ADVERTISEMENT

പത്തനാപുരം (കൊല്ലം) ∙ ഗതാഗത മന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്തെ കെഎസ്ആർടിസി ഡിപ്പോയിൽ വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ മദ്യപിച്ചെത്തിയ 2 ഡ്രൈവർമാർ കുടങ്ങി. പരിശോധനയറിഞ്ഞ് ഡ്രൈവർമാർ കൂട്ട അവധിയെടുത്ത് മുങ്ങിയതോടെ 14 സർവീസുകൾ റദ്ദാക്കി. ബ്രത്തലൈസർ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് രണ്ടു പേരെ മദ്യപിച്ചതായി കണ്ടെത്തിയത്.

പുലർച്ചെ അഞ്ചിന് പത്തനംതിട്ടയിൽ നിന്നുള്ള വിജിലൻസ് വിഭാഗമാണ് ഡിപ്പോയിലെത്തി ജീവനക്കാരെ പരിശോധിച്ചത്. ജോലിക്കെത്തിയ ഡ്രൈവർമാരെയും കണ്ടക്ടർമാരെയും ബ്രത്തലൈസർ ഉപയോഗിച്ച് പരിശോധിക്കുകയും, മദ്യപിച്ചെന്നു കണ്ടെത്തിയവരെ മാറ്റി നിർത്തുകയുമായിരുന്നു. 

പരിശോധനാ വിവരം പുറത്തായതോടെ നേരത്തേ അവധിയെടുത്ത 3 ജീവനക്കാരടക്കം ഡ്യൂട്ടിക്ക് കയറേണ്ട ആറു പേരുൾപ്പെടെ പതിനഞ്ചോളം ഡ്രൈവർമാർ അവധിയെടുത്തു മുങ്ങി. ഇതിൽ ഡ്യൂട്ടി ചാർട്ട് ചെയ്ത ശേഷം അവധിയെടുത്ത 6 പേർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. ഡ്രൈവർമാർ കൂട്ട അവധിയെടുത്തതോടെ 14 സർവീസുകൾ ഒറ്റയടിക്ക് റദ്ദാക്കേണ്ടി വന്നു. 

കൊല്ലം സോണിൽ കുറഞ്ഞ ദൂരം ഓടി ഏറ്റവും കൂടുതൽ കലക്‌ഷൻ നേടുന്ന ഡിപ്പോയാണ് പത്തനാപുരം. ഇന്നലെ തിങ്കളാഴ്ചയായിരുന്നതിനാൽ കൂടുതൽ വരുമാനം നേടാമെന്ന പ്രതീക്ഷയിൽ പത്തനാപുരം ഡിപ്പോയിലെ തകരാറിലായ അഞ്ചു ബസുകൾക്ക് പകരം മറ്റു ഡിപ്പോകളിൽ നിന്നു ബസുകളെത്തിച്ചു സർവീസ് നടത്താനും ജീവനക്കാർ തയാറെടുപ്പ് നടത്തിയിരുന്നു. 14 സർവീസ് റദ്ദാക്കിയതോടെ രണ്ട് ലക്ഷത്തോളം രൂപയുടെ വരുമാന നഷ്ടം ഉണ്ടായതായി ജീവനക്കാർ പറയുന്നു.

English Summary:

Search at Pathanapuram KSRTC Depot: 2 drunk drivers caught

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com