ADVERTISEMENT

മുംബൈ∙ ട്വന്റി20 ലോകകപ്പിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ടീം ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായി തന്നെ കളിക്കുമെന്നു വിവരം. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനേക്കാൾ ബിസിസിഐ പരിഗണന നൽകുന്നതു സഞ്ജുവിനാണെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അധികം വൈകാതെ തന്നെ ബിസിസിഐ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കും. മേയ് ഒന്നിനു മുൻപ് ലോകകപ്പ് ടീമുകളെ പ്രഖ്യാപിക്കണമെന്ന് ഐസിസിയുടെ നിർദേശമുണ്ട്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി ക്യാപ്റ്റന്റെ റോളിൽ നടത്തുന്ന ഗംഭീര പ്രകടനമാണ് ലോകകപ്പില്‍ സഞ്ജുവിന്റെ സാധ്യതകൾ വർധിപ്പിച്ചത്. ഋഷഭ് പന്ത് രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തിയേക്കും. ഇഷാൻ കിഷൻ, കെ.എൽ. രാഹുൽ, ദിനേഷ് കാർത്തിക്ക് എന്നിവരും വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്കു അവകാശവാദവുമായി ഉണ്ടെങ്കിലും സഞ്ജുവിന് തന്നെയാണ് എല്ലാ സാധ്യതകളും. ടോപ് ഓർഡർ ബാറ്ററായി മാത്രമാണ് കെ.എൽ. രാഹുൽ ഇന്ത്യൻ ടീമിൽ തിളങ്ങിയിട്ടുള്ളത്. രോഹിത് ശർമയും വിരാട് കോലിയുമുള്ള ടോപ് ഓർഡറിൽ മറ്റൊരു സീനിയർ താരം കൂടി വേണ്ടെന്നാണ് ബിസിസിഐയുടെ നിലപാട്.

2015 ജൂലൈയിൽ സിംബാബ്‍വെയ്ക്കെതിരെയാണ് സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യിൽ അരങ്ങേറ്റിയത്. ഇതുവരെ 25 രാജ്യാന്തര മത്സരങ്ങളിൽനിന്നായി 374 റൺസ് താരം നേടിയിട്ടുണ്ട്. ഐപിഎല്ലിൽ വർഷങ്ങളോളം തിളങ്ങിയിട്ടും ഐസിസിയുടെ ഒരു പരമ്പരയിലും ടീം ഇന്ത്യ സഞ്ജുവിനെ കളിപ്പിച്ചിരുന്നില്ല. 2024 ഐപിഎല്ലിൽ ഒൻപതു മത്സരങ്ങളിൽനിന്ന് 385 റൺസ് താരം നേടിയിട്ടുണ്ട്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരാണ് രാജസ്ഥാൻ റോയൽസ്.

ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്തിമ ചർച്ചയ്ക്കായി ചീഫ് സിലക്ടർ അജിത് അഗാർക്കറും ബിസിസിഐ സെക്രട്ടറി ജയ് ഷായും ഇന്ന് അഹമ്മദാബാദിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ‌15 അംഗ ടീമിലെ എല്ലാ അംഗങ്ങളെയും ഏറക്കുറെ ഇതിനോടകം തീരുമാനിച്ചതായാണ് വിവരം. രണ്ടാം വിക്കറ്റ് കീപ്പർ, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് അവസരം നൽകണോ എന്നീ കാര്യങ്ങളിലാണ് ഇനി തീരുമാനം എടുക്കേണ്ടത്.

English Summary:

Sanju Samson to T20 World Cup as first choise wicket keeper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com