ADVERTISEMENT

ലണ്ടൻ∙ ഐപിഎൽ ടീമുകൾക്ക് ഇരുട്ടടിയായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ നിർണായക തീരുമാനം. ഐപിഎൽ പ്ലേ ഓഫ് കളിക്കാൻ ഇംഗ്ലണ്ട് താരങ്ങളെ ടീമുകൾക്കു ലഭ്യമാകില്ല. പാക്കിസ്ഥാനെതിരായ ട്വന്റി20 പരമ്പര കളിക്കുന്നതിനായി ഇംഗ്ലണ്ട് താരങ്ങൾക്ക് ഇന്ത്യയിൽനിന്നു മടങ്ങേണ്ടിവരും. ട്വന്റി20 ലോകകപ്പിനുള്ള ഒരുക്കമായാണ് ഇംഗ്ലണ്ട്, പാക്കിസ്ഥാനെതിരെ പരമ്പര കളിക്കുന്നത്. മേയ് 22 നാണ് പരമ്പരയ്ക്കു തുടക്കമാകുക. അതിനു മുൻപു തന്നെ താരങ്ങൾക്ക് ഇംഗ്ലണ്ടിലെത്തി ടീം ക്യാംപിൽ ചേരേണ്ടിവരും.

സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടിയാണ് ഇംഗ്ലിഷ് ബോർഡിന്റെ തീരുമാനം. പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ച രാജസ്ഥാന് ഓപ്പണർ ജോസ് ബട്‍ലറുടെ സേവനം നഷ്‍ടമാകും. മികച്ച ഫോമിലുള്ള ബട്‍ലർ മടങ്ങിയാൽ, പുതിയൊരു ഓപ്പണിങ് ബാറ്ററെയും രാജസ്ഥാനു പരീക്ഷിക്കേണ്ടിവരും. അങ്ങനെയെങ്കിൽ യശസ്വി ജയ്സ്വാളിനൊപ്പം ക്യാപ്റ്റൻ സഞ്ജു സാംസൺ ഓപ്പണറായി ഇറങ്ങാനും സാധ്യതയുണ്ട്. മുൻപ് രാജസ്ഥാൻ റോയൽസിനു വേണ്ടി ഓപ്പണറായി സഞ്ജു കളിച്ചിട്ടുണ്ട്.

അങ്ങനെ ചെയ്താലും നിലവിലെ ബാറ്റിങ് ക്രമം രാജസ്ഥാനു പൊളിച്ചുപണിയേണ്ടിവരും. പഞ്ചാബ് കിങ്സ്, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു , കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളും പ്ലേ ഓഫിലെത്തിയാൽ ഇംഗ്ലണ്ട് താരങ്ങൾക്കു പറ്റിയ പകരക്കാരെ ഇറക്കേണ്ടിവരും. ബട്‍ലർക്കു പുറമേ മൊയീൻ അലി (ചെന്നൈ), ജോണി ബെയർസ്റ്റോ (പഞ്ചാബ്), സാം കറൻ (പഞ്ചാബ്), ലിയാം ലിവിങ്സ്റ്റൻ (പഞ്ചാബ്), ഫിൽ സോൾട്ട് (കൊൽക്കത്ത), വിൽ ജാക്സ് (ബെംഗളൂരു), റീസ് ടോപ്‍ലി (ബെംഗളൂരു) എന്നിവർക്കാണ് ഐപിഎൽ തീരുന്നതിനു മുൻപേ നാട്ടിലേക്കു മടങ്ങേണ്ടിവരിക. മേയ് 21നാണ് ഐപിഎല്ലിൽ‌ പ്ലേ ഓഫ് മത്സരങ്ങൾ തുടങ്ങുക.

പാക്കിസ്ഥാനെതിരായ പരമ്പരയ്ക്കു ശേഷം മേയ് 31ന് ഇംഗ്ലണ്ട് ടീം കരീബിയനിലേക്കു പോകും. ജൂൺ നാലിന് ബാർബഡോസിൽവച്ച് സ്കോട്ട്‌‍ലൻഡിനെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം. പരുക്കു കാരണം ഏറെക്കാലം പുറത്തിരുന്ന പേസർ ജോഫ്ര ആർച്ചർ ലോകകപ്പ് ടീമിൽ കളിക്കുന്നുണ്ട്. ഇംഗ്ലിഷ് ക്ലബ്ബ് ലങ്കഷെയറിന്റെ ഓൾറൗണ്ടര്‍ ടോം ഹാർട്‍‌ലിയും ലോകകപ്പിൽ അരങ്ങേറ്റ മത്സരം കളിക്കും.

English Summary:

England Stars To Not Play In IPL Playoffs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com