ADVERTISEMENT

പാട്ടും പാടിയെത്തുകയാണ് ഓർമകളുടെ പഴയ കാലം. ചുണ്ടിലൂറുന്ന തേൻ പോലെ മധുരമായ പാട്ടുകളിലൂടെ പഴയ കാലത്തെ തിരിച്ചുവിളിക്കുകയാണിപ്പോൾ മലയാള സിനിമ. ഇന്നലെകളിൽ നാടേറ്റുപാടിയ മൂന്നു പാട്ടുകളാണ് അടുത്തിടെ ഹിറ്റായ മൂന്നു സിനിമകളിലൂടെ വീണ്ടും ആസ്വാദക മനസ്സുകളിലേക്കു മധുവിറ്റിക്കുന്നത്. പ്രേമലുവിലൂടെ ദേവരാഗത്തിലെ ‘യയയാ യാദവാ എനിക്കറിയാം’, ഓസ്‌ലറിലൂടെ നിറക്കൂട്ടിലെ ‘പൂമാനമേ ഒരു രാഗമേഘം താ’, മഞ്ഞുമ്മൽ ബോയ്സിലൂടെ ഗുണയിലെ ‘കൺമണീ അൻപോടു കാതലൻ’ എന്നീ പാട്ടുകൾ വീണ്ടും ഗാനാസ്വാദകരെ ചേർത്തുപിടിക്കുന്നു. എത്രയോ വർഷങ്ങൾക്കുശേഷം പഴയ പാട്ടുകൾ വീണ്ടും ചർച്ചയാകുമ്പോൾ ഉഷ്ണതരംഗത്തിനിടെ മഴ പെയ്തതുപോലെയുള്ളൊരു കുളിര്. 

yadhava-enikkariyam

പാട്ടുകളുടെ ചിത്രമായിരുന്നു 1996ൽ ഇറങ്ങിയ  ഭരതൻ ചിത്രമായ ദേവരാഗം. അരവിന്ദ് സ്വാമിയും ശ്രീദേവിയും മുഖ്യ വേഷത്തിലെത്തിയ ചിത്രത്തിൽ പാട്ടുകളോടു പാട്ടുകളായിരുന്നു. എം.ഡി.രാജേന്ദ്രൻ– കീരവാണി കൂട്ടുകെട്ടിൽ വിരിഞ്ഞ ദേവരാഗമേളയിൽ അക്കാലത്ത് യയയാ യാദവാ എന്ന പാട്ടിനെക്കാൾ ശ്രദ്ധിക്കപ്പെട്ടത് ശിശിര കാല മേഘമിഥുന, താഴമ്പൂ മുടിമുടിച്ച്, ശശികല ചാർത്തിയ ദീപാവലയം എന്നിവയായിരുന്നു. ചിത്രം വലിയ വിജയമായില്ലെങ്കിലും പാട്ടുകൾ ജനം പാടിപ്പാടി നടന്നു. ശശികല ചാർത്തിയ ദീപാവലയം ഒട്ടേറെ നൃത്തവേദികളെ പ്രകാശമാനമാക്കി. 28 വർഷത്തിനുശേഷം ‘പ്രേമലു’വിലൂടെ യയയാ വീണ്ടുമെത്തിയപ്പോൾ അതിനു കിട്ടുന്ന സ്വീകാര്യത അമ്പരപ്പിക്കുന്നതാണെന്നു ഗാനരചയിതാവ് എം.ഡി.രാജേന്ദ്രൻ പറയുന്നു. കീരവാണിയുടെ ഈണത്തിനൊത്തു തത്സമയം എഴുതിയതായിരുന്നു ദേവരാഗത്തിലെ പാട്ടുകളെല്ലാം. രണ്ടു വരി വീതം ഈണമിടുകയും അപ്പോൾത്തന്നെ എഴുതുകയും ചെയ്യുന്ന രീതി തനിക്ക് ആദ്യത്തെ അനുഭവമായിരുന്നെന്ന് എംഡിആർ പറയുന്നു. ഇപ്പോൾ വീണ്ടും ആ പാട്ടു ചർച്ചയാകുമ്പോൾ ഉള്ളുനിറയെ സന്തോഷമാണ്. കെ.എസ്.ചിത്രയും പി.ഉണ്ണിക്കൃഷ്ണനും ചേർന്നു പാടിയ പാട്ട് പുതുതലമുറയിലെ കുട്ടികൾ വീണ്ടും ആഘോഷമാക്കുമ്പോൾ വർഷങ്ങൾക്കു പിന്നിലേക്കു പോയ അനുഭവമാണ് അദ്ദേഹത്തിന്.

39 വർഷം മുൻപ് മലയാളം കേട്ടുതുടങ്ങിയതാണ് ‘പൂമാനമേ ഒരു രാഗമേഘം താ’ എന്ന ഗാനം. 1985ൽ ഇറങ്ങിയ ജോഷിയുടെ സൂപ്പർഹിറ്റ് മമ്മൂട്ടിച്ചിത്രം നിറക്കൂട്ടിലെ ഗാനമാണിത്. പൂവച്ചൽ ഖാദറും ശ്യാമും ചേർന്നു വിരുന്നാക്കിയ ഈ ഗാനത്തിലൂടെ ചിത്രയ്ക്കു മികച്ച ഗായികയ്ക്കുള്ള ആദ്യ സംസ്ഥാന പുരസ്കാരവും ലഭിച്ചു. ജയറാം നായകനായ ഓസ്‌ലറിൽ ‘പൂമാനമേ’ വീണ്ടുമെത്തുമ്പോൾ ഒപ്പം പാടുന്നുണ്ട് പഴയ തലമുറയും പുതിയ തലമുറയും. 

തിയറ്ററുകളെ ഇളക്കിമറിച്ച മഞ്ഞുമ്മൽ ബോയ്സിലൂടെയാണ് ‘കൺമണി അൻപോടു കാതലൻ’ വീണ്ടുമെത്തിയത്. 1991ൽ ഗുണ ഇറങ്ങി 33 വർഷമാകുമ്പോൾ എക്കാലത്തെയും വലിയ ഹിറ്റ് ഗാനങ്ങളിലൊന്നായ കൺമണി വീണ്ടും തരംഗമായി. സന്താനഭാരതിയുടെ സംവിധാനത്തിൽ കമൽഹാസനും രേഖയും ഒന്നിച്ച ഗുണ വ്യത്യസ്തമായ ഈ പാട്ടു കൊണ്ടും പ്രമേയം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. വാലിയുടെ വരികൾക്ക് ഇളയരാജയാണ് ഈണമിട്ടത്. പാട്ടും സംഭാഷണവും ഇടചേർന്നു വേറിട്ട രീതിയിൽ നെയ്തെടുത്ത ഈ ഗാനം എന്നും പാട്ടിഷ്ടക്കാരുടെ പ്രിയപട്ടികയിലുണ്ട്. ‘കൺമണീ അൻപോടു കാതലൻ നാൻ എഴുതും കടിതമേ...’ എന്ന് ഏറ്റുപാടാത്ത ആരാണുള്ളത്. 

നേരത്തെയും പല പഴയ ചിത്രങ്ങളിലും ഗാനങ്ങൾ അതേ രീതിയിലോ പുതിയ ഭാവത്തിലോ അവതരിപ്പിച്ചിട്ടുണ്ട്. ചെട്ടിക്കുളങ്ങര ഭരണിനാളിൽ, അകലെയകലെ നീലാകാശം, അല്ലിയാമ്പൽ കരയിൽ, ദേവദൂതർ പാടി തുടങ്ങി ഒട്ടേറെ പാട്ടുകൾ ഇങ്ങനെ നമ്മുടെ കേൾവിയിലേക്കു മധുരമായെത്തിയിട്ടുണ്ട്. പക്ഷേ ഏതാണ്ട് ഒരേ സമയം തന്നെയുള്ള മൂന്നു സിനിമകളിൽ ഓർമകളുടെ മഞ്ഞുവീഴ്ത്തുന്ന മൂന്നു പാട്ടുകൾ വീണ്ടുമെത്തുമ്പോൾ കേരളം കയ്യടിച്ചു പാടാതിരിക്കുന്നതെങ്ങനെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com