മാ." കുട്ടികളുണ്ട് കൂടെ. അവർക്ക് മാതൃയാകാൻ വേണ്ടി ഞാൻ പറഞ്ഞു "പൈസ ഒന്നും തരില്ല. വേണങ്കി ഊണ് വാങ്ങി തരാം." എന്നെ ഞെട്ടിച്ചു കൊണ്ട് അവർ ചാടി എണീറ്റ് എന്റെ കൂടെ വന്നു. 

ഞാൻ ചുറ്റും നോക്കി കുറെ കുപ്പി ജ്യൂസ്‌ വിൽക്കുന്ന കടകളുണ്ട്. അവിടൊന്നും ഊണ് കിട്ടുമെന്ന് തോന്നുന്നില്ല. അവർ റോഡും ക്രോസ് ചെയ്തു എന്നെ നോക്കി നിക്കാ. ഞാനവരുടെ അടുത്തെത്തി "എവിടെയാ ഊണ് കിട്ടാ"ന്നും പറഞ്ഞു തിരിഞ്ഞു നോക്കിയതും അവർ അവിടെയുള്ള നല്ലൊരു ഹോട്ടലിലേക്ക് കേറി പോകുന്നത് കണ്ടു. എന്നെ തിരിഞ്ഞു നോക്കി അവർ വിളിച്ചു "ഇൻഗേ കിടക്കും." ഞാനും കൂടെ കയറി. അവരെ ഒരു കസേരയിൽ കൊണ്ട് പോയി ഇരുത്തി. 

അവിടത്തെ വെയ്റ്റർമാർ പരസ്പരം നോക്കുകയും എന്തൊക്കെയോ കുശുകുശുക്കുകയും ചെയ്യുന്നത് കണ്ടു ഞാൻ അവരോട് പറഞ്ഞു "ഒരു ഊണ് വേണം." അതിന് ടോക്കൺ എടുക്കണം പോലും. ഞാൻ കൗണ്ടറിൽ ചെന്നു ടോക്കൺ എടുക്കാൻ ഗൂഗിൾ പേയുടെ ക്യു ആർ കോഡ് തപ്പി. അങ്ങനൊന്ന് അവിടില്ല. "കാർഡ് എടുക്കുമോ?" "നെറ്റ് ഡൗൺ. നീൻഗേ അന്ത അമ്മാവേ കൂട്ടി പോ." ഉച്ച നേരമാണ്. അവിടെ ഒരു ഭിക്ഷക്കാരിയെ കണ്ട അതൃപ്തി അവരുടെ സ്വരത്തിലും പെരുമാറ്റത്തിലും പ്രകടമായിരുന്നു. എന്റെ കൈയ്യിലാണേ കാശുമില്ല. പത്തോ ഇരുപതോ രൂപ കാണും. അവിടെയുള്ള ജീവനക്കാർക്ക് ഞങ്ങൾ എങ്ങനെങ്കിലും അവിടന്ന് പോയാൽ മതിയെന്ന മനോഭാവവും.

എന്നെയും വിശ്വസിച്ചു അങ്ങോട്ട് ഊണ് കഴിക്കാൻ കേറി വന്ന അവരെ ഞാൻ നോക്കി. നിരാശയോടെ എന്നെ നോക്കിയിരിക്കുന്ന അവരെ അവഗണിക്കാൻ എനിക്കാവില്ല. "നിങ്ങൾ അവിടെ തന്നെയിരിക്ക്. ഞാനിപ്പോ വരാ," എന്നും പറഞ്ഞു ഞാൻ ഹോട്ടലിൽ നിന്നും പുറത്തേക്കോടി. എന്റെ കൂടെയുള്ള ടീച്ചർമാർ കുറച്ചു ദൂരെ ഒരു കടയിൽ നിൽക്കുന്നു. ഞാൻ ഓടി ചെന്നു അവരുടെ കൈയ്യിൽ നിന്ന് കാശും വാങ്ങി തിരിച്ചു ഹോട്ടലിലേക്ക് ഓടി. വഴിക്കണ്ണുമായി എന്നെയും കാത്തിരുന്ന ആ വൃദ്ധക്ക്‌ എന്നെ കണ്ടപ്പോൾ ആശ്വാസമായി. കാശ് കൊടുത്ത് ടോക്കൺ വാങ്ങി അവർക്ക് ഊണ് കൊടുക്കാൻ പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി.

കൈയ്യിൽ കാശില്ലാതെ, തെണ്ടി ഏതോ ഊരിലെ ആർക്കോ ഒരു നേരം സന്തോഷം വാങ്ങി കൊടുത്തപ്പോൾ ഞാൻ നേടിയതെന്താണ്? ചെറിയൊരു സന്തോഷം. വലിയൊരു പാഠവും. കൈയ്യിൽ തുട്ട് ഉണ്ടെങ്കിലേ വിലയുള്ളൂ. നമുക്കും നമ്മുടെ പ്രവർത്തികൾക്കും.

English Summary:

Malayalam Experience Note ' Uyarnna Chinthagathiyum Kaali Pursum ' Written by Shiju

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com