ADVERTISEMENT

ന്യൂഡൽഹി ∙ ‘നാരീശക്തി’ സംരക്ഷണം മുദ്രാവാക്യമായി ഉയർത്തിയ ബിജെപിക്ക് കർണാടകയിലെ ജെഡി(എസ്) എംപിയും മുൻ പ്രധാനമന്ത്രി ദേവെഗൗഡയുടെ പൗത്രനുമായ പ്രജ്വൽ രേവണ്ണയുടെ ലൈംഗിക പീഡനക്കേസ് തലവേദനയാകുന്നു. കേസിനെക്കുറിച്ചു പ്രാദേശിക ബിജെപി നേതൃത്വം മുന്നറിയിപ്പു നൽകിയിട്ടും പ്രജ്വലിന്റെ തിരഞ്ഞെടുപ്പു പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത് കോൺഗ്രസ് ആയുധമാക്കിയിരിക്കുകയാണ്. 

നിയമത്തിന്റെ എല്ലാ ശക്തിയും പ്രജ്വലിനെതിരെ പ്രയോഗിക്കുന്നതിനോട് ബിജെപി യോജിക്കുന്നുവെന്നാണു കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയത്. പ്രജ്വൽ രേവണ്ണ ഷൂട്ട് ചെയ്തതെന്നു കരുതുന്ന 2976 അശ്ലീല വിഡിയോകൾ കർണാടകയിൽ പ്രചരിച്ചിരുന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞ 26നു തന്നെ പ്രജ്വൽ ഇന്ത്യ വിട്ടു. കർണാടക പൊലീസ് അന്വേഷണമാരംഭിച്ചതോടെ ജെഡി(എസ്) പ്രജ്വലിനെ സസ്പെൻഡ് ചെയ്തു. കർണാടകയിൽ തിരഞ്ഞെടുപ്പിന്റെ ബാക്കി ഘട്ടത്തിൽ ബിജെപിക്ക് ഈ വിഷയം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ 28ൽ 26 സീറ്റും ബിജെപി നേടിയിരുന്നു. 

ബിജെപി നേതാവ് ദേവരാജ് ഗൗഡ നേരത്തേ ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ച കത്ത് പുറത്തു വന്നിട്ടുണ്ട്. ഇതറിഞ്ഞിട്ടും എന്തു കൊണ്ട് ജെഡി(എസ്) ബന്ധം ഉപേക്ഷിച്ചില്ല എന്നതിലുപരി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രജ്വലിനു വോട്ടഭ്യർഥിക്കാനെത്തി എന്നതാണ് ബിജെപിയെ അലട്ടുന്ന വിഷയം. 

ബംഗാളിൽ സന്ദേശ്ഖാലി വിഷയം പറഞ്ഞു മുന്നേറ്റം നടത്തുന്ന ബിജെപി സ്വന്തം മുന്നണിക്കാരുൾപ്പെട്ട വിഷയങ്ങളിൽ ഉരുണ്ടു കളിക്കുന്നുവെന്നതാണു പ്രധാന ആരോപണം. ഗുസ്തി താരങ്ങൾ പീഡനാരോപണം ഉന്നയിച്ച ബ്രിജ് ഭൂഷൺ ശരൺസിങ്ങിന്റെ വിഷയത്തിൽ മൗനം പാലിച്ച പാർട്ടി ആ സീറ്റിൽ ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. താനും രംഗത്തുണ്ടെന്ന് ബ്രിജ് ഭൂഷൺ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഹരിയാനയിലെ തിരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനാണ് ബിജെപി ഇവിടെ കരുതലോടെ നീങ്ങുന്നത്. 

English Summary:

Prajwal Revanna obscene video case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com