ADVERTISEMENT

തിരുവനന്തപുരം∙ അങ്കമാലി– എരുമേലി ശബരി റെയിൽപാത പദ്ധതിയുടെ പകുതി തുക മുടക്കാൻ കേരളം സമ്മതപത്രം നൽകണമെന്നു കേന്ദ്രം നിർദേശിച്ച സാഹചര്യത്തിൽ അതു കണ്ടെത്താനുള്ള മാർഗം ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ഗതാഗത വകുപ്പ് കൈമാറിയ ഏതാനും നിർദേശങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു യോഗം. വിശദമായ ചർച്ചയ്ക്കു ശേഷം നിർദേശം തയാറാക്കി മുഖ്യമന്ത്രിക്കു നൽകും. 

കേരളം സമർപ്പിച്ച 3800.93 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിനു ദക്ഷിണ റെയിൽവേ അക്കൗണ്ട് വിഭാഗം അംഗീകാരം നൽകിയിരുന്നു. ജനറൽ മാനേജരുടെ അംഗീകാരത്തിനായി സമർപ്പിച്ചപ്പോഴാണ് പകുതി തുക മുടക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ സമ്മതപത്രം നൽകണമെന്നു നിർദേശിച്ചത്. ചെലവിന്റെ പകുതി, 1900.46 കോടി രൂപ കേരളം വഹിക്കണം. 2017ലെ എസ്റ്റിമേറ്റ് പ്രകാരം 1407.5 കോടി രൂപ സംസ്ഥാനം മുടക്കേണ്ടിയിരുന്ന ഘട്ടത്തിൽ 2021ൽ കേരളം രേഖാമൂലം സമ്മതമറിയിച്ചിരുന്നു. എസ്റ്റിമേറ്റ് പുതുക്കിയപ്പോൾ 492.96 കോടി രൂപ കൂടി അധികം മുടക്കണമെന്നതിനാൽ വീണ്ടും സമ്മതപത്രം നൽകണം. 

രേഖാമൂലം സമ്മതം ആവശ്യപ്പെട്ടുള്ള ഫയൽ ധനവകുപ്പിൽനിന്നു മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു കൈമാറിയിരിക്കുകയാണ്. ഫയലിൽ മന്ത്രിസഭാ തീരുമാനം വരേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണു തുക കണ്ടെത്താനുള്ള മാ‍ർഗങ്ങൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വി.വേണു ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.

2021ൽ സമ്മതം അറിയിക്കുമ്പോൾ കിഫ്ബി വഴി തുക കണ്ടെത്താമെന്നായിരുന്നു സർക്കാർ കരുതിയിരുന്നത്. എന്നാൽ കിഫ്ബി ഏറ്റെടുക്കാവുന്നതിന്റെ പരമാവധി പദ്ധതികൾ ഏറ്റെടുത്തു കഴിഞ്ഞു. സർക്കാരിന്റെ കടമെടുപ്പുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയിലുള്ള കേസിൽ അന്തിമ തീരുമാനം വരുന്നതുവരെ പുതിയ പദ്ധതികൾ ഏറ്റെടുക്കാനാകില്ലെന്നു കിഫ്ബി സർക്കാരിനെ അറിയിച്ചിരുന്നു. ഇതോടെയാണു മറ്റു മാർഗങ്ങൾ തേടാൻ സർക്കാർ നിർബന്ധിതമായത്.

English Summary:

kerala is looking for another way to pay for Sabari Rail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com