ADVERTISEMENT

ജെ എഫ് ഡബ്ലിയു മൂവി അവാർഡ് ദാനച്ചടങ്ങിനിടെ തമിഴ് താരം സിദ്ധാർത്ഥിന്റെ കണ്ണുനനയിച്ച് നിമിഷ സജയൻ.  സിദ്ധാർഥും നിമിഷ സജയനും നായികാനായകന്മാരായി അഭിനയിച്ച ചിത്രമാണ് ചിത്താ.  പ്രേക്ഷകരെ ഒന്നാകെ കരയിപ്പിച്ച ചിത്രത്തിൽ അഭിനയിച്ച നിമിഷങ്ങൾ ഓർത്തെടുത്തപ്പോൾ നിമിഷയും വികാരഭരിതയായി.  നിർമ്മാതാവും സഹതാരവുമായ സിദ്ധാർത്ഥിന്റെ പിന്തുണ കൊണ്ടാണ് തമിഴ് നേരെ വഴങ്ങാത്ത തനിക്ക് ചിത്തയിൽ അഭിനയിക്കാൻ കഴിഞ്ഞതെന്ന് നിമിഷ പറഞ്ഞു.  സംവിധായകൻ അരുൺ കുമാറും സിദ്ധാർഥും അതുല്യരായ കലാകാരന്മാരാണെന്നും ഇത്തരത്തിൽ ഒരു ചിത്രം ചെയ്യാൻ മുന്നോട്ട് വന്ന പുരുഷന്മാർക്ക് നന്ദിയുണ്ടെന്നും നിമിഷ പറഞ്ഞു.  നിമിഷയുടെ വാക്കുകൾ കേട്ട് നിറകണ്ണുകളോടെയാണ് സിദ്ധാർഥ് വേദിയിൽ ഇരുന്നത്.    

nimisha-sidharth-chittha

"ഈ പുരസ്‌കാരം എനിക്ക് വളരെ പ്രിയപ്പെട്ടതാണ് കാരണം ഇത് എന്റെ ആദ്യത്തെ തമിഴ് അവാർഡ് ആണ്, ഏഴു വർഷത്തെ സിനിമായാത്രയ്ക്ക് ശേഷം എനിക്കൊരു പുതുമുഖ താരത്തിനുള്ള അവാർഡ് കിട്ടുകയാണ്.  ചിത്ത എന്ന സിനിമ എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ് കാരണം രണ്ട് അസാമാന്യ അണിയറ ശില്പികളാണ് ഈ ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ചത് എന്നുള്ളതാണ് , ഒന്ന് സംവിധായകൻ അരുൺ കുമാർ മറ്റൊന്ന് നിർമ്മാതാവ് സിദ്ധു അണ്ണാ. എനിക്ക് തന്ന പിന്തുണക്കും മാർഗ്ഗനിര്ദേശത്തിനും സിദ്ധു അണ്ണനോട് ഒരുപാട് നന്ദിയുണ്ട്.  എന്നെ വിശ്വസിച്ച് ഈ വേഷം ഏൽപ്പിച്ച അരുൺ കുമാർ സാറിനോടും നന്ദി പറയുന്നു.  പുരുഷന്മാർ ഇത്തരം ചിത്രങ്ങൾ പിന്തുണക്കുന്നതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഈ പുരസ്‌കാരം ഞാൻ എന്റെ അമ്മക്ക് അർപ്പിക്കുകയാണ്.  അമ്മ കാരണമാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത്.  എല്ലാ തമിഴ് പ്രേക്ഷകരോടും നന്ദിയും ഒരുപാട് സ്നേഹവുമുണ്ട്.

ഞാൻ തമിഴിലും ഡബ്ബ് ചെയ്യാൻ തുടങ്ങി.  ജിഗർദണ്ഡ എന്ന ചിത്രത്തിൽ ഞാൻ ആണ് ഡബ്ബ് ചെയ്തത് .  ഇപ്പോൾ ഇടയ്ക്കിടെ തമിഴിൽ സിനിമ ചെയ്യുന്നതുകൊണ്ട് ചെന്നൈ എനിക്ക് എന്റെ രണ്ടാമത്തെ വീടുപോലെ ആണ്.  അതുകൊണ്ടു ഞാൻ തമിഴ് പഠിച്ചുതുടങ്ങി.  ഞാൻ നല്ല ചിത്രങ്ങൾ ചെയ്യാൻ കാരണം എന്നെ വിശ്വസിച്ച് കഥാപാത്രങ്ങൾ തരുന്ന സംവിധായകരാണ് അതുപോലെ സിദ്ധു അണ്ണായെ പോലെയുള്ള താരങ്ങൾ പുതിയ കലാകാരന്മാരെ സപ്പോർട്ട് ചെയ്യുന്നതുകൊണ്ടുകൂടിയാണ്.  ചിത എന്ന സിനിമയിൽ ഒരു ഹീറോയിക് നിമിഷങ്ങളും ഇല്ല മനുഷ്യരുടെ നിർമ്മലമായ വികാരങ്ങളാണ് അതിൽ പ്രകടിപ്പിക്കുന്നത്.  സിദ്ധു അണ്ണാ അഭിനയിക്കുന്നത് നേരിട്ട് കണ്ടപ്പോൾ അദ്ദേഹം ഒരു മാജിക്ക് ചെയ്യുന്നതുപോലെയാണ് തോന്നിയത്.  അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു.   

nimisha-sajayan

സംവിധായകൻ അരുൺ സാറും സിദ്ധു അണ്ണനും അതുല്യനായ കലാകാരന്മാരാണ്.  അവർ രണ്ടുപേരും എന്റെ മുന്നിൽ ഇരിക്കുമ്പോൾ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.  എനിക്ക് ഭാഷ നന്നായി അറിയാത്തതുകൊണ്ട് അവർ എന്നെ ഒരുപാട് പിന്തുണ തന്നാണ് കൂടെ നിർത്തിയത്.  ഒരിക്കലും ഒരു അന്യഭാഷാ നടി എന്ന് അവർ കരുതിയിട്ടേയില്ല.  ഒരുപാട് സ്നേഹം മാത്രം."  നിമിഷ സജയൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com