ADVERTISEMENT

ജറുസലം ∙ ഗാസയിൽ ഹമാസിന്റെ തടവിലുളള ബന്ദികളിലൊരാൾ കൂടി മരിച്ചു. ഇതോടെ മരിച്ച ബന്ദികളുടെ എണ്ണം 38 ആയെന്ന് ഇസ്രയേൽ ബന്ദികളുടെ കുടുംബ ഫോറം അറിയിച്ചു. ബന്ദികളെ അടിയന്തരമായി മോചിപ്പിക്കാൻ കരാറുണ്ടാക്കണമെന്നാവശ്യപ്പെട്ടു ടെൽ അവീവിൽ ഇസ്രയേൽ സൈനിക ആസ്ഥാനത്തിനു മുന്നിൽ നൂറുകണക്കിനാളുകൾ ധർണ നടത്തി.

ഇസ്രയേൽ തുറമുഖത്തേക്കു സഞ്ചരിക്കുന്ന എല്ലാ കപ്പലുകളും ആക്രമിക്കുമെന്നു ഹൂതികൾ മുന്നറിയിപ്പുനൽകി. റഫ നഗരം ഇസ്രയേൽ ആക്രമിച്ചാൽ, ലക്ഷക്കണക്കിനു പലസ്തീൻ അഭയാർഥികളുടെ ജീവൻ അപകടത്തിലാകുന്നതിനു പുറമേ, ഗാസയിലെ ജീവകാരുണ്യപ്രവർത്തനത്തിനും തിരിച്ചടിയാകുമെന്ന് ഐക്യരാഷ്ട്ര സംഘടന ഏജൻസികളും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പു നൽകി.

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 34,622 പലസ്തീൻകാർ കൊല്ലപ്പെട്ടു. 77,867 പേർക്കു പരുക്കേറ്റു.

യുഎസ് ക്യാംപസുകളിൽ അറസ്റ്റിലായത് 2100 പേർ

ലൊസാഞ്ചലസ് ∙ യുഎസിലെ വിവിധ കോളജ് ക്യാംപസുകളിൽ ഗാസ യുദ്ധവിരുദ്ധ പ്രക്ഷോഭകരുടെ സമരക്കുടിലുകൾ പൊലീസ് ബലമായി പൊളിച്ചുനീക്കുന്നതു തുടരുന്നു. 2100 പേർ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായി. ലൊസാഞ്ചലസ് കലിഫോർണിയ സർവകലാശാലയിൽ കുടിൽ കെട്ടി സമരം ചെയ്യുന്ന വിദ്യാർഥികളെ പൊലീസ് സംഘമെത്തി ബലം പ്രയോഗിച്ചു പുറത്താക്കി. ഇവിടെ 210 പേർ അറസ്റ്റിലായി. പാരിസിലെ പ്രശസ്തമായ സ്യാൻസ് പൊ സർവകലാശാലയിൽ കുടിൽ കെട്ടിയ നൂറോളം വിദ്യാർഥികളെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

English Summary:

Another hostage died in Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com