ADVERTISEMENT

കേരളത്തിലെ അസാധാരണ ചൂടിൽ സൂര്യാഘാത മരണവും. പാലക്കാട്ടും മാഹിയിലും കഴിഞ്ഞ 2 ദിവസത്തിനിടെ 2 പേർ മരിച്ചത് സൂര്യാഘാതം മൂലമാണെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ഇടുക്കിയിൽ കഴിഞ്ഞ 10നുണ്ടായ മരണവും സൂര്യാഘാതം മൂലമാണെന്നു കണ്ടെത്തിയിരുന്നു. 

ദക്ഷിണേന്ത്യയിൽ അടുത്ത 5 ദിവസത്തേക്കു കൂടി ഉഷ്ണതരംഗ സാഹചര്യം തുടരുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പു മുന്നറിയിപ്പു നൽകി. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. ഇന്നലെയും സംസ്ഥാനത്ത് കൂടുതൽ ചൂടു രേഖപ്പെടുത്തിയതു പാലക്കാട്ടാണ് (41.6 ഡിഗ്രി സെൽഷ്യസ്). 

ഉയർന്ന ചൂട് ഈ ആഴ്ച കൂടി തുടർന്നേക്കുമെന്നു കാലാവസ്ഥാ വിദഗ്ധർ പറയുന്നു. വേനൽമഴ കയ്യൊഴിഞ്ഞ വടക്കൻ കേരളത്തിൽ മിക്ക പ്രദേശങ്ങളിലും വരണ്ട അന്തരീക്ഷ സ്ഥിതി തുടരും. മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽമഴ ലഭിക്കുമെങ്കിലും ചൂടു കുറയില്ല. 

പാലക്കാട് എലപ്പുള്ളി പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കൽ വീട്ടിൽ പരേതനായ കൃഷ്‌ണന്റെ ഭാര്യ ലക്ഷ്‌മിയമ്മ (89), മാഹി പന്തക്കൽ പന്തോക്കാട്ടിലെ ഉളുമ്പന്റവിട മതയമ്പത്ത് യു.എം.വിശ്വനാഥൻ (53), ഇടുക്കി കാളിയാർ മുള്ളരിങ്ങാട് മമ്പാറ പോങ്ങംകോളനി പുത്തൻപുരയ്‌ക്കൽ സുരേന്ദ്രൻ (73) എന്നിവരാണു സൂര്യാഘാതം മൂലം മരിച്ചത്. 

ലക്ഷ്മിയമ്മയെ 27ന് ഉച്ചയ്ക്ക് ഒന്നര മുതൽ വീട്ടിൽനിന്നു കാണാതായതിനെത്തുടർന്നു നടത്തിയ തിരച്ചിലിൽ വൈകിട്ട് അഞ്ചരയോടെ പള്ളത്തേരിയിലെ വെള്ളമില്ലാത്ത ആളിയാർ കനാലിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തി. ദേഹമാസകലം പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിലാണു മരണകാരണം സൂര്യാഘാതമാണെന്നു സ്ഥിരീകരിച്ചത്. ഇന്നലെ ഉച്ചയോടെ സംസ്കാരം നടത്തി. മകൾ: ശ്രീദേവി. മരുമകൻ: മോഹനൻ. 

മാഹിയിൽ കിണർ കുഴിക്കുന്നതിനിടെയാണ് ഓട്ടോറിക്ഷാ ഡ്രൈവർ കൂടിയായ വിശ്വനാഥനു സൂര്യാഘാതമേറ്റത്. 

26നു നിടുമ്പ്രത്തു കിണറ്റിൽനിന്നു മണ്ണു വലിച്ചുകയറ്റുന്നതിനിടെ തളർന്നു വീഴുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരേതനായ കുമാരന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ പ്രജിഷ. മക്കൾ: വിനയപ്രിയ (എൻജിനീയറിങ് വിദ്യാർഥിനി), വിശ്വപ്രിയ (പന്തക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി). 

ഇടുക്കി കാളിയാറിൽ വഴിത്തർക്കത്തിനിടെ റോഡിൽ വീണുപോയ ഗൃഹനാഥൻ മരിച്ചതും സൂര്യാഘാതം മൂലമാണെന്നു പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു. ഈ മാസം 10ന് ആയിരുന്നു സംഭവം. റോഡിൽ 2 മണിക്കൂറിലേറെ വീണുകിടന്ന സുരേന്ദ്രനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്തനായില്ല. 

അങ്കണവാടികൾക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം∙ വിവിധ ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീസ്കൂൾ പ്രവർത്തനം ഒരാഴ്ചത്തേക്കു നിർത്തിവയ്ക്കാൻ വനിതാ ശിശുവികസന വകുപ്പിന്റെ തീരുമാനം. ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ മുന്നറിയിപ്പ് അടിസ്ഥാനമാക്കി മന്ത്രി വീണാ ജോർജാണ് അവധി നൽകാൻ നിർദേശിച്ചത്. ഈ കാലയളവിൽ കുട്ടികൾക്കു നൽകേണ്ട പോഷകാഹാരം വീടുകളിലെത്തിക്കും. അങ്കണവാടികളുടെ മറ്റു പ്രവർത്തനങ്ങൾ പതിവു പോലെ നടക്കും. 

പാലക്കാട്ട് ആഴ്ചയിൽ 5 ദിവസവും 41 ഡിഗ്രി 

∙ഏപ്രിൽ 22: 40.1 ഡിഗ്രി സെൽഷ്യസ് 
∙ഏപ്രിൽ 23: 41.3 
∙ഏപ്രിൽ 24: 39.5 
∙ഏപ്രിൽ 25: 41.2 
∙ഏപ്രിൽ 26: 41.4 
∙ഏപ്രിൽ 27: 41.8 
∙ഏപ്രിൽ 28: 41.6 

English Summary:

Three people died of Sunstroke

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com