ADVERTISEMENT

മാനവികത ഉയർത്തിപ്പിടിക്കുന്ന കേരളത്തിലെ ജനങ്ങൾക്കിടയിൽ വർഗീയത പറഞ്ഞാൽ അടിച്ചു കരണം പുകയ്ക്കണമെന്നു പറയാതെ പറയുന്ന ചിത്രമാണ് ഡിജോ ജോസ് ആന്റണിയുടെ 'മലയാളി ഫ്രം ഇന്ത്യ'.  പേരും ട്രെയിലറും കണ്ട് ഇതൊരു മുഴുനീള കോമഡി ചിത്രമായിരിക്കും എന്ന ധാരണയുണ്ടാക്കിയെങ്കിൽ തെറ്റി. ഡിജോയുടെ ആദ്യത്തെ രണ്ടു ചിത്രങ്ങൾ പോലെ തന്നെ കൃത്യമായ രാഷ്ട്രീയം ഉച്ചത്തിൽ സംസാരിക്കുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ.  സഹതാരങ്ങൾ ഒപ്പത്തിനൊപ്പം നിന്നെങ്കിലും നിവിൻ പോളി എന്ന അഭിന‌േതാവാണ് ഇൗ ചിത്രത്തിന്റെ നെടുംതൂൺ.

രാജ്യത്തെ ഭരണകക്ഷിയുടെ പ്രാദേശിക പ്രവർത്തകനാണ് ആൽപ്പറമ്പിൽ ​ഗോപി.  അമ്മയും സഹോദരിയും മാത്രമുള്ള കുടുംബത്തിന്റെ അത്താണിയാകേണ്ടവൻ. പക്ഷെ അലസനും ജീവിതത്തിൽ ഒരു ലക്ഷ്യവുമില്ലാതെ ചുറ്റിക്കറങ്ങുന്നവനുമാണ് ഇദ്ദേഹം.  ഗോപിയുടെ ഏക പ്രതീക്ഷ തങ്ങളുടെ പാർട്ടി കേരളത്തിൽ ഒരു സീറ്റ് എങ്കിലും നേടുമ്പോൾ താനും രക്ഷപെടുമെന്നതാണ്. നാടുമായി ഗോപിയെ ബന്ധിപ്പിക്കുന്ന മറ്റൊരാൾ കൂടിയുണ്ട്. അതാണ് കൃഷ്ണ.  ഒരു ലക്ഷ്യവുമില്ലാതെ സമയം വേറുതെ കളയുന്ന ഗോപിയെ പക്ഷേ കൃഷ്ണയ്ക്ക് വെറുപ്പാണ്.  ബന്ധുവായ മൽഘോഷ് ഗോപിയുടെ സുഹൃത്ത് കുടിയാണ്. അങ്ങനെ അലസജീവിതം നയിക്കുന്ന ഗോപിയുടെ ജീവിതം പക്ഷെ തകിടം മറിച്ചതും  സ്വന്തം പാർട്ടി തന്നെയായിരുന്നു.  നാട്ടിൽ നടന്ന ചെറിയ ഒരു സംഭവത്തെ രാഷ്ട്രീയപ്പാർട്ടികൾ വർഗീയവൽക്കരിച്ചതോടെ ഗോപിക്ക് നാടുവിടേണ്ടി വന്നു.  നാട്ടിൽ അഭിമുഖീകരിച്ചതിനേക്കാൾ വലിയ പ്രതിസന്ധികളാണ് പിന്നീട് ഗോപിയെ കാത്തിരുന്നത്. 

ആൽപ്പറമ്പിൽ ഗോപിയായി നിവിൻ പോളി തകർത്താടുകയായിരുന്നു.  പണിയറിയാവുന്നവന്റെ കയ്യിൽ കിട്ടിയപ്പോൾ വെട്ടിത്തിളങ്ങുന്ന തങ്കമായി മാറുന്ന നിവിൻ പോളിയെയാണ് ചിത്രത്തിൽ കാണുന്നത്.  ഏത് മരുഭൂവിൽ പോയി വീണാലും ഒപ്പമുള്ളവരെക്കൂടി ചേർത്തുപിടിച്ച് കരകയറാൻ കഴിവുള്ള മലയാളിയുടെ വേഷം അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രം.  മൽഘോഷായി എത്തിയ ധ്യാൻ ശ്രീനിവാസനും ഒപ്പത്തിനൊപ്പം നിന്നു.  ഇരുവരും ചേർന്ന് തീയറ്ററിൽ ചിരിയുടെ മാലപ്പടക്കങ്ങൾ തീർത്തു.  അനശ്വര രാജനാണ് കൃഷ്ണയായി എത്തിയത്.  ഗോപിയുടെ അമ്മയായി മഞ്ജു പിള്ളയും അഭിനയ മികവ് പുലർത്തി. ദീപക് ജെത്തി എന്ന ബോളിവുഡ് താരം മറ്റൊരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്.  വിജയകുമാർ, സലിം കുമാർ, നന്ദു, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം ഡിജോ ജോസും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

വർഗീയമാകുന്ന സമകാലീന രാഷ്ട്രീയമാണ് ചിത്രത്തിൽ പ്രധാന ചർച്ചാവിഷയമാകുന്നത്. വർഗീയതയുടെ ദോഷവശങ്ങൾ ഷാരിസ് മുഹമ്മദിന്റെ തിരക്കഥ വ്യക്തമായി പറഞ്ഞു വയ്ക്കുന്നുണ്ട്. ഷാരിസും ഡിജോയും ഒന്നിച്ച മുൻ ചിത്രങ്ങൾ പോലെ തന്നെ അവരുടെ രാഷ്ട്രീയ നിലപാട് വിളിച്ചു പറയുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ.  ഇന്നത്തെ കേരള രാഷ്ട്രീയം മുതൽ ഇൻഡോ പാക് ബന്ധം വരെ ചിത്രത്തിൽ ചർച്ചയാകുന്നു. തിരക്കഥാകൃത്തിന്റെ ക്രിക്കറ്റ് പ്രേമവും സച്ചിൻ തെണ്ടുൽക്കറോടുള്ള ആരാധനയും കൃത്യമായ രീതിയിൽ പ്ലേസ് ചെയ്തിരിക്കുന്നു.  സുധീപ് ഇളമണിന്റെ ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗിന്റെ എഡിറ്റിംഗും സിനിമയുടെ സന്ദേശത്തെ കൃത്യമായി പ്രേക്ഷകരിലെത്തിക്കാൻ സഹായിക്കുന്നുണ്ട്.  ജേക്സ് ബിജോയിയുടെ സംഗീതം ഏറെ മനോഹരമായി ചിത്രത്തിൽ ഇഴുകി ചേർന്നിരിക്കുന്നു. 

കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്നു വിളിക്കുന്നത് ഇവിടെ ചെകുത്താന്മാർ ഇല്ലാത്തതു കൊണ്ടല്ല, ചെകുത്താന്മാരെ നിലക്ക് നിർത്താൻ അറിയുന്ന ആൾക്കാർ ഇവിടുള്ളത് കൊണ്ടാണെന്ന തങ്ങളുടെ നിലപാട് ചിത്രത്തിലെ ഒരു കഥാപാത്രത്തെക്കൊണ്ട് ഉറക്കെ വിളിച്ചു പറയിക്കുന്നുണ്ട് ഷാരിസും ഡിജോയും. രാഷ്ട്രീയം മാത്രമല്ല മാനവികതയുടെ സന്ദേശം കൂടി ചിത്രം പകർന്നു തരുന്നു. വർഗ്ഗീയതയുടെ അനന്തരഫലമെന്നോണം പിടഞ്ഞു വീഴുന്ന സാധാരണക്കാരുടെ നിസ്സഹായാവസ്ഥയും  മലയാളികൾക്ക് മുന്നിൽ തുറന്നിടുന്നു ചിത്രം.  മുൻവിധികളില്ലാതെ രാഷ്ട്രീഭേദമന്യേ തീയറ്ററിൽ ആസ്വദിക്കാവുന്ന മികച്ച ചിത്രമാണ് "മലയാളി ഫ്രം ഇന്ത്യ".

Malayali From India Review:

Review of Nivin pauly starrer movie Malayali from India

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com