ADVERTISEMENT

‘മാർക്കോ’ എന്ന ഹനീഫ് അദേനി ചിത്രത്തിലൂടെ തന്റെ തട്ടകത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് ഉണ്ണി മുകുന്ദൻ. യുവ തലമുറയിൽ ആക്‌ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സമർഥനായ താരം ഇടക്കാലത്ത്, ഷഫീഖിന്റെ സന്തോഷം, മേപ്പടിയാൻ, മാളികപ്പുറം, ജയ് ഗണേഷ് തുടങ്ങിയ ഫീൽ ഗുഡ് സിനിമകളിലൂടെ കുടുംബ സദസ്സുകൾക്കും പ്രിയപ്പെട്ടവനായി മാറിയിരുന്നു. ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘മാർക്കോ’ ഉണ്ണി മുകുന്ദന്റെ മുഴുനീള ആക്‌ഷൻ സിനിമകളിലൊന്നാകും. മലയാള സിനിമയിൽ പുതുതായി രംഗപ്രവേശം ചെയ്യുന്ന ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.

സമീപകാലത്തെ ഏറ്റവും മികച്ച സ്റ്റൈലിസ്റ്റ്, ആക്‌ഷൻ-വയലൻസ് ചിത്രമായിരിക്കും മാർക്കോ. വയലൻസ്,ആക്‌ഷൻ ചിത്രങ്ങൾ ഒരുക്കാൻ ഏറ്റവും സമർഥനായ ഹനീഫ് അദേനി ഒരുക്കുന്ന ഈ ചിത്രത്തിൽ എട്ട്  ആക്‌ഷന്‍ രംഗങ്ങളാണുള്ളത്. ബോളിവുഡിലേയും കോളിവുഡിലേയും മികച്ച ആക്‌ഷൻ കോറിയോഗ്രാഫേഴ്സ് ആണ് ആക്‌ഷൻ കൈകാര്യം ചെയ്യുന്നത്. കലൈകിങ് സൺ, സ്റ്റണ്ട് സിൽവ എന്നിവരാണ് ഇവരിലെ പ്രമുഖർ.

ഹനീഫ് അദേനി സംവിധാനം ചെയ്ത ‘മിഖായേൽ’ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കിയാണ്  ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയിലെ ക്രൂരനായ വില്ലൻ കഥാപാത്രമായിരുന്നു മാർക്കോ ജൂനിയർ.  മലയാളത്തിലെ ഒരു വില്ലന്റെ കഥ പറയുന്ന ആദ്യ സ്പിൻ ഓഫ് സിനിമയായും ഈ ചിത്രം മാറും. മാർക്കോ ജൂനിയറിന്റെ ഭൂതകാലത്തിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത്.

നായിക ഉൾപ്പടെയുള്ള ചില പ്രധാന താരങ്ങൾ ബോളിവുഡ്ഡിൽ നിന്നുള്ളതാണ്. സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ , ടർബോ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കബീർ ദുഹാൻസിങ്, അഭിമന്യു തിലകൻ. യുക്തി തരേജ തുടങ്ങിയ പ്രമുഖ താരങ്ങളും, ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

കെജിഎഫിലൂടെ തരംഗമായി മാറിയ രവി ബസ്രൂര്‍ ആണ് ഈ ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്. എഡിറ്റിങ് ഷമീർ മുഹമ്മദ്. കലാസംവിധാനം സുനിൽ ദാസ്. മേക്കപ്പ് സുധി സുരേന്ദ്രൻ. കോസ്റ്റ്യും ഡിസൈൻ ധന്യാ ബാലകൃഷ്ണൻ. ചീഫ് അസ്സോ ഡയറക്ടർ. സ്യമന്തക് പ്രദീപ്. പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ് ബിനു മണമ്പൂർ. പ്രൊഡക്‌ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ. പ്രമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ. മാർക്കറ്റിങ് 10. ജി. മീഡിയ. മേയ് മൂന്നിന് മൂന്നാറിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷൻ ഫോർട്ട് കൊച്ചിയാണ്. പിആർഓ: വാഴൂർ ജോസ്.

English Summary:

Unni Mukundan’s ‘Marco’ to go on floors on May 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com