ADVERTISEMENT

തിരുവനന്തപുരം ∙ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് കെ.എം.സച്ചിൻദേവ് എംഎൽഎയും ഉൾപ്പെടെയുള്ളവർ ബസ് തടഞ്ഞ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയും തന്റെ ജോലി തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുക്കാത്തതിനെതിരെ സിറ്റി പൊലീസ് കമ്മിഷണർ, കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, ഗതാഗത മന്ത്രി, മനുഷ്യാവകാശ കമ്മിഷൻ തുടങ്ങിയവർക്കു ഡ്രൈവർ എൽ.എച്ച്.യദു പരാതി നൽകി.

മേയറുടെ പരാതിയിൽ യദുവിനെതിരെ പൊലീസ് കേസെടുക്കുകയും ജോലിയിൽ നിന്നു മാറ്റിനിർത്തുകയും ചെയ്തിട്ടുമുണ്ട്. ജോലി വിലക്കിയിട്ടില്ലെന്നും താൽക്കാലിക ജീവനക്കാരനായ യദുവിനെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ലഭിക്കുംവരെ ജോലിയിൽനിന്നു മാറ്റി നിർത്തുകയാണ് ചെയ്തിരിക്കുന്നതെന്നുമാണ് കെഎസ്ആർടിസിയുടെ വിശദീകരണം. യദുവിന്റെ ഭാഗത്തു വീഴ്ചയില്ലെന്നാണ് പ്രാഥമികാന്വേഷണത്തിൽ കെഎസ്ആർടിസി കണ്ടെത്തിയത്.

യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ട എംഎൽഎക്കും മേയർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർമാരുടെ സംഘടനയായ ടിഡിഎഫ്, കെഎസ്ആർടിസി ചീഫ് ഓഫിസിലേക്കു മാർച്ച് നടത്തി. കോൺഗ്രസ് അനുകൂല സംഘടനയാണ് ടിഡിഎഫ്. യൂത്ത് കോൺഗ്രസ് കോർപറേഷൻ ഓഫിസിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.

മേയറുടെ നടപടിയിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങൾ കോർപറേഷൻ കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. അതേസമയം, മേയറോട് അപമര്യാദയായി പെരുമാറിയ കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽനിന്നു പിരിച്ചുവിടുകയും നിയമനടപടി സ്വീകരിക്കുകയും വേണമെന്നാവശ്യപ്പെട്ട് കോർപറേഷൻ പ്രമേയം പാസാക്കി.

ബസിലെ ദൃശ്യങ്ങൾ തേടി പൊലീസ്

കെഎസ്ആർടിസി ബസിലെ ക്യാമറാ ദൃശ്യങ്ങൾ തേടി പൊലീസ് കെഎസ്ആർടിസിയെ സമീപിച്ചു. പാളയം സാഫല്യം കോംപ്ലക്സിനു സമീപം മേയറുടെ കാർ സീബ്രാ ലൈനിനു കുറുകെയിട്ട് ബസ് തടഞ്ഞതിന്റെ സിസിടിവി ദൃശ്യങ്ങളും പട്ടം മുതൽ വിവിധ ഭാഗങ്ങളിൽ ബസിനെ കാർ ചേസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നതിനു പിന്നാലെയാണിത്. ഡ്രൈവറുടെ മുന്നിലടക്കം 3 ക്യാമറകളാണു ബസിലുള്ളത്.

English Summary:

Police not filing case against Mayor Arya Rajendran and KM Sachin Dev; bus driver's complaint to Human Rights Commission and Minister KB Ganesh Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com