ADVERTISEMENT

തിരുവനന്തപുരം ∙ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനത്തിൽ രണ്ടു വീതം ക്ലച്ചും ബ്രേക്കും ഉൾപ്പെടുന്ന ഇരട്ട നിയന്ത്രണ സംവിധാനം അനുവദിക്കില്ലെന്നു ഗതാഗത കമ്മിഷണറുടെ ഉത്തരവ്. പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് രീതിയിലെ അപാകതകൾ നീക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവിങ് സ്കൂളുകൾ നടത്തുന്ന സമരത്തെ തുടർന്ന് ഇന്നലെ പുറത്തിറക്കിയ ഉത്തരവിലാണ് നിർദേശം. 3 മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ടെങ്കിലും ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷയെ ഉൾപ്പെടെ ബാധിക്കുന്ന നിർദേശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. 

ഡ്രൈവിങ് പഠിച്ചവരാണ് ടെസ്റ്റിൽ പങ്കെടുക്കുന്നതെങ്കിലും വിദഗ്ധരല്ലാത്തതിനാൽ പൊതു നിരത്തിൽ ഉൾപ്പെടെ വാഹനമോടിക്കുമ്പോൾ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. പുതുക്കിയ ഉത്തരവിലും അപ്രായോഗിക നിർദേശങ്ങളുണ്ടെന്ന് ഡ്രൈവിങ് സ്കൂളുകളുടെ സംഘടനകൾ ആരോപിച്ചു.

ബഹിഷ്കരണം തുടരും

ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്കരിച്ചു സമരം തുടരാനും തിങ്കളാഴ്ച മുതൽ ഡ്രൈവിങ് പരിശീലനം പുനരാരംഭിക്കാനും ഭൂരിഭാഗം സംഘടനകളും തീരുമാനിച്ചെങ്കിലും സിഐടിയുവിന്റെ നേതൃത്വത്തിലുള്ള ഓൾ കേരള മോട്ടർ ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സമരത്തിൽ നിന്നു പിന്മാറി. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കരുതെന്ന നിർദേശം ചെറിയ വരുമാനത്തിൽ ഡ്രൈവിങ് സ്കൂളുകൾ നടത്തുന്നവരെ പ്രതിസന്ധിയിലാക്കുമെന്ന് ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് സമിതി സംസ്ഥാന സെക്രട്ടറി ഹരിസുദനൻ പറഞ്ഞു. മോട്ടർ വാഹന വകുപ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്ന വാഹനം ഏത് ആവശ്യത്തിനും ഉപയോഗിക്കാവുന്നതാണെന്ന കേന്ദ്ര നിയമത്തിന് എതിരാണ് ഈ നിർദേശമെന്നാണു വാദം.

പുതിയ ഉത്തരവിലെ മറ്റു നിർദേശങ്ങൾ:

∙ പ്രതിദിനം ഒരു ഓഫിസിൽ 40 ഡ്രൈവിങ് ടെസ്റ്റ് നടത്താം. ഇതിൽ 25 പേർ പുതിയ അപേക്ഷകരും 10 പേർ റീ ടെസ്റ്റ് അർഹത നേടിയവരും 5 പേർ വിദേശജോലി, പഠനം എന്നീ ആവശ്യങ്ങൾക്കു പോകേണ്ടവരും വിദേശത്തു നിന്ന് അവധിയെടുത്തു വന്ന് അടിയന്തരമായി മടങ്ങേണ്ട പ്രവാസികളുമാകണം. ഇവരുടെ അഭാവത്തിൽ ലേണേഴ്സ് ലൈസൻസ് കാലാവധി ഉടൻ അവസാനിക്കുന്നതുവരെ മുൻഗണനാ ക്രമത്തിൽ പരിഗണിക്കണം. അതതു ദിവസം രാവിലെ 11 ന് മുൻപ് ഓഫിസ് മേധാവിക്കു മുന്നിൽ ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ച് അർഹത തീരുമാനിക്കണം.

∙ എംവിഐ റോഡ് ടെസ്റ്റ് നടത്തി വിജയിക്കുന്നവർക്ക് എഎംവിഐ ഗ്രൗണ്ട് ടെസ്റ്റ് നടത്തി 2 ടെസ്റ്റുകളും പാസാകുന്നവർക്ക് ലൈസൻസ് അനുവദിക്കണം.

∙ ടെസ്റ്റ് നടത്തുന്ന വാഹനത്തിൽ ഡാഷ് ബോർഡ് ക്യാമറ, വിഎൽഡിസി എന്നിവ ഘടിപ്പിക്കാൻ 3 മാസം  ഇളവ് നൽകും.

∙ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ അനുവദിക്കില്ല എന്ന നിബന്ധനയ്ക്ക് 6 മാസം കൂടി ഇളവു നൽകും.

∙ പുതിയ ടെസ്റ്റ് ട്രാക്ക് സജ്ജമാകുന്നതു വരെ നിലവിലെ രീതിയിൽ പരീക്ഷ നടത്തും.

ഇരുചക്രവാഹന പരീക്ഷ: കൈ കൊണ്ട് ഗിയർ മാറ്റുന്നവ ഔട്ട് !

കൈ കൊണ്ടു ഗിയർ മാറ്റുന്ന ഇരുചക്ര വാഹനങ്ങൾ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ നിന്ന് പുറത്തായി. ഇരുചക്ര വാഹനം ഓടിക്കാനുള്ള ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ ഭൂരിഭാഗം ഡ്രൈവിങ് സ്കൂളുകാരും കൈ കൊണ്ടു ഗിയർ മാറ്റുന്ന വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ലൈസൻസ് ലഭിക്കുന്നവരാകട്ടെ, റോഡിൽ ഓടിക്കുന്നതു കാലു കൊണ്ടു ഗിയർ മാറ്റുന്ന വാഹനങ്ങളും. ഡ്രൈവിങ് ടെസ്റ്റിലും കാലു കൊണ്ടു ഗിയർ മാറ്റുന്ന വാഹനങ്ങൾ ഉപയോഗിക്കണമെന്നാണ് പുതിയ വ്യവസ്ഥ.

English Summary:

New driving test order has been issued, test vehicle does not of dual clutch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com