ADVERTISEMENT

കൊച്ചി∙ കരയിലെ പോലെ കടലിലും ഉഷ്ണതരംഗം ശക്തമാകുന്നതു മത്സ്യ ലഭ്യത കുറയാൻ ഇടയാക്കിയെന്നു ഫിഷറീസ് ശാസ്ത്രജ്ഞർ. ഉപരിതല മത്സ്യങ്ങളായ മത്തി, അയല എന്നിവയും കിളിമീൻ പോലെ കടലിന്റെ അടിത്തട്ടിനോടു ചേർന്നു നിൽക്കുന്ന മത്സ്യങ്ങളും കുറഞ്ഞു എന്നാണു കണ്ടെത്തൽ.

കടലിൽ അടിക്കടി ഉഷ്ണ തരംഗം ഉണ്ടാകുകയും നീണ്ടു നിൽക്കുകയും ചെയ്യുന്നതു ചിലയിടങ്ങളിൽ മത്സ്യ സമ്പത്തിനെ ബാധിച്ചതായി സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞനായ ഡോ. ഗ്രിൻസൻ ജോർജ് പറഞ്ഞു.‌ എൽ–നിനോ, ഇന്ത്യൻ ഓഷ്യൻ ഡൈപോൾ പ്രതിഭാസങ്ങളുടെ പ്രതിഫലനമാണ് ഉഷ്ണതരംഗത്തിനു പ്രധാന കാരണം. 

മീനുകൾ അവയ്ക്കു താങ്ങാൻ കഴിയുന്ന താപനിലയുള്ള താഴ്നിരപ്പിലേക്കു മാറും. കടലിലെ ഉഷ്ണതരംഗം മത്സ്യ ബന്ധനത്തെ ബാധിക്കുന്നത് ഇങ്ങനെയാണ്. ചൂട് കൂടിയതും വർധിത മത്സ്യബന്ധനവും പ്രജനന പ്രായമെത്തിയ മത്സ്യങ്ങളുടെ വലുപ്പം കുറയാൻ കാരണമാകുന്നുണ്ട്. വലിയ മത്തി ഇപ്പോൾ കാര്യമായി കിട്ടുന്നില്ലെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. അതേസമയം കൊഴുവ പോലെയുള്ള ചെറുമീൻ ഇനങ്ങളുടെ സാന്നിധ്യം കൂടിയിട്ടുണ്ടെന്നാണ് കൊല്ലം, ആലപ്പുഴ തീരങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ.

2023 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മത്സ്യലഭ്യത ശരാശരിയിലും കൂടുതൽ ആയിരുന്ന സ്ഥാനത്ത് ഈ വർഷം ഇതേ കാലയളവിൽ മത്സ്യ ലഭ്യത വളരെ കുറവാണ്. സിഎംഎഫ്ആർഐയുടെ ഔദ്യോഗിക കണക്കുകൾ പുറത്തുവന്നിട്ടില്ല.

English Summary:

Heat wave at sea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com