ADVERTISEMENT

'ചിരിക്കുന്ന ഭാവന'യെയാണ് കുറച്ചു ദിവസങ്ങളായി സോഷ്യൽമീഡിയയിൽ കാണുന്നത്. വലിയ വെല്ലുവിളികൾ നിറഞ്ഞ ജീവിതത്തിൽനിന്നും ഒരാൾ ഇങ്ങനെ സന്തോഷം വീണ്ടെടുക്കുന്നത് ആശ്വാസമുള്ള കാഴ്ചയാണ്. ആ സന്തോഷത്തിനു കാരണം അടുത്ത സുഹൃത്തുക്കൾ കൂടിയാണെങ്കിൽ കാഴ്ചയുടെ ഭംഗി ഒന്നു വേറെ തന്നെയാകും. ഏറ്റവും പുതിയ സിനിമയായ ‘നടികർ’ വിശേഷങ്ങളുമായി ടോവിനോയും ലാൽ ജൂനിയറും ബാലു വർഗീസും ഭാവനയും മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു. സൗഹൃദവും കലയും പരസ്പരം ചേർന്ന് നിൽക്കുന്നതിന്റെ സുഖമുണ്ട് ഓരോ സിനിമയിലും എന്നാണ് മലയാള സിനിമയിലെ പുതിയ ചങ്ങാതിക്കൂട്ടം പറയുന്നത്. 

സന്തോഷം എന്താണെന്നു ചോദിച്ചാൽ ‘ചിലപ്പോൾ കുടുംബമാണ് സന്തോഷം കൊണ്ടുവരാറ്. ചിലപ്പോൾ അത് കൂട്ടുകാരാകും. ചിലപ്പോൾ കരിയറിലെ വലിയ വിജയമാകും സന്തോഷം. ഓരോ സമയങ്ങളിലും സന്തോഷം എന്താണെന്ന് കടന്നെത്തിയാൽ മാത്രം മതി’ എന്നാണ്  ഭാവനയുടെ ഉത്തരം. ഇടയ്ക്കെപ്പോഴൊക്കെയോ ഉള്ള ഒറ്റയ്ക്കിരിക്കൽ സമയങ്ങളാണ് ടോവിനോയ്ക്ക് സന്തോഷം എന്ന വാക്കിനോട് ചേർത്ത് വയ്ക്കാൻ തോന്നുന്നത്. ലാൽ ജൂനിയറിനു യാത്രകളാണ് സന്തോഷം. ഈ സന്തോഷത്തിന്റെയും കൂട്ടുകെട്ടിന്റെയും സിനിമ കൂടിയാണ് 'നടികർ'.

ലാൽ ജൂനിയർ - സൗഹൃദം നിർവചിക്കാൻ പറ്റില്ലെങ്കിലും, മറ്റുള്ളവരോടു തോന്നുന്ന പരസ്പരബഹുമാനമാണ് സൗഹൃദത്തിന്റെ പ്രധാന കാതൽ. ജോലി എളുപ്പമാക്കാൻ ഈ മേഖലയിൽ നന്നായി പണിയെടുക്കുന്ന കഴിവുള്ള ആളുകളെ കൂട്ടുകാരാക്കി നിർത്തുന്നതിനു കാര്യമായ പങ്കുണ്ട്. പരസ്പരം ഏതൊക്കെയോ തരത്തിൽ  ഉപകാരമുള്ളവരായിരിക്കുന്നതുകൊണ്ടുകൂടിയാണ് വലിയ പ്രശ്നങ്ങൾ ഇല്ലാതെ സൗഹൃദം മുന്നോട്ടു പോകുന്നത്. 

ടൊവിനോ - എന്തും പറയാനും, അതിൽ നിന്നും നമുക്ക് ഈഗോയില്ലാതെ മനസിലാക്കാനും പറ്റുന്ന സൗഹൃദങ്ങളെ ചേർത്തുപിടിക്കുന്നത് അത്യാവശ്യമാണ്. ഒരാളുടെ പേരിൽ സിനിമയുണ്ടാകുമ്പോൾ ആളുകൾ കാണാനായി തീയേറ്ററിലേക്ക് എത്തുന്നുന്നുണ്ടെങ്കിൽ ആ വ്യക്തിയെ സ്റ്റാർ എന്ന് വിളിക്കാം. സാമ്പത്തിക വിജയങ്ങളും ചുറ്റുമുള്ളവർക്കു ഇഷ്ടം തോന്നിപ്പിക്കുന്നതും എല്ലാം അതിന്റെ ഭാഗമാണ്.

ഭാവന - ലാലേട്ടന്റെയും മമ്മൂക്കയുടെയുമൊക്കെ അഞ്ചാറു സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടാലും പിന്നെയും അടുത്ത സിനിമ കാണാൻ ആളുകൾ തീയേറ്ററിലേക്ക് എത്തുന്നുണ്ടല്ലോ. അവർ ഇത്രയും കാലം ഈ ഇൻഡസ്ട്രിയിൽ നിന്നതിന്റെയും സ്റ്റാർഡത്തിന്റെയും ഫലമാണ് അത്. പെട്ടെന്നു ഉണ്ടായതല്ല. പ്രധാനമായും പുരുഷന്മാർക്കാണ് അത്തരം താരപരിവേഷം ഉള്ളത്. വളരെ പതുക്കെയാണെങ്കിലും സ്ത്രീകളും ആ നിരയിലേക്ക് എത്തുന്നുണ്ട്. കരീനയും തബുവും കൃതിയും ഒന്നിച്ച ബോളിവുഡ് ചിത്രം ക്രൂ പോലും വലിയ അനക്കം ഉണ്ടാക്കാത്തത്  സിനിമയിൽ പുരുഷതാരങ്ങൾ ഇല്ലാത്തതുകൊണ്ടു കൂടിയാണെന്നു സിനിക്കുകൾ പറയുന്നുണ്ട്,. അതിൽ'കാര്യവുമുണ്ട്. 

ലാൽ ജൂനിയർ - ബറോസ് പോലെയൊരു സിനിമ ചെയ്യാൻ ലാലേട്ടന് എളുപ്പമാകുന്നത് അദ്ദേഹം സ്റ്റാർ ആയതുകൊണ്ടാണല്ലോ. വേറെ ആർക്കും ബറോസ് എടുക്കാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് ഒരു സിനിമ ചെയ്യാൻ ഇത്ര കോടി വേണമെന്ന് ആവശ്യപ്പെട്ടാൽ അത് ലഭിക്കുന്നത് സംവിധായകനെന്ന നിലയിൽ എന്റെ സ്റ്റാർഡം ആയാണ് ഞാൻ മനസിലാക്കുന്നത്. ചില സിനിമകൾ വിജയം ആയില്ലെങ്കിലും അടുത്ത സിനിമയ്ക്ക് പ്രൊഡ്യൂസറെ കിട്ടുന്നുണ്ടല്ലോ.   

ഭാവന - കോവിഡ് കാലത്തെയാണ് ഇപ്പോളും എന്റെ ചബ്ബിനെസ്സിനു കാരണമായി ഞാൻ പറയുന്നത്. ഈ ദിവസം മുഴുവൻ ഭക്ഷണവും കഴിച്ചു തീർക്കാം. നാളെ മുതൽ ഡയറ്റ് തുടങ്ങാമെന്ന് വിചാരിക്കുന്നതാണ് എന്റെ പ്രശ്നം. 

ടൊവിനോ - എന്റെ മുൻപിൽ ഇരുന്ന് നല്ല ഭക്ഷണം കഴിക്കരുത് എന്നാണ് ടീമിലെ ആളുകളോട് ഞാൻ പറയാറുള്ളത്. ശരീരം നോക്കേണ്ടത് ഈ ജോലിക്ക് അത്യാവശ്യമാണല്ലോ. ഇടയ്ക്ക് പച്ചക്കറിയും സലാഡുമെല്ലാം ഓർഡർ ചെയ്യും. എന്നിട്ട് ബാലുവിന്റെ റൂമിൽപോയി ലേശം പുട്ടു തരുമോ, ചോർ തരുമോന്നു ചോദിക്കും. കൃത്യമായി ഡയറ്റ് ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ്. കണ്ടാൽ കഴിച്ചുപോകും

ഭാവന - പതിനഞ്ചു വയസിൽ സിനിമയിൽ വന്നതാണല്ലോ. എന്താണ് പറയേണ്ടതെന്ന് ഒരു വിവരവും ഇല്ലായിരുന്നു. വായിൽ വരുന്നത് മുഴുവനും വിളിച്ചു പറയുമായിരുന്നു. അതൊക്കെ പിന്നീട് ആളുകൾ കേൾക്കുമെന്നൊന്നും ആലോചിക്കുന്നില്ലല്ലോ. ഇപ്പോൾ ചിലതൊക്കെ പറയാതെയിരിക്കുന്നത് എങ്ങനെ എന്നാണ് ആലോചിക്കുന്നത്. അതിലാണ് മിടുക്ക് വേണ്ടത്. എന്ത് പറയുമ്പോളും ട്രോള് വരുമോ എന്നൊക്കെ പേടിക്കാറുണ്ട്. ജോലിയിലെ ഏറ്റവും കഷ്ടപ്പാടും ഇതു തന്നെ. 

ടൊവിനോ  - ഈ ജോലിയിൽ ഏറ്റവും പാടുള്ള പണി അഭിനയമല്ല. ചുറ്റുമുള്ളവരെ പരിഗണിക്കുന്നതുകൂടിയാണ്. ചിലപ്പോ നോ പറയേണ്ടിവരും. ചിലപ്പോൾ നമ്മുടെ മൂഡ് തീരെ ശ്രദ്ധിക്കാതെ പെരുമാറേണ്ടിവരും. 

ലാൽ ജൂനിയർ - ഏതെങ്കിലും സിനിമ പരാജയപ്പെട്ടാൽ അതിനെ ആ സെൻസിൽ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക ശ്രദ്ധ വേണം. ഇമോഷണലി അത്രയും അടുപ്പമുള്ള ഒരു പ്രോഡക്റ്റ് ഉണ്ടാക്കുന്നതാണല്ലോ എന്ന് കരുതി ആരോടും എന്റെ സിനിമയേക്കുറിച്ചു മോശം പറയരുതെന്ന് പറയാനും പറ്റില്ലല്ലോ.

ഭാവന - രാവിലെ മുതൽ മേക്കപ്പ് ഇട്ടിരുന്ന് പുലർച്ചെ മൂന്നുമണിക്ക് ഒരു ഷോട്ട് മാത്രം ചെയ്ത് മടങ്ങിയിട്ടുണ്ട്. കൺഫ്യൂഷനുകളാണ് എനിക്ക് ഈ ജോലിയിൽ ഏറ്റവും ബുദ്ധിമുട്ടായി തോന്നിയിട്ടുള്ളത്. പലപ്പോഴും ഇങ്ങനെയാണോ ജോലി ചെയ്യേണ്ടത്, ഇത്രയാണോ എഫേർട് ഇടേണ്ടത് എന്നിങ്ങനെ കുഴപ്പിക്കുന്ന സമയങ്ങളുണ്ടാകാറുണ്ട്. കൂട്ടുകാരൊക്കെ പറയുന്നത് ഞാൻ ഓവർ തിങ്കിങ് ചെയ്യുന്നതുകൊണ്ടാണെന്നാണ്. നമ്മുടേത് മാത്രമായ ഇൻസെക്യൂരിറ്റികളുണ്ടല്ലോ. നമ്മൾ റെലെവെന്റ് ആണോ എന്നൊക്കെ സംശയമുണ്ടാകും. ഇതൊക്കെ എങ്ങനെ പരിഹരിക്കണം ഇപ്പോളും എനിക്കറിയില്ല.

English Summary:

Chat wit Bhavana and Tovino Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com