ADVERTISEMENT

തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻദേവും ബന്ധുക്കളും നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞു തർക്കമുണ്ടായ സംഭവം വിവാദത്തിൽ. വാഹനം ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണു തർക്കമുണ്ടായത്. കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ എൽ.എച്ച്.യദുവിനെതിരെ കേസെടുത്തു. ഓവർടേക്ക് ചെയ്യുന്നതിനിടെ കാറിനു നേർക്കു ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിലാണ് കേസ്. 

ശനിയാഴ്ച രാത്രി 10.30 ന് ആണു സംഭവം. പട്ടത്തു വച്ചു മേയറും ഭർത്താവും ബന്ധുക്കളും സഞ്ചരിച്ചിരുന്ന സ്വകാര്യ കാർ, തൃശൂരിൽനിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിനെ ഓവർടേക്ക് ചെയ്തു. 

പിന്നീട് കാർ ബസിനു സൈഡ് കൊടുക്കാതെ വേഗം കുറച്ചുനീങ്ങിയെന്നു ബസ് ഡ്രൈവർ പറയുന്നു. പ്ലാമ്മൂട് വച്ച് ബസ് വീണ്ടും കാറിനെ ഓവർടേക്ക് ചെയ്തു. എന്നാൽ ഇതിനു ശേഷം വൺവേയിലും കാർ പിറകേ ഹോണടിച്ച് വന്നുവെന്നും ഇടതുവശം വഴി ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചെന്നും ഡ്രൈവർ ആരോപിക്കുന്നു. ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നും ബസ് തടഞ്ഞു യാത്രക്കാരെ വഴിയിൽ ഇറക്കി വിട്ടുവെന്നും കാണിച്ച് ഡ്രൈവർ യദു പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. 

ഡ്രൈവർ യദു പറഞ്ഞത് 

പാളയത്ത് സിഗ്നലിൽ നിർത്തിയപ്പോൾ ബസിനു മുന്നിൽ കയറി കാർ കുറുകെയിട്ടു. ആദ്യം കാറിൽ നിന്നിറങ്ങിയയാൾ അസഭ്യം പറഞ്ഞു. അപ്പോൾ തിരിച്ചും പ്രതികരിച്ചു. പിന്നാലെ കാറിൽനിന്ന് ഇറങ്ങിയയാൾ എംഎൽഎയാണെന്ന് അറിഞ്ഞില്ല. എംഎൽഎയാണെന്നും എന്താണെന്നു കാണിച്ചു തരാമെന്നും അദ്ദേഹം പറഞ്ഞു. കാറിൽ നിന്നിറങ്ങിയ മേയറെയും മനസ്സിലായില്ല. മേയർ ആണെന്നും തനിക്കു ചെയ്യാൻ പറ്റുന്നതു ചെയ്യുമെന്നും എന്നോടു പറഞ്ഞു. ചെയ്യാൻ പറ്റുമെങ്കിൽ എനിക്ക് ഒരു മാസത്തെ ശമ്പളം കിട്ടാനുണ്ടെന്നും അതു വാങ്ങിത്തരണമെന്നും പറഞ്ഞു. സംഭവത്തെ തുടർന്ന് മേയർ പൊലീസിനെ വിളിച്ചു. ഇതിനിടയിൽ എംഎൽഎ ബസിൽ കയറി യാത്രക്കാരോട് ബസ് ഇനി പോകില്ലെന്നും എല്ലാവരും ഇവിടെ ഇറങ്ങണമെന്നും ആവശ്യപ്പെട്ടു. യാത്രക്കാർ അവിടെയിറങ്ങി. ബസിനുള്ളിൽനിന്നു ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ യാത്രക്കാരനെക്കൊണ്ട് എംഎൽഎ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിപ്പിച്ചു. 

ഇതിനിടെ പൊലീസെത്തി എന്നെ കസ്റ്റഡിയിലെടുത്തു. മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാക്കിയെങ്കിലും മദ്യപിച്ചിട്ടില്ലെന്നു കണ്ടെത്തി. രാത്രി ജാമ്യത്തിൽ വിട്ടു. രാത്രി മേയറെ ഫോണിൽ വിളിച്ചു മാപ്പുപറഞ്ഞു. 

മേയർ പറഞ്ഞത്: 

സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയമായിരുന്നില്ല തർക്കത്തിനു കാരണം. പ്ലാമ്മൂട് വച്ച് ബസ് ഇടതുവശത്തു കൂടി ഓവർടേക്ക് ചെയ്തു കാറിനെ ഇടിക്കാൻ ശ്രമിച്ചു. കാറിന്റെ പിൻ സീറ്റിൽ ഇരുന്ന സഹോദര ഭാര്യയെ നോക്കി അപമര്യാദയായ ചേഷ്ട കാണിച്ചു. ഇതു ചോദിക്കാൻ വേണ്ടിയാണു കാർ പിറകേ വിട്ടത്. കാർ സിഗ്നലിൽ നിർത്തിയപ്പോഴാണ് ബസ് തടഞ്ഞ് ഡ്രൈവറോടു സംസാരിച്ചത്. അപ്പോൾ ഡ്രൈവർ കയർത്തു സംസാരിച്ചതിനെ തുടർന്നാണ് പൊലീസിനെ അറിയിച്ചത്. മേയർ എന്ന അധികാരം ഉപയോഗിച്ചില്ല. സ്ത്രീകൾക്കെതിരെ പൊതുസ്ഥലത്ത് ഇത്തരത്തിൽ അപമര്യാദ പാടില്ലെന്നതിനാൽ ഡ്രൈവർക്കെതിരെ നിയമ നടപടി തുടരും. 

English Summary:

Mayor blocking KSRTC bus in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com