ADVERTISEMENT

പെണ്ണേ നീ എനിക്കെന്നും ഒരതിശയമാണ്.

നിന്റെ കയ്പേറിയ പൂർവാനുഭവങ്ങൾ

മുറുകെപ്പിടിച്ചു നീ

തുടങ്ങിയ യാത്ര,

ഇന്നെത്തി നിൽക്കുന്നതെവിടെ?
 

പോയ കാലങ്ങളിൽ വെറും പെണ്ണെന്നും

പാഴ് ജന്മമെന്നും

പഴി കേട്ടു കഴിഞ്ഞവൾ‌.

ഓർമ വച്ച നാൾ മുതൽ അടക്കവു

മൊതുക്കവും കൂടപ്പിറപ്പായി 

കൊണ്ട് നടന്നവൾ
 

വാനിൽ പറന്നുയർന്നു

ആകാശങ്ങൾ തേടാനും, 

നവാനുഭൂതികൾ നുകരാനും, 

പുതിയ ലോകങ്ങൾ കീഴടക്കി 

ആനന്ദത്തിൻ രുചിയറിയാനുമുള്ള 

അവളുടെ മനസ്സിന്റെ ചിറകുകളെ 

വാക്കുകളുടെ മൂർച്ചയേറിയ 

കത്തിയാൽ അരിഞ്ഞു വീഴ്ത്തിയതാരു?
 

എന്നും കുളിച്ചു കുറി തൊട്ട് 

തുളസിക്കതിർ ചൂടി 

ഉമ്മറക്കൊലായിൽ നിലവിളക്കി 

നൊപ്പമെരിഞ്ഞ് തീരണമെന്നും 

അടുക്കളയിൽ ചുവരുകൾക്കുള്ളിൽ 

ആഹാരമൊരുക്കി കാത്തിരിക്കണം എന്നും
 

ചുറ്റുമുള്ളവരുടെ ഇഷ്ടങ്ങളിൽ സ്വന്തം 

ഇംഗിതങ്ങൾ കാണണമെന്നും

അപ്പോഴും ഉള്ളിന്റെയുള്ളിലെ 

കനകക്കൂട്ടിൽ പറന്നുയരാൻ വെമ്പുന്ന 

സ്വാതന്ത്ര്യത്തിന്റെ മോഹങ്ങളെ 

ചുട്ടു കരിക്കണമെന്നും

അവളെ ചൊല്ലിപ്പഠിപ്പിച്ചതാരു?
 

സ്നേഹക്കടലായും 

ത്യാഗത്തിൻ പര്യായമായും

ക്ഷമയുടെ, കണ്ണീരിന്റെ 

പ്രതിബിബമായും വീടിന്റെ വിളക്കായും 

അവളെ വാഴ്ത്തുമ്പോൾ

അറിയുന്നുവോ -

ഈ വർണ്ണനകളാണവളുടെ 

ശാപമെന്നു!
 

തന്നെയീ കാരിരുമ്പഴിക്കുള്ളിൽ

തളച്ചിടാൻ ഉതകുന്ന സ്നേഹത്തിൽ ചാലിച്ച 

പാഴ് വാക്കാണിവയെന്ന്!

അടിമത്തത്തിന്‍

ചങ്ങലക്കണ്ണികൾ ഭേദിച്ച് 

ഇരുമ്പഴികളെ തകർത്തെറിഞ്ഞു 

പെണ്ണേ നീ കൊടുങ്കാറ്റായി ഉയരണം.
 

ആളിപ്പടരും തീ നാളമാവണം.

സ്വാതന്ത്ര്യത്തിന് മധു തേടിയലയുന്ന 

ശലഭമായ്‌ മാറണം.

ഇനിയുമേറെ കാതങ്ങൾ താണ്ടി പറന്നുയരണം 

ഒരു ഫീനിക്സ് പക്ഷിയെ പോൽ.

English Summary:

Malayalam Poem ' Pennu ' Written by Sandra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com