ADVERTISEMENT

ആന്ധ്രപ്രദേശ് നിയമസഭ

വോട്ടെടുപ്പ്: മേയ് 13

ആകെ മണ്ഡലം: 175

2019ലെ സ്ഥിതി:

വൈഎസ്ആർ കോൺഗ്രസ്: 151, ‍‍‍

ടിഡിപി:  23, ജനസേന: 1

ഇന്ത്യ തിളങ്ങുന്നെന്നു പ്രഖ്യാപിച്ച് 2004ൽ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്കെതിരെ സോണിയ ഗാന്ധിയുടെ പക്കൽ വൈ.എസ്.രാജശേഖര റെഡ്ഡിയെന്ന വജ്രായുധമുണ്ടായിരുന്നു. അന്നും 2009ലും ആന്ധ്രയിൽനിന്നു വൈഎസ്ആർ നൽകിയ സീറ്റെണ്ണം രാജ്യത്തിന്റെ അധികാരക്കസേരയിലേക്കു കോൺഗ്രസിനെ തിരിച്ചെത്തിച്ച മാന്ത്രികസംഖ്യകളായി. കേന്ദ്രം യുപിഎയും ആന്ധ്ര വൈഎസ്ആറും ഭരിച്ച കാലം. രണ്ടു പതിറ്റാണ്ടിനുശേഷം വൈഎസ്ആറിന്റെ മകളിലൂടെ ഒരനക്കമെങ്കിലും കോൺഗ്രസ് ആന്ധ്രയിൽ പ്രതീക്ഷിക്കുന്നു. 

    സ്വന്തം ‘കോൺഗ്രസുണ്ടാക്കിയ’ വൈഎസ്ആറിന്റെ മകനാകട്ടെ സംസ്ഥാനത്തു തുടർഭരണം ഉറപ്പിച്ച മട്ടിലും. മാറ്റമില്ലാത്തത് എതിരാളിയുടെ കാര്യത്തിലാണ്. അന്നു രാജശേഖര റെഡ്ഡിക്കും ഇന്നു മകൻ ജഗൻ മോഹൻ റെഡ്ഡിക്കും പ്രധാന എതിരാളി ടിഡിപിയും എൻ.ചന്ദ്രബാബു നായിഡുവും. 1999ൽ അച്ഛനെതിരെ നായിഡുവിനൊപ്പംനിന്നു വിജയിച്ച പഴയ പരീക്ഷണം ജഗനെതിരെ ബിജെപി ആവർത്തിക്കുന്നു. 

   അതിനിടെ ആന്ധ്രയുടെ സ്വഭാവത്തിൽ മാത്രം മാറ്റമുണ്ടായി. 2014ൽ തെലങ്കാന വേർപെട്ടതോടെ സംസ്ഥാന നിയമസഭയിൽ സീറ്റെണ്ണം 175 ആയി ചുരുങ്ങി; ലോക്സഭാ സീറ്റ് 25.

ജഗന്റെ ഫിക്സഡ് ഡിപ്പോസിറ്റ്

സംസ്ഥാനത്തു കോൺഗ്രസിനെ ഏറക്കുറെ വിഴുങ്ങിയ വൈഎസ്ആർ കോൺഗ്രസ് തുടർഭരണം നേടുമെന്നാണ് പൊതുവേ പ്രവചനങ്ങൾ. കഴിഞ്ഞതവണത്തെ തകർപ്പൻ വോട്ടുശതമാനവും (49.95%) സീറ്റെണ്ണവും (175ൽ 151) കുറ‍ഞ്ഞാലും ഭരണം നിലനിർത്താൻ ജഗനും അദ്ദേഹത്തിനായി തിരഞ്ഞെടുപ്പു തന്ത്രമൊരുക്കുന്ന ഐ–പാക്കും പരിശ്രമിക്കുന്നു. അച്ഛന്റേതു പോലെ പദയാത്രകൾ പലതു നടത്തിയ ജഗൻ നിലവിൽ ‘മേമന്ത സിദ്ധം’ (ഞങ്ങൾ തയാർ) ബസ് യാത്രയിലാണ്. അച്ഛന്റെ ജനപ്രീതിക്കുമേൽ കെട്ടിപ്പൊക്കിയ പാർട്ടി അടിത്തറയാണു സ്ഥിരനിക്ഷേപം. ഇക്കുറിയും അതു സഹായകരമാകുമെന്നു ജഗനും കൂട്ടരും വിശ്വസിക്കുന്നു.

ജനസേനാ പാർട്ടി അധ്യക്ഷൻ പവൻ കല്യാണിനൊപ്പം ടിഡിപി പ്രസിഡന്റ് എൻ. ചന്ദ്രബാബു നായിഡു ആന്ധ്രയിലെ വിസിയനഗരം ജില്ലയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ. ചിത്രം: പിടിഐ
ജനസേനാ പാർട്ടി അധ്യക്ഷൻ പവൻ കല്യാണിനൊപ്പം ടിഡിപി പ്രസിഡന്റ് എൻ. ചന്ദ്രബാബു നായിഡു ആന്ധ്രയിലെ വിസിയനഗരം ജില്ലയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ. ചിത്രം: പിടിഐ

നായിഡു എടുത്ത ഇൻഷുറൻസ്

ഇനിയൊരിക്കൽകൂടി പുറത്തിരിക്കേണ്ടി വന്നാൽ പാർട്ടിയുടെ മാത്രമല്ല, തന്റെയും കഥ കഴിയുമെന്ന തിരിച്ചറിവ് ചന്ദ്രബാബു നായിഡുവിനുണ്ട്. അതുകൊണ്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്തെ മോദി വിമർശനം വിഴുങ്ങി ബിജെപിക്കു കൈകൊടുത്തത്. ഒപ്പം നടൻ പവൻ കല്യാണിന്റെ ജനസേനയുമുണ്ട്. അഴിമതിക്കേസിൽ രണ്ടു മാസത്തോളം ജയിലിൽ കിടന്ന നായിഡുവിന് എൻഡിഎ പ്രവേശം ലൈഫ് ഇൻഷുറൻസ് പോലെയാണ്. കാരണം, ജഗൻ വീണ്ടും അധികാരത്തിലെത്തിയാൽ നായിഡുവിന്റെ കുരുക്ക് മുറുകുമെന്നുറപ്പാണ്. അതൊഴിവാക്കാൻ, കേന്ദ്രത്തിൽ മോദി ഹാട്രിക് നേടുമെന്ന ചിന്തയിലാണ് നായിഡുവിന്റെ ചാഞ്ചാട്ടം. ജഗൻതരംഗം ആഞ്ഞുവീശിയ 2019ൽ ടി‍‍ഡിപി: 39%, ജനസേന: 5.8%, ബിജെപി: ഒരു ശതമാനത്തിൽ താഴെ എന്നിങ്ങനെയായിരുന്നു വോട്ടുനില. ഇക്കുറി ഭരണവിരുദ്ധവോട്ടു കൂടി ചേർന്നാൽ സഖ്യത്തിനു പ്രതീക്ഷയ്ക്കു വകയുണ്ട്. കല്ലുകടിയില്ലാതെ സ്ഥാനാർഥികളെ ഇറക്കാനും കഴിഞ്ഞു. 6 ലോക്സഭാ സീറ്റിലും 10 നിയമസഭാ സീറ്റിലും ബിജെപി മത്സരിക്കുമ്പോൾ, 17 ലോക്സഭാ സീറ്റിലും 144 നിയമസഭാ സീറ്റിലുമാണ് ടിഡിപിയുടെ മത്സരം. 2 ലോക്സഭാ, 21 നിയമസഭാ സീറ്റുകളിൽ ജനസേന മത്സരിക്കും.

വൈ.എസ്. ഷർമിള (ചിത്രം: മനോരമ)
വൈ.എസ്. ഷർമിള (ചിത്രം: മനോരമ)

ശർമിളയുടെ സേവിങ്സ്

2019ൽ 1.17% വോട്ടു മാത്രം ലഭിച്ച കോൺഗ്രസിനു വൈ.എസ്.ശർമിളയുടെ പ്രഭാവത്തിൽ നേരിയ ചലനം ഉണ്ടാക്കാൻ കഴിഞ്ഞേക്കും; പക്ഷേ, ആരും അദ്ഭുതം പ്രതീക്ഷിക്കുന്നില്ല. സഹോദരനുമായി പിണങ്ങി, കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്ത അവർ പാർട്ടിക്ക് അടിത്തറ നൽകാനുള്ള റാലികളിലാണ്. ടിഡിപിയിൽ നിന്നെത്തി തെലങ്കാനയിൽ കോൺഗ്രസിനു ഭരണം നേടിക്കൊടുത്ത ‘രേവന്ത് റെഡ്ഡി’ മാതൃകയാണു പയറ്റുന്നത്. സിപിഐക്കും സിപിഎമ്മിനും ലോക്സഭയിലേക്ക് ഓരോന്നും നിയമസഭയിലേക്ക് എട്ടു വീതവും സീറ്റ് നൽകി ഇന്ത്യാസഖ്യധാരണ ഉറപ്പാക്കി. ലോക്സഭയിലേക്കു ശർമിള മത്സരിക്കുന്ന കടപ്പയിൽ (വൈഎസ്ആറിന്റെ പഴയ തട്ടകം) ജയിച്ച് അക്കൗണ്ട് തുറക്കാമെന്ന് അവർ മോഹിക്കുന്നു. വോട്ടുശതമാനം വർധിപ്പിക്കുകയാണ് മറ്റൊരു ലക്ഷ്യം. സഹോദരനെതിരായ കടുത്ത ആരോപണങ്ങൾ അതുകൂടി ലക്ഷ്യമിട്ടാണ്. ശർമിള മഞ്ഞ സാരി ധരിച്ചതു ടിഡിപിയോടുള്ള കൂറുകൊണ്ടാണെന്നു ജഗൻ ആരോപിച്ചപ്പോൾ, ഇത്ര തരംതാഴരുതെന്നായിരുന്നു ശർമിളയുടെ മറുപടി. ആരെങ്കിലും എഴുതി നൽകുന്നതു വായിക്കേണ്ട ഗതികേട് ഇല്ലെന്നും അച്ഛന്റെ പാരമ്പര്യമാണു തനിക്കെന്നും അവർ പറഞ്ഞു.

പൊട്ടുന്നത് ആരുടെ ചിട്ടി

എതിർകക്ഷികൾ ഉയർത്തുന്ന വെല്ലുവിളികൾക്കു പുറമേ, സിറ്റിങ് എംപിമാരെയും എംഎൽഎമാരെയും കൂട്ടത്തോടെ മാറ്റിയുള്ള ജഗന്റെ പരീക്ഷണം വൈഎസ്ആർ കോൺഗ്രസിനു തിരിച്ചടിയാണ്. സംസ്ഥാന വിഭജനം നടന്ന് 10 വർഷം കഴിഞ്ഞിട്ടും ആന്ധ്രയ്ക്കുള്ള പ്രത്യേക പദവി എന്ന ലക്ഷ്യം നേടാനാവാത്തത്, അമരാവതിയിൽ നിന്നുള്ള തലസ്ഥാനമാറ്റം വൈകുന്നത്,  വൈ.എസ്.രാജശേഖര റെഡ്ഡിയുടെ സഹോദരനും മുൻ എംപിയുമായ വൈ.എസ്.വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജഗനും കടപ്പ എംപി അവിനാഷ് റെഡ്ഡിക്കും എതിരെ ഉയർന്ന ആരോപണങ്ങൾ, അഴിമതി ആരോപണങ്ങൾ എന്നിവയെല്ലാം ജഗന് ആശങ്കയുണ്ടാക്കുന്നു. 

    മറുവശത്തു നായിഡുവിന്റെ കാര്യവും സുഖകരമല്ല. കഴിഞ്ഞ 5 വർഷവും പാർലമെന്റിൽ ബിജെപിയെ സഹായിച്ച ജഗനെതിരെ ബിജെപി ഉയർത്തുന്ന ആരോപണങ്ങൾക്ക് എത്രമാത്രം വിശ്വാസ്യത ഉണ്ടാകുമെന്ന ചോദ്യം ടിഡിപിക്കുള്ളിൽത്തന്നെ ഉയരുന്നുണ്ട്. ആന്ധ്ര ജനതയുടെ വിശ്വാസം നേടാൻ ഇപ്പോഴും ബിജെപിക്കായിട്ടുമില്ല. അതുകൊണ്ടു ജഗനെതിരെ ഫലപ്രദമായ ഒരു മുന്നണിയാകും ടിഡിപി– ബിജെപി– ജനസേന സഖ്യമെന്ന് ഉറപ്പില്ല. തനിക്കെതിരായ കോഴക്കേസുകളും തുടർന്നുള്ള അറസ്റ്റും സംബന്ധിച്ച കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്നതാണു നായിഡുവിന്റെ വെല്ലുവിളി. ‍ടിഡിപിയുടെ നട്ടെല്ലായ കമ്മ സമുദായവും പവൻ കല്യാൺ ഉൾപ്പെടുന്ന കാപ്പു സമുദായവും പരമ്പരാഗതമായി സൗഹാർദത്തിൽ അല്ലെന്നതും പ്രതിസന്ധിയാണ്. ബിജെപിയുമായുള്ള സഖ്യം മൂലം ന്യൂനപക്ഷ വോട്ടുകൾ വൈഎസ്ആർ കോൺഗ്രസിലേക്കു പോകുമെന്ന ആശങ്കയുമുണ്ട്.

English Summary:

Andhra Pradesh election campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com