ADVERTISEMENT

തിരുവനന്തപുരം ∙ ബിജെപിയിൽ പോകാൻ ഒരുങ്ങിയെന്ന ഗുരുതര ആരോപണം നേരിടുന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെ സിപിഎം തൽക്കാലം കൈവിടില്ല. ദല്ലാൾ നന്ദകുമാറിനെപ്പോലുള്ളവരുമായുള്ള കൂട്ടുകെട്ട് പാർട്ടി കർശനമായി വിലക്കി. ജാഗ്രത പാലിച്ചേ തീരൂവെന്ന സെക്രട്ടേറിയറ്റിന്റെ നിർദേശം ഇ.പി അംഗീകരിച്ചു. എൽഡിഎഫ് കൺവീനറായി അദ്ദേഹം തുടരും. വോട്ടെണ്ണലിനു ശേഷം കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങൾ പ്രശ്നം പരിശോധിക്കും.

അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ച ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ജയരാജനോടു നിർദേശിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അറിയിച്ചു. സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷമുളള വാർത്താസമ്മേളനത്തിൽ ഗോവിന്ദൻ ഇ.പിക്കു ക്ലീൻ ചിറ്റ് നൽകി. എന്നാൽ, അദ്ദേഹത്തിന് തെറ്റു പറ്റിയിട്ടില്ലെന്ന പൂർണബോധ്യം പാർട്ടിക്കില്ല. 

ബിജെപി നേതാവും പാർട്ടി വെറുക്കുന്ന ഒരു ഇടനിലക്കാരനും ഉന്നയിക്കുന്ന ആരോപണങ്ങളുടെ പേരിൽ ഇ.പിയെപ്പോലെ കേന്ദ്ര കമ്മിറ്റി അംഗമായ നേതാവിനെതിരെ തിരക്കിട്ടു നീക്കം വേണ്ടെന്നാണു തീരുമാനം. അതിനു തുനിഞ്ഞാൽ എൽഡിഎഫ് കൺവീനർ തന്നെ ബിജെപിയിൽ പോകാൻ തയാറായെന്ന ആരോപണം സ്ഥിരീകരിക്കുന്നതിനു തുല്യമാകും. നീക്കങ്ങൾ മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്ന വാദം സാധൂകരിക്കപ്പെടും; അതോടെ മുഖ്യമന്ത്രിയുടെ നേർക്കും ചോദ്യം വരും. ആരോപണങ്ങളെ സെക്രട്ടേറിയറ്റിൽ ഇ.പി വൈകാരികമായി പ്രതിരോധിച്ചു. തന്നെ നശിപ്പിക്കാനുള്ള ഗൂഢാലോചനയാണിതെന്ന് അദ്ദേഹം പറഞ്ഞു. നന്ദകുമാറിനെ അടുപ്പിച്ചതു തെറ്റായിപ്പോയി. 

തലേദിവസം ചർച്ചയിൽ നിറഞ്ഞുനിന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ട കാര്യം വോട്ടെടുപ്പു ദിവസം സമ്മതിച്ചത്. ഒന്നും ഒളിക്കാനില്ലെന്നതിനു തെളിവാണത്. അതു തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നു കരുതുന്നുമില്ലെന്നു പറഞ്ഞ അദ്ദേഹം മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനം നടത്തി. 

‘വരുത്തിവച്ച വിന’

ഇ.പി സ്വയം വരുത്തിവച്ച വിനയാണെന്ന വിമർശനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായി. ജയരാജനെപ്പോലൊരു നേതാവ് ബിജെപിയിൽ പോകാൻ ശ്രമിക്കുമെന്നു കരുതുന്നില്ലെന്നു നേതാക്കൾ പറഞ്ഞു. പക്ഷേ, അത്തരമൊരു ആക്ഷേപം ഉയരാൻ ഇടയായ സാഹചര്യവും കൂട്ടുകെട്ടുകളും ഒഴിവാക്കേണ്ടതായിരുന്നു. എതിരാളികൾക്കു പാർട്ടി തന്നെ ആയുധം നൽകുന്നതു പോലെയായി. ജയരാജന് അപകീർത്തി ഉണ്ടാക്കിയത് ആരെല്ലാമാണോ അവർക്കെല്ലാമെതിരെ നിയമനടപടി സ്വീകരിക്കാനാണ് പാർട്ടി നിർദേശം. നന്ദകുമാറിനെതിരെയും കേസ് കൊടുക്കാൻ ഇ.പി തയാറാകുമോയെന്നു പാർട്ടി പരിശോധിക്കും. 

∙ ‘എനിക്ക് അവരെ (ശോഭ സുരേന്ദ്രൻ) നേരത്തേ ഇഷ്ടമല്ല. ഉമ്മൻ ചാണ്ടി മരിച്ച സന്ദർഭത്തിലാണ് അവരെ 5 മീറ്റർ അടുത്തു കണ്ടത്. എന്നെപ്പോലൊരാൾ ആ സ്ത്രീയോട് സംസാരിക്കുന്നത് എന്തു കാര്യത്തിനാണ് ? അവർ പറയുന്ന ഡൽഹിയിലെ ഹോട്ടലിൽ ഇതുവരെ പോയിട്ടില്ല.’ – ഇ.പി.ജയരാജൻ

English Summary:

CPM lets EP Jayarajan off the hook for the time being

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com