ADVERTISEMENT

തൃശൂർ ∙ ബാങ്കിൽനിന്നു സിപിഎം പിൻവലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാ‍ൻ ആദായ നികുതി വകുപ്പു നോട്ടിസ് നൽകിയതു തുകയുടെ കൃത്യമായ സ്രോതസ്സ് കാണിക്കാത്തതിനാൽ. സിപിഎം ജില്ലാ സെക്രട്ടറി പറയുന്നതുപോലെ ആദായ നികുതി വകുപ്പു ആവശ്യപ്പെട്ടതുകൊണ്ടു തിരിച്ചടയ്ക്കാ‍ൻ എത്തിയതല്ല സിപിഎം നേതാക്കൾ. തുക ചെലവാക്കാൻ പറ്റാതിരുന്നതും ആദായ നികുതി വകുപ്പിന്റെ നിയന്ത്രണം ഉണ്ടായിരുന്നതുകൊണ്ടാണ്. 

വൻ തുകയുടെ ഇടപാടുകൾ നടക്കുമ്പോൾ അത് ആദായ നികുതി വകുപ്പിനെ അറിയിക്കണമെന്നു ബാങ്കുകൾക്കു നിർദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പു കാലമായതിനാൽ അതിൽ കൂടുതൽ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണു സിപിഎം ഒരു കോടി പിൻവലിച്ചപ്പോൾ ആദായ നികുതി വകുപ്പിനു വിവരം കിട്ടിയത്. ഇ.ഡി അന്വേഷണവുമായി ഇതിനു ബന്ധമില്ല. പണം പിൻവലിച്ച ഉടൻതന്നെ സിപിഎം നേതൃത്വത്തോടു പണം എവിടെനിന്നാണ് ഈ അക്കൗണ്ടുകളിലേക്കു വന്നതെന്ന വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു. 

സ്രോതസിന്റെ കാര്യത്തിൽ വ്യക്തത വരാത്തതിനാൽ അക്കൗണ്ട് മരവിപ്പിക്കുകയായിരുന്നു. നേതാക്കൾ വ്യാഖ്യാനിച്ചതുപോലെ തുക ആദായ നികുതി വകുപ്പ് അക്കൗണ്ടിലേക്കു തിരിച്ച് അടപ്പിച്ചതല്ല. മതിയായ രേഖകൾ ഹാജരാക്കുന്നതു വരെ കണ്ടുകെട്ടിയതാണ്. നിശ്ചിത സമയത്തു രേഖ ഹാജരാക്കുകയോ കൃത്യമായ വിശദീകരണം നൽകുകയോ ചെയ്തില്ലെങ്കിൽ തുക പിടിച്ചെടുക്കും. മാത്രമല്ല കള്ളപ്പണം സൂക്ഷിച്ചതിനുള്ള കേസുകളും വരും. 

പണം വന്ന വഴി ആദായ നികുതി വകുപ്പിനെ ബോധ്യപ്പെടുത്താൻ പാർട്ടിക്കു കഴിയണം. ഒരു കോടി രൂപ ബാങ്കിൽ കിടന്നിട്ടും ആദായനികുതി വകുപ്പിനു കൃത്യമായ വിവരം നൽകാത്തതിനു നിയമാനുസൃതമായ മറുപടി നൽകണം. അംഗങ്ങൾ നൽകിയ ലെവിയും ജനങ്ങളുടെ സംഭാവനയും എന്നാണു പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി വിശദീകരിച്ചത്. എന്നാൽ ഇത്തരം രേഖയില്ലാ വിശദീകരണം ആദായ നികുതി വകുപ്പിനോടു പറയാനാകില്ല. 

കരുവന്നൂർ: കള്ളപ്പണം സംസ്ഥാനത്തിന് പുറത്ത് റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ചു

കൊച്ചി ∙ തൃശൂർ കരുവന്നൂർ ബാങ്ക് ബെനാമി വായ്പ തട്ടിപ്പു കേസിലെ പ്രതികൾ കള്ളപ്പണം സംസ്ഥാനത്തിനു പുറത്തു റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. സാക്ഷിമൊഴികളിൽ ഇക്കാര്യം വ്യക്തമായതിനെ തുടർന്നു തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. വായ്പത്തട്ടിപ്പിലൂടെ രാഷ്ട്രീയ നേതാക്കൾ കൈവശപ്പെടുത്തിയ പണമാണു സംസ്ഥാനത്തുനിന്നു പുറത്തേക്കു കടത്തി നിക്ഷേപിച്ചതെന്നാണ് അന്വേഷണ സംഘത്തിനു ലഭിക്കുന്ന വിവരം.

English Summary:

Reasons for confiscation of CPM Money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com