ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ മുംബൈ ഇന്ത്യൻസ് താരം ഹാർദിക് പാണ്ഡ്യയ്ക്ക് വൈസ് ക്യാപ്റ്റൻ സ്ഥാനം കൂടി നൽകി ബിസിസിഐ. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായ പാണ്ഡ്യയ്ക്ക് ഈ സീസണിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും എടുത്തു പറയത്തക്ക മികച്ച പ്രകടനമൊന്നുമില്ല. ഓൾ റൗണ്ടറായി തിളങ്ങാനാകാത്ത പാണ്ഡ്യ ലോകകപ്പ് കളിക്കില്ലെന്നു വരെ ഇടയ്ക്ക് അഭ്യൂഹങ്ങൾ ഉയര്‍ന്നിരുന്നു. എന്നാൽ പാണ്ഡ്യയുടെ കഴിവിൽ പൂർണ വിശ്വാസമുണ്ടെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ബിസിസിഐ വൈസ് ക്യാപ്റ്റൻ സ്ഥാനം കൂടി താരത്തിനു നൽകിയത്.

2022 ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ തോൽവിക്കു പിന്നാലെ ഏറെക്കാലം രോഹിത് ശർമ ട്വന്റി20 ടീമിനെ നയിച്ചിരുന്നില്ല. രോഹിത് ശർമയും വിരാട് കോലിയും ട്വന്റി20യിൽനിന്ന് നീണ്ട അവധിയെടുത്തതോടെ ഹാർദിക് പാണ്ഡ്യയായിരുന്നു ഇന്ത്യൻ ടീമിനെ നയിച്ചിരുന്നത്. എന്നാൽ രോഹിത് ശർമ തന്നെ ട്വന്റി20 ലോകകപ്പ് ക്യാപ്റ്റനാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചതോടെ ഹാർദിക് ഉപനായക സ്ഥാനത്തേക്കു മാറി.

കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിനിടെയാണ് ഹാർദിക് പാണ്ഡ്യയ്ക്കു കാലിനു പരുക്കേറ്റത്. ബംഗ്ലദേശിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ പാണ്ഡ്യയ്ക്കു ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായി. ഐപിഎല്ലിലാണ് പാണ്ഡ്യ പിന്നീടു കളിക്കാനിറങ്ങുന്നത്. തിരിച്ചുവരവിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തെങ്കിലും പ്രതീക്ഷിച്ച ഫലമല്ല തുടക്കത്തിൽ ലഭിച്ചത്.

തുടർച്ചയായി മുംബൈ ഇന്ത്യൻ‌സ് തോൽവി വഴങ്ങിയതോടെ പാണ്ഡ്യയ്ക്കെതിരെ ആരാധക വിമർശനം ശക്തമായി. ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽവച്ചുപോലും പാണ്ഡ്യയ്ക്ക് മുംബൈ ഇന്ത്യന്‍സ് ആരാധകരുടെ കൂക്കിവിളി നേരിടേണ്ടിവന്നു. ഐപിഎല്ലിൽ ഒമ്പതു മത്സരങ്ങൾ പൂർത്തിയാക്കിയ മുംബൈയ്ക്ക് ഇതുവരെ മൂന്നു വിജയം മാത്രമാണു നേടാൻ സാധിച്ചത്. ആറു തോല്‍വികളുമായി ഒമ്പതാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ് ഉള്ളത്.

പരുക്കേറ്റ താരങ്ങൾ തിരിച്ചുവരുന്നതിന്റെ ഭാഗമായി ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന് ബിസിസിഐ കർശന നിർദേശം വച്ചിരുന്നു. രഞ്ജി ട്രോഫിയിൽനിന്നു വിട്ടുനിന്നതിനു പിന്നാലെ യുവതാരം ഇഷാൻ കിഷനെ ബിസിസിഐ വാർഷിക കരാറിൽനിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ ഫോം കണ്ടെത്താനായി ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ പാണ്ഡ്യയും തയാറായിരുന്നില്ല. നേരിട്ട് ഐപിഎല്ലിൽ ഇറങ്ങുന്നതിനായി സ്വന്തം നിലയിൽ പരിശീലിക്കുകയാണു പാണ്ഡ്യ ചെയ്തത്. പാണ്ഡ്യയ്ക്കെതിരെ നടപടി വേണമെന്ന് മുൻ ഇന്ത്യൻ താരങ്ങൾ അടക്കം വാദിച്ചെങ്കിലും ബിസിസിഐ അതിനു തയാറായില്ല. വൈസ് ക്യാപ്റ്റനായതോടെ പാണ്ഡ്യ ഓൾറൗണ്ടറായി ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ ഇറങ്ങുമെന്ന് ഉറപ്പാണ്.

ശിവം ദുബെ കളിക്കുമോ?

15 അംഗ ടീമിലുണ്ടെങ്കിലും ശിവം ദുബെ ലോകകപ്പിലെ എല്ലാ മത്സരങ്ങളും കളിക്കില്ല. പാണ്ഡ്യ തന്നെയായിരിക്കും ഇന്ത്യയുടെ പ്രധാന ഓൾറൗണ്ടർ. ഐപിഎല്ലിൽ പാണ്ഡ്യയേക്കാളും ഫോമിലുള്ള താരമാണ് ശിവം ദുബെ. ഒന്‍പതു മത്സരങ്ങളിൽ മൂന്ന് അർധ സെഞ്ചറികൾ അടക്കം 350 റൺസുമായി ഒൻപതാം സ്ഥാനത്താണ് ശിവം ദുബെയുടെ സ്ഥാനം. 197 റൺസെടുത്ത പാണ്ഡ്യ റൺവേട്ടക്കാരിൽ 39–ാം സ്ഥാനത്താണ്.

ശിവം ദുബെ
ശിവം ദുബെ

ഐപിഎല്ലിൽ ബോളിങ്ങിലും കാര്യമായി തിളങ്ങാൻ പാണ്ഡ്യയ്ക്കു സാധിച്ചിരുന്നില്ല. ഇതുവരെ 19 ഓവറുകളാണ് പാണ്ഡ്യ 2024 ഐപിഎൽ സീസണിൽ എറിഞ്ഞത്. 227 റൺസ് വഴങ്ങിയപ്പോൾ ആകെ നേടിയത് നാലു വിക്കറ്റുകൾ മാത്രം. പല മത്സരങ്ങളിലും നാല് ഓവറുകൾ പൂർത്തിയാക്കാൻ താരം തയാറായിരുന്നില്ല. ഐപിഎല്ലിൽ ശിവം ദുബെയെ ബോളറെന്ന നിലയിൽ ചെന്നൈ സൂപ്പർ കിങ്സ് അധികം ഉപയോഗിച്ചിട്ടില്ല. ഇംപാക്ട് പ്ലേയറായി ഇറങ്ങുന്ന താരം ബാറ്റിങ്ങിൽ കഴിവു തെളിയിച്ചു.

രാഹുലിനെ വെട്ടി

രോഹിത് ശർമ, വിരാട് കോലി തുടങ്ങിയ സീനിയർ താരങ്ങൾ ട്വന്റി20 ടീമിലെത്തിയപ്പോൾ കെ.എൽ. രാഹുലിനെ ബിസിസിഐ ഒഴിവാക്കി. കോലിക്കും രോഹിത്തിനുമൊപ്പം യുവതാരം യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ് എന്നിവരുമുള്ളപ്പോൾ രാഹുലിനെ കളിപ്പിക്കാൻ ഇടമില്ലെന്നതാണു പ്രധാന പ്രശ്നം. ഐപിഎൽ സീസണിലെ റൺവേട്ടക്കാരിൽ 378 റൺസുമായി രാഹുൽ ഏഴാമതുണ്ട്. എന്നിട്ടും താരത്തെ ബിസിസിഐ മാറ്റിനിർത്തുകയായിരുന്നു. വിക്കറ്റ് കീപ്പറായി ലോകകപ്പ് കളിക്കാമെന്നതായിരുന്നു രാഹുലിന്റെ മുന്നിലുള്ള മറ്റൊരു സാധ്യത. പക്ഷേ തകർപ്പൻ ഫോമിൽ ഋഷഭ് പന്തും സഞ്ജു സാംസണും തിളങ്ങിയതോടെ കീപ്പറുടെ റോളിലും രാഹുലിനെ ആവശ്യമില്ലാതായി.

ചെന്നൈക്കെതിരെ അർധ സെഞ്ചറി നേടിയ കെ.എൽ.രാഹുലിന്റെ ബാറ്റിങ് (Photo by INDRANIL MUKHERJEE / AFP)
ചെന്നൈക്കെതിരെ അർധ സെഞ്ചറി നേടിയ കെ.എൽ.രാഹുലിന്റെ ബാറ്റിങ് (Photo by INDRANIL MUKHERJEE / AFP)

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചെഹൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

English Summary:

Hardik Pandya will play Twenty20 World Cup as vice captain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com