ADVERTISEMENT

ഹൈദരാബാദ് ∙ ദലിത് ഗവേഷണ വിദ്യാർഥി രോഹിത് വേമുല ജീവനൊടുക്കിയ കേസിൽ പുനരന്വേഷണം നടത്താൻ അനുമതി തേടി കോടതിയെ സമീപിക്കുമെന്നു തെലങ്കാന പൊലീസ് അറിയിച്ചു. താൻ ദലിത് സമുദായാംഗമല്ലെന്ന് അറിയാവുന്ന രോഹിത് ഈ വിവരം പുറത്തറിയുമെന്നു പേടിച്ച് ജീവനൊടുക്കിയെന്ന കണ്ടെത്തലോടെ കേസന്വേഷണം അവസാനിപ്പിച്ച് തെലങ്കാന ഹൈക്കോടതിയിൽ പൊലീസ് കഴിഞ്ഞ ദിവസമാണു റിപ്പോർട്ട് സമർപ്പിച്ചത്. ഈ അന്വേഷണത്തിൽ രോഹിത് വേമുലയുടെ അമ്മ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണു കൂടുതൽ അന്വേഷണം നടത്താൻ തീരുമാനിച്ചതെന്നു ഡിജിപി രവി ഗുപ്ത അറിയിച്ചു.

നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് രോഹിത് വേമുലയുടെ അമ്മ രാധിക, സഹോദരൻ രാജു എന്നിവർ ഇന്നലെ മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡിയെ സന്ദർശിച്ചു. പുനരന്വേഷണം ഉണ്ടാകുമെന്നു മുഖ്യമന്ത്രി ഉറപ്പുനൽകിയെന്നും നിയമപോരാട്ടം തുടരുമെന്നും കുടുംബം പറഞ്ഞു.

ഹൈദരാബാദ് കേന്ദ്ര സർവകലാശാലാ ക്യാംപസിൽ എബിവിപി നേതാവിനെ മർദിച്ചെന്നാരോപിച്ചു സസ്പെൻഷനിലായ 5 ദലിത് വിദ്യാർഥികളിലൊരാളായ രോഹിത് വേമുല, 2016 ജനുവരി 17നു ഹോസ്റ്റൽ മുറിയിലാണു ജീവനൊടുക്കിയത്. രാജ്യമെങ്ങും പ്രതിഷേധമുയർന്ന സംഭവത്തിൽ അന്നത്തെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി, അന്നത്തെ എംപിയും നിലവിലെ ഹരിയാന ഗവർണറുമായ ബണ്ഡാരു ദത്താത്രേയ, അന്നത്തെ വിസി പി.അപ്പാ റാവു എന്നിവർ കുറ്റാരോപിതരായിരുന്നു. ആത്മഹത്യാപ്രേരണയ്ക്ക് ഇവർക്കെതിരെ തെളിവില്ലെന്നും വ്യക്തിപരമായ കാരണങ്ങളാലാണു രോഹിത് വേമുല ആത്മഹത്യ ചെയ്തെന്നുമാണ് 8 വർഷത്തിനുശേഷം പൊലീസ് കണ്ടെത്തിയത്. ദലിത് സമുദായാംഗമല്ലെന്ന വിവരം പുറത്തറിഞ്ഞാൽ അക്കാദമിക യോഗ്യതകൾ നഷ്ടമാകുമെന്നു പേടിച്ച് ജീവനൊടുക്കിയെന്നാണു പൊലീസ് റിപ്പോർട്ട്.

English Summary:

Rohit Vemula's suicide case will be re-investigated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com