ADVERTISEMENT

ജറുസലം ∙ രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും. വെടിനിർത്തലിനുള്ള ഇസ്രയേൽ നിർദേശങ്ങൾ ഹമാസ് നേതൃത്വം പഠിച്ചുവരികയാണെന്നും വക്താവ് പറഞ്ഞു. ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി, ഈജിപ്ത് ഇന്റലിജൻസ് മേധാവി അബ്ബാസ് കെമൽ എന്നിവരുമായി ഹമാസ് മേധാവി ഇസ്മായിൽ ഹനിയ ഫോണിൽ വിഷയം ചർച്ച ചെയ്തു. 2 ദിവസത്തിനകം ഹമാസ് സംഘം കയ്റോ സന്ദർശിക്കുമെന്നാണു സൂചന.

എല്ലാ ബന്ദികളെയും വിട്ടയക്കുന്നതോടെ ഗാസ ആക്രമണം ഇസ്രയേൽ നിർത്തുകയും സേനയെ പിൻവലിക്കുകയും ചെയ്യുമെന്ന ഉറപ്പു ലഭിക്കാതെ കരാർ ഒപ്പിടില്ലെന്നു ഹമാസ് ആവർത്തിച്ചു. ഈ നിലപാടു കൂടി കണക്കിലെടുത്തുകൊണ്ടുള്ള 3 ഘട്ട വെടിനിർത്തൽ നിർദേശങ്ങളാണു ഹമാസിനു മുന്നിലുള്ളതെന്നാണു സൂചന.

24 മണിക്കൂറിൽ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 28 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. ഇതുവരെ കൊല്ലപ്പെട്ടവർ 34,596 ആയി. 77,816 പേർക്കു പരുക്കേറ്റു. യുദ്ധം ഇപ്പോൾ അവസാനിച്ചാൽപോലും ഗാസയിലെ തകർന്ന വീടുകളെല്ലാം പുനർനിർമിക്കാൻ 15 വർഷമെങ്കിലും എടുക്കുമെന്ന് യുഎൻ ഡവലപ്മെന്റ് പ്രോഗ്രാം പറഞ്ഞു.

പലസ്തീന് സ്ഥിരാംഗത്വം; പിന്തുണച്ച് ഇന്ത്യ

ന്യൂയോർക്ക് ∙ ഐക്യരാഷ്ട്ര സംഘടനയിൽ സ്ഥിരാംഗത്വം നൽകണമെന്ന പലസ്തീന്റെ ആവശ്യത്തെ പിന്തുണയ്ക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. യുഎൻ പൊതുസഭ പാസാക്കിയ സ്ഥിരാംഗത്വത്തിനായുള്ള പ്രമേയം കഴിഞ്ഞമാസം 15 അംഗ രക്ഷാസമിതിയിൽ 12 രാജ്യങ്ങൾ പിന്തുണച്ചെങ്കിലും യുഎസ് വീറ്റോ ചെയ്തിരുന്നു.

പലസ്തീൻ അനുകൂല വിദ്യാർഥികൾക്ക് എതിരെ നടപടി

ന്യൂയോർക്ക് ∙ യുഎസ് സർവകലാശാലകളിൽ ഗാസ യുദ്ധവിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെ, വിദ്യാർഥികൾക്കെതിരെ നടപടി ശക്തമാക്കി. ലൊസാഞ്ചലസ് കലിഫോർണിയ സർവകലാശാലയിൽ ഇസ്രയേൽ അനുകൂല, പലസ്തീൻ അനുകൂല വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വൻസന്നാഹത്തോടെ പൊലീസ് സംഘം ഇവിടെ സമരക്കാർ സ്ഥാപിച്ച ബാരിക്കേഡുകളും കുടിലുകളും പൊളിച്ചുനീക്കി.

English Summary:

Gaza Ceasefire: Hamas Group for Second Round of Talks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com