ADVERTISEMENT

ലക്നൗ∙ ചെറിയ വിജയലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ഇടയ്‌ക്കൊന്നു പതറിയെങ്കിലും വിജയം കൈപ്പിടിയിലൊതുക്കി ലക്നൗ സൂപ്പർ ജയന്റ്സ്. മുംബൈ ഇന്ത്യൻസിനെതിരെ നാല് വിക്കറ്റിനാണ് ലക്നൗവിന്റെ ജയം. മുംബൈ ഉയർത്തിയ 145 റൺസ് വിജയലക്ഷ്യം 19.2 ഓവറിലാണ് ലക്നൗ മറികടന്നത്. അർധസെഞ്ചറി നേടിയ മാർക്കസ് സ്റ്റോയിനിസ് (45 പന്തിൽ 62), ക്യാപ്റ്റൻ കെ.എൽ.രാഹുൽ (22 പന്തിൽ 28) എന്നിവരുടെ ബാറ്റിങ്ങാണ് ലക്നൗ വിജയത്തിൽ നിർണായകമായത്. ഇതോടെ പത്തു മത്സരങ്ങളിൽനിന്ന് 12 പോയിന്റുമായി ലക്നൗ മൂന്നാം സ്ഥാനത്തായി. സീസണിലെ മുംബൈയുടെ ഏഴാം തോൽവിയാണിത്; തുടർച്ചയായ മൂന്നാം തോൽവിയും.

മറുപടി ബാറ്റിങ്ങിൽ, ആദ്യ ഓവറിന്റെ നാലാം പന്തിൽ തന്നെ ഓപ്പണർ ആർഷിൻ കുൽക്കർണിയെ (പൂജ്യം) പുറത്താക്കി നുവാൻ തുഷാര ലക്നൗവിന് ആദ്യ പ്രഹരമേൽപ്പിച്ചു. എന്നാൽ രണ്ടാം വിക്കറ്റിൽ രാഹുൽ– സ്റ്റോയിനിന് സഖ്യം ലക്നൗവിനെ പതറാതെ മുന്നോട്ടു നയിച്ചു. ഇരുവരും ചേർന്ന് 58 റൺസ് കൂട്ടിച്ചേർത്തു. എട്ടാം ഓവറിലാണ് രാഹുൽ പുറത്തായത്. ഇതിനുശേഷം സ്റ്റോയിനിന് പൂർണമായും ഉത്തരവാദിത്വം ഏറ്റെടുത്തു. രണ്ടു സിക്സും ഏഴു ഫോറും അടങ്ങുതായിരുന്നു സ്റ്റോയിനിസിന്റെ ഇന്നിങ്സ്.

എന്നാൽ അടുത്തടുത്ത ഓവറിൽ ദീപക് ഹൂഡയും (18 പന്തിൽ 18) സ്റ്റോയിനിസും പുറത്തായതോടെ ലക്നൗ പതറി. ക്രീസിലെത്തിയ നിക്കോളസ് പുരാൻ (14 പന്തിൽ 14*), ആഷ്ടൺ ടർണർ (9 പന്തിൽ 5) എന്നിവർ റൺസ് കണ്ടെത്താൻ വിഷമിച്ചതാണ് ലക്നൗവിനെ കുഴക്കിയത്. ടർണറും പിന്നീടെത്തിയ ആയുഷ് ബദോനിയും (6 പന്തിൽ 6) പെട്ടെന്ന് മടങ്ങിയതോടെ ലക്നൗ അപകടം മണത്തു. എന്നാൽ അവസാന ഓവറിൽ ക്രുണാൽ പാണ്ഡ്യയെ (1 പന്തിൽ 1*) കൂട്ടുപിടിച്ച് പുരാൻ ലക്നൗവിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

∙ എറിഞ്ഞിട്ട് ലക്നൗ

ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും അടങ്ങുന്ന മുംബൈ ഇന്ത്യൻസ് ബാറ്റിങ് നിരയെ ലോകകപ്പ് ടീം പ്രഖ്യാപിച്ച ദിവസം തന്നെ എറിഞ്ഞിട്ട് ടീമിലിടം ലഭിക്കാത്ത കെ.എൽ.രാഹുലിന്റെ നേതൃത്വത്തിലുള്ള ലക്നൗ സൂപ്പർ ജയന്റ്സ്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത മുംബൈയ്ക്ക് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനെ സാധിച്ചുള്ളൂ. നേഹൽ വധേര (41 പന്തിൽ 46), ടിം ഡേവിഡ് (18 പന്തിൽ 35*), ഇഷാൻ കിഷൻ (36 പന്തിൽ 32) എന്നിവർ മാത്രമാണ് മുംബൈ നിരയിൽ അൽപമെങ്കിലും പിടിച്ചുനിന്നത്. ലക്നൗവിനായി മുഹ്‌സിൻ ഖാൻ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ മാർക്കസ് സ്റ്റോയിനിസ്, നവീൻ ഉൾ–ഹഖ്, മായങ്ക് യാദവ്, രവി ബിഷ്ണോയ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംൈബയ്ക്ക് ഇന്നിങ്സിന്റെ രണ്ടാം ഓവറിൽ തന്നെ ഓപ്പണർ രോഹിത് ശർമയെ (5 പന്തിൽ 4) നഷ്ടപ്പെട്ടു. ലോകകപ്പ് ടീമിന്റെ ക്യാപ്റ്റൻ പുറത്തായതിനു പിന്നാലെയെത്തിയത് മറ്റൊരു ലോകകപ്പ് താരമായ സൂര്യകുമാർ യാദവ്. ഒരു സിക്സർ അടിച്ചെങ്കിലും മൂന്നാം ഓവറിൽ സൂര്യകുമാറിനെ സ്റ്റോയിനിസ് രാഹുലിന്റെ കൈകളിൽ എത്തിച്ചു.ആറു പന്തിൽ 10 റൺസായിരുന്നു സൂര്യകുമാറിന്റെ സമ്പാദ്യം. പിന്നാലെയത്തിയ തിലക് വർമ (11 പന്തിൽ 7) റണ്ണൗട്ടായി. തൊട്ടടുത്ത പന്തിൽ തന്നെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ സംപൂജ്യനായി മടങ്ങി. ലോകകപ്പ് ടീമിന്റെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ച ദിവസം ഗോൾഡൻ ഡക്കായി മടങ്ങാനായിരുന്നു ഹാർദിക്കിന്റെ വിധി.

മുംബൈ ഇന്ത്യൻസ് താരം ഇഷാൻ കിഷൻ പുറത്തായപ്പോൾ ലക്നൗ താരങ്ങളുടെ ആഹ്ലാദം. ചിത്രം: X/IPL
മുംബൈ ഇന്ത്യൻസ് താരം ഇഷാൻ കിഷൻ പുറത്തായപ്പോൾ ലക്നൗ താരങ്ങളുടെ ആഹ്ലാദം. ചിത്രം: X/IPL

പവർപ്ലേ അവസാനിക്കുമ്പോൾ 28ന് 4 എന്ന ദയനീയ സ്ഥിതിയിലായിരുന്നു മുംബൈ. ഈ ഐപിഎൽ സീസണിലെ തന്നെ ഏറ്റവും ചെറിയ രണ്ടാമത്തെ പവർപ്ലേ സ്കോറാണിത്. ഹൈദരാബാദിനെതിരെ പഞ്ചാബ് കുറിച്ച് 27/3 ആണ് സീസണിലെ ഏറ്റവും ചെറിയ പവർപ്ലേ സ്കോർ. അഞ്ചാം വിക്കറ്റിൽ ഇഷാൻ കിഷൻ– നേഹൽ വധേര കൂട്ടുകെട്ടാണ് മുംബൈയെ കരകയറ്റിയത്. ഇരുവരും ചേർന്ന് 53 റൺസ് കൂട്ടിച്ചേർത്തു. 14–ാം ഓവറിൽ ഇഷാനെ പുറത്താക്കി ബിഷ്ണോയ് ആണ് കൂട്ടുകെട്ട് പൊളിച്ചത്. ഇതിനുശേഷമെത്തിയ ടിം ഡേവിഡ് ആണ് മുംബൈ നിരയിൽ കുറച്ചെങ്കിലും ആക്രമിച്ചു കളിച്ചത്. 18–ാം ഓവറിൽ വധേര, 19–ാം ഓവറിൽ മുഹമ്മദ് നബി (2 പന്തിൽ 1) എന്നിവരുടെ വിക്കറ്റ് കൂടി മുംബൈയ്ക്ക് നഷ്ടമായി. ജെറാൾഡ് കോട്ട്സെ (2 പന്തിൽ 1*) പുറത്താകാതെ നിന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com