ADVERTISEMENT

വേനൽച്ചൂടിൽ വിളകൾക്കു വ്യാപക കൃഷിനാശം. തേയിലയുടെയും ഏലത്തിന്റെയും ഉൽപാദനത്തിൽ വലിയ തോതിലുള്ള ഇടിവാണ് അനുഭവപ്പെടുന്നത്. രണ്ട് ഉൽപന്നങ്ങളുടെയും വില മെച്ചപ്പെടാൻ ലഭ്യതയിലെ കുറവു സഹായകമായിട്ടുണ്ടെങ്കിലും വിളനാശം മൂലമുള്ള നഷ്‌ടത്തിന്റെ തോതാണു ഭീമം.

തേയില ഉൽപാദനത്തിൽ 40% ഇടിവ്

കേരളത്തിൽ മാത്രമല്ല ദക്ഷിണേന്ത്യയിലാകെ തേയിലത്തോട്ടങ്ങൾ വരണ്ടുണങ്ങുകയാണ്. അഭൂതപൂർവമാണ് ഇത്തവണത്തെ വരൾച്ച. ഉൽപാദനത്തിൽ 40 ശതമാനത്തിലേറെ കുറവുണ്ടായിട്ടുണ്ടെന്നാണ് ഉൽപാദകരിൽനിന്നു പൊതുവായി ലഭിക്കുന്ന വിവരം.

ഉൽപാദനത്തിലെ കുറവു കൊച്ചി ഉൾപ്പെടെയുള്ള ലേല കേന്ദ്രങ്ങളിലെ തേയില വരവിനെ ബാധിച്ചിട്ടുണ്ട്. ചില ഇനങ്ങൾക്കു കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നതെന്നു വ്യാപാരികൾ പറയുന്നു. ലഭ്യതയിലെ കുറവു വില ഉയരാൻ കാരണമായിട്ടുണ്ടെന്നും അവർ അറിയിച്ചു. ഇന്ന് ആരംഭിക്കുന്ന ആഴ്‌ചയിലും തേയില വരവു കുറവായിരിക്കുമെന്നാണു കരുതുന്നത്.

തെക്കു പടിഞ്ഞാറൻ കാലവർഷത്തിനു മുന്നോടിയായുള്ള വേനൽ മഴയുടെ വലിയ അളവിലുള്ള അപര്യാപ്‌തതയാണു തേയിലത്തോട്ടങ്ങളെ  പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ജനുവരി – ഏപ്രിൽ കാലയളവിലെപ്പോലെയുള്ള വരൾച്ച മേയിലും അനുഭവപ്പെട്ടാൽ തോട്ടങ്ങൾക്കുണ്ടാകുന്ന നഷ്‌ടം അതിഭീമമായിരിക്കും.

ഏലത്തിനും ക്ഷാമം; ലഭ്യത 20 – 30% കുറവ്

വേനൽച്ചൂടിൽ ചെടികൾ വ്യാപകമായി കരിഞ്ഞുണങ്ങിയതു വിപണിയിലേക്കുള്ള ഏലം വരവിനെയും ബാധിക്കുന്നു. ഇടുക്കി ജില്ലയിൽ മാത്രം ആയിരത്തിലേറെ ഹെക്‌ടറിലെ കൃഷിയാണു നശിച്ചിരിക്കുന്നത്. ഉൽപാദനത്തിൽ മുൻ വർഷത്തെക്കാൾ 20 – 30 ശതമാനമെങ്കിലും കുറവു കണക്കാക്കുന്നു.

ഉൽപന്നത്തിന്റെ ലഭ്യതയിലെ കുറവു തേയിലയുടെ കാര്യത്തിലെന്നപോലെ  ഏലത്തിന്റെ വിലയും മെച്ചപ്പെടാൻ ഇടയാക്കിയിട്ടുണ്ട്. എന്നാൽ വേനൽമഴയെത്തിയാൽ വില ഇടിഞ്ഞേക്കുമോ എന്ന സംശയത്തിൽ ചെറുകിട കർഷകരിൽ നല്ല പങ്കും ഏലം ശേഖരിച്ചുവച്ചിരുന്നില്ല. അതിനാൽ അവർക്കു വിലക്കയറ്റത്തിന്റെ പ്രയോജനം ലഭിക്കാതെപോകുന്നു. വൻകിട വ്യാപാരികൾക്കും മറ്റുമാണു നേട്ടം.

ഓഗസ്‌റ്റ് അവസാനം വരെ 2000 – 2400 രൂപയായിരുന്നു വിലയെങ്കിലും സെപ്‌റ്റംബറോടെ അത് 1800 – 1900 നിലവാരത്തിലേക്കു താഴുകയായിരുന്നു. ഈ മാസം ആദ്യം ശരാശരി വില കിലോ ഗ്രാമിന് 1200 – 1300 രൂപ മാത്രമായി. പിന്നീടു ക്രമേണ ഉയർന്ന വില കടന്നുപോയ വാരം 2000 രൂപയ്‌ക്കു മുകളിലേക്ക് എത്തുന്നതാണു കണ്ടത്. ഇതു നടപ്പു വർഷത്തെ ഏറ്റവും കൂടിയ നിരക്കാണ്. വില ഇനിയും ഉയരാനുള്ള സാധ്യതയാണു കാണുന്നത്.

  ഏലത്തിന്റെ ഉൽപാദനത്തിൽ പ്രമുഖരായ ഗ്വാട്ടിമാലയിലും വരൾച്ച മൂലം വൻതോതിലാണു കൃഷിനാശം എന്നു റിപ്പോർട്ടുണ്ട്. രാജ്യാന്തര വിപണിയിലും ഏലത്തിന്റെ വില ഉയരാൻ ഈ സാഹചര്യം സഹായകമാകുമെന്നു കരുതുന്നു.

കൊക്കോ വിലയിൽ കയറ്റം തുടരുന്നു

കൊക്കോ വിലയിൽ കുതിപ്പു തുടരുകയാണ്. വില കിലോ ഗ്രാമിന് 1000 രൂപ വരെ എത്തിയിട്ടുണ്ട്. മുന്തിയ ഇനത്തിനു കൂടുതൽ വില ലഭിക്കാവുന്ന സാഹചര്യമാണുള്ളത്.

  രാജ്യാന്തര വിപണിയിൽ കഴിഞ്ഞ ആഴ്‌ചയുടെ അവസാനം നേരിയ മടുപ്പാണ് അനുഭവപ്പെട്ടത്. നൈജീരിയയിൽനിന്നുള്ള കയറ്റുമതിക്കണക്കുകളിലെ വർധനയാണു മടുപ്പിനു കാരണമായതെങ്കിലും കൊക്കോയ്‌ക്കു വർധിത തോതിൽത്തന്നെ പ്രിയം തുടർന്നേക്കുമെന്നാണ് അനുമാനം.

കേരോൽപന്ന വില മെച്ചപ്പെടുന്നു

കേരോൽപന്ന വിപണിയിൽ വിലകൾ ക്രമേണ ഉയരുന്നതാണു കഴിഞ്ഞ വ്യാപാരവാരത്തിൽ കണ്ടത്. ആഴ്‌ചയുടെ തുടക്കത്തിൽ വെളിച്ചെണ്ണ തയാർ വില കൊച്ചി വിപണിയിൽ 15,200 രൂപ മാത്രമായിരുന്നു. വാരാന്ത്യ വില 15,500 രൂപ. മില്ലിങ് ഇനത്തിന്റെ വില 15,700ൽനിന്ന് 16,000 വരെ ഉയർന്നു. കൊപ്ര വില 10,000 രൂപയായിരുന്നത് 10,250 നിലവാരത്തിലെത്തി.

  പച്ചത്തേങ്ങയ്‌ക്കു വടകര വിപണിയിൽ വർധന കണ്ടു. 3100 രൂപയായിരുന്ന വില 3200 നിലവാരത്തിലേക്ക് ഉയരുക മാത്രമല്ല കൂടുതൽ ദിവസങ്ങളിലും ആ നിരക്കു നിലനിർത്തുകയും ചെയ്‌തു.

കുരുമുളകിന് വില കയറി

കുരുമുളകിനു കഴിഞ്ഞ ആഴ്‌ച ക്വിന്റലിന് 900 രൂപയുടെ വിലക്കയറ്റമാണ് അനുഭവപ്പെട്ടത്. ഗാർബിൾഡ് ഇനത്തിന്റെ അവസാന നിരക്ക് 58,600 രൂപ; അൺഗാർബിൾഡിന്റെ വില 56,600 രൂപ.

English Summary:

Crop damage in summer heat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com