ADVERTISEMENT

കറുപ്പും വെളുപ്പും ഇടകലർന്ന കള്ളികൾ;

കുരുക്ഷേത്രയിലെ കളംപോലെ;

അച്യുതമൈതാനം!

വെളുത്ത നിറമുള്ള മനുഷ്യർ;

കറുത്ത നിറമുള്ള മനുഷ്യർ;

കറുപ്പിലും വെളുപ്പിലും

കുതിരകൾ, ആനകൾ, രഥങ്ങൾ.
 

രണ്ടറ്റത്തും

ജാഗരൂകരായ മന്ത്രിമാർ;

ശങ്ക തീണ്ടാതെ, ഗർവ്വോടെ  

രാജാക്കന്മാർ,

'അദൃശ്യരായ സേനാധിപരി' ലുള്ള

അന്ധമായ വിശ്വാസം!
 

ചിലപ്പോളയാൾ,

വെളുത്ത മനുഷ്യനാകും.

ചിലപ്പോൾ കറുത്തവനും.

ഏതായാലും

പടതന്നെ കാര്യം!

ചലനാത്മകമാകുന്ന പടക്കളം;
 

ഒരു സേനാധിപന്‍, 'അയാള്‍';

മറ്റേ ആൾ, 'ആ... ആരോ...',

അയാൾക്കു നിശ്ചയമുണ്ടാകില്ല;

അയാൾക്കതറിയേണ്ട കാര്യമില്ല.

കരുക്കൾ

കുതിക്കാനോങ്ങുമ്പോളയാൾ

പുരയെ മറക്കും;

പിന്നെയല്ലേ, മുന്നിലെ ആളെ!
 

സൂര്യൻ

കിഴക്കോ? പടിഞ്ഞാറോ?

കിഴക്കായാലെന്ത്;

പടിഞ്ഞാറായാലെന്ത്,

അയാൾക്കതുമറിയേണ്ടതില്ല.

കുറുകിയ തടി;

കുനുകുനാ നടത്തം.

അയാളൊരിടത്തിരിക്കുമ്പോൾ

അതാണ്,

ആ നാട്ടിലെ കുരുക്ഷേത്രം!
 

ചുമലിൽ,

പഴയൊരു തോർത്ത്.

അഴികളിൽ, 'കറുപ്പും വെളുപ്പും'

തേച്ചതിന്റെ; ചുമരിൽ,

കുമ്മായമിട്ടതിന്റെ

വള്ളികളും പുള്ളികളും ഗന്ധവുമുള്ള,

മുഷിഞ്ഞ തോർത്ത്!          

അരയ്ക്കുക്കീപ്പോട്ട്,

മുക്കാലിഞ്ചിറക്കത്തിൽ ലുങ്കി;

അരയ്ക്കു മേലോട്ട്, ശൂന്യത!
 

മടിക്കുത്തിലൊരുക്കെട്ടു

മഞ്ഞ കാജാ, തീപ്പെട്ടി.

കത്തിച്ചതു കെട്ടതോ;

കത്തിക്കാൻ മറന്നതോ,

ഒരു ബീഡിമണം

ചെകിടിൽ സ്ഥിരതാമസം.
 

ചുണ്ടിലെരിയുന്ന ബീഡിയേക്കാൾ

ചൂണ്ടാണിക്കടിയിൽ ഞെരിയുന്ന

ബീഡിക്കുറ്റിയാണ്,

എതിരാളിയെ

ഞെരിപ്പിരിക്കൊള്ളിക്കാറുള്ളത്. 
 

അയാളുടെ സൂര്യൻ  

ഉദിച്ചിരുന്നതും അസ്തമിച്ചിരുന്നതും

അവിടെയായിരുന്നു;

അയാളുദിച്ചതും അസ്തമിച്ചതും

ആ നാട്ടിലായിരുന്നു,

ശങ്കരയ്യ റോഡിൽ;

ചതുരംഗചേകവരുടെ സ്വപ്നഭൂമിയിൽ!
 

'ജയം...',

അങ്ങനെയൊന്നില്ലായിരുന്നു,

അയാൾക്ക്; 

രണ്ടായാലും,

ഒരേ നിറമുള്ള

ഒരു കരുവായിരുന്നു അയാൾ;

ആരും പഠിച്ചു പോകുന്ന,

ആരെയും പഠിപ്പിക്കാത്ത

ഗുരുവായിരുന്നു!
 

അയാളുടെയുള്ളിൽ

വരഞ്ഞുക്കിടന്നിരുന്ന

കള്ളികളിലെ പോടുകളിലൂടെ

ഊർന്നിറങ്ങിയ പടയോട്ടക്കാർക്കയാൾ

രാജാവായിരുന്നു;

അവരുടെ രാജാവ്!

'ഉട്ടോപ്യയിലെ രാജാവ്!!' 

കളപ്പുരയ്ക്കൽ വാസു!!! 
 

(തൃശ്ശൂരിലെ ആദ്യകാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കൽ വാസുവിനെകുറിച്ച്.)

English Summary:

Malayalam Poem ' Utopiayile Rajavu ' Written by Sathish Kalathil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com