ADVERTISEMENT

തൊടുപുഴ ∙ സ്വകാര്യ ബസ്‌ സ്റ്റാൻഡിൽ കഴിഞ്ഞ 23നു സ്വകാര്യ ബസ് ഉടമയുടെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിൽ പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു. ഇടവെട്ടി ആനകെട്ടിപ്പറമ്പിൽ സക്കീറാണ് (52) ഇന്നലെ ഉച്ചകഴിഞ്ഞ് മരിച്ചത്. സംഭവത്തിൽ പ്രതികളായ ബസ് ഉടമയും മക്കളും ജീവനക്കാരും ഉൾപ്പെടെ 6 പേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. സക്കീറിന്റെ മൃതദേഹം ഇന്ന് ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കബറടക്കും. ഭാര്യ: നസീറ. മക്കൾ: മാഹിൻ, ഷെറിൽ ഫാത്തിമ. 

വാടകവീട്ടിൽ കഴിയുന്ന കുടുംബം സക്കീറിന്റെ മരണത്തോടെ കടുത്ത പ്രതിസന്ധിയിലായി. രോഗബാധിതയായ ഭാര്യ നസീറ ഏറെ നാളായി വീട്ടിൽ ചികിത്സയിലാണ്. തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ 23ന് ഉച്ചയ്ക്കായിരുന്നു സംഭവം. പുറപ്പെടുന്ന സമയത്തെച്ചൊല്ലി, ഈരാറ്റുപേട്ട റൂട്ടിലോടുന്ന അമ്മാസ്, ആനകെട്ടിപ്പറമ്പിൽ എന്നീ ബസുകളിലെ ജീവനക്കാർ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി. സംഘർഷത്തിനിടെ അമ്മാസ്‌ ബസ്‌ ഉടമയുടെ നേതൃത്വത്തിൽ സംഘം ചേർന്നുള്ള മർദനത്തിനിരയായ സക്കീർ സ്റ്റാൻഡിൽ ബോധരഹിതനായി വീഴുകയായിരുന്നു. തലയിൽ സാരമായി പരുക്കേറ്റ സക്കീറിനെ ആദ്യം തൊടുപുഴ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ഏഴല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ച കഴിഞ്ഞ് മരിച്ചു.

സംഭവത്തിൽ പ്രതികളായ അമ്മാസ് ബസ് ഉടമ കുമ്മംകല്ല് സ്വദേശി ഒ.കെ.സലിം, ഇയാളുടെ മക്കളായ മുഹ്സീൻ, മൻസൂർ, സലിമിന്റെ സഹോദരൻ സക്കീർ, ബസിലെ കണ്ടക്ടർ കോലാനി സ്വദേശി മനു, ഡ്രൈവർ മുതലക്കോടം സ്വദേശി അമൽ എന്നിവർ റിമാൻഡിൽ കഴിയുകയാണ്. അടുത്തു തന്നെ പ്രതികളെ സംഭവ സ്ഥലത്ത്‌ എത്തിച്ച്‌ തെളിവെടുപ്പു നടത്തുമെന്ന്‌ എസ്എച്ച്ഒ എസ്. മഹേഷ്കുമാർ പറഞ്ഞു.

English Summary:

Bus stand attack Bus driver died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com