ADVERTISEMENT

നിങ്ങൾ ഒരു കാര്യം മനസ്സിരുത്തി ആഗ്രഹിച്ചാൽ ലോകം മുഴുവൻ അതു സാധ്യമാക്കുന്നതിനായി ഗൂഢാലോചന നടത്തും’ എന്ന പൗലോ കൊയ്‌ലോ വചനം സത്യമാണെന്ന് മലയാളി ക്രിക്കറ്റ് ആരാധകരും സഞ്ജു സാംസണും ഇന്നലെ തിരിച്ചറിഞ്ഞു! 13 വർഷത്തെ ഇടവേളയ്ക്കു ശേഷം സഞ്ജുവിലൂടെ ഇന്ത്യൻ ലോകകപ്പ് ക്രിക്കറ്റ് ടീമിൽ ഒരു മലയാളി ഇടംപിടിച്ചിരിക്കുന്നു. 1983 ഏകദിന ലോകകപ്പിൽ ടീമിലുണ്ടായിരുന്ന സുനിൽ വൽസനും 2007 ട്വന്റി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് ടീമുകളിൽ കളിച്ച ശ്രീശാന്തിനു ശേഷം ഇതാദ്യമായാണ് ഒരു മലയാളി താരം ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടംപിടിക്കുന്നത്. രോഹിത് ശർമ നയിക്കുന്ന ടീമിൽ ഋഷഭ് പന്തിനൊപ്പം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂൺ 2 മുതൽ 29 വരെ വെസ്റ്റിൻഡീസിലും യുഎസിലുമായി നടക്കുന്ന ലോകകപ്പിൽ ജൂൺ 5ന്, അയർലൻഡിനെതിരായാണ് ഇന്ത്യയുടെ ആദ്യ മത്സരം.

പന്തോ സഞ്ജുവോ?

കെ.എൽ.രാഹുൽ, ഇഷൻ കിഷൻ, ദിനേശ് കാർത്തിക് എന്നിവരെ തഴഞ്ഞതോടെ സഞ്ജുവും ഋഷഭ് പന്തും മാത്രമാണ് വിക്കറ്റ് കീപ്പർമാരായി ടീമിലുള്ളത്. ഇവരിൽ ഒന്നാം വിക്കറ്റ് കീപ്പറായി പന്തിനെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോ‌ടെ സ്പെഷലിസ്റ്റ് ബാറ്ററുടെ റോളിലാകും സഞ്ജുവിനെ പരിഗണിക്കുക. രോഹിത് ശർമ, യശസ്വി ജയ്സ്വാൾ എന്നിവർ ഓപ്പണർമാരായി എത്തും. വിരാട് കോലി, സൂര്യകുമാ‍ർ യാദവ് എന്നിവർ മൂന്ന്, നാല് സ്ഥാനങ്ങളിലും. ഇതോടെ അഞ്ചാം നമ്പറിലാകും സഞ്ജുവിന് സാധ്യത. ആദ്യ മത്സരങ്ങളിൽ പന്ത് നിറംമങ്ങുകയാണെങ്കിൽ വിക്കറ്റ് കീപ്പറുടെ റോളിൽ തന്നെ സഞ്ജു എത്തും.

ഹാർദിക് തിരിച്ചെത്തി

പരുക്കുമൂലം 8 മാസത്തോളം ദേശീയ ടീമിൽ നിന്നു വിട്ടുനിന്ന ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനായി തന്നെ ടീമി‍ൽ ഉൾപ്പെടുത്തി. രോഹിത്തിന്റെ അഭാവത്തിൽ ഇന്ത്യൻ ട്വന്റി20 ടീമിനെ നയിച്ചത് ഹാർദിക്കായിരുന്നു. ഈ ലോകകപ്പിലും നായകസ്ഥാനത്ത് ഹാർദിക്കായിരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും രോഹിത്തിന് ഒരു അവസരം കൂടി നൽകാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ഐപിഎലിൽ മികവു തെളിയിച്ച ശിവം ദുബെയാണ് ടീമിലെ മറ്റൊരു പേസ് ബോളിങ് ഓൾറൗണ്ടർ.

റിങ്കുവിന് നിരാശ‌

സമീപകാലത്ത് ടീം ഇന്ത്യയുടെ വിശ്വസ്തനായ ഫിനിഷറായി പേരെടുത്ത റിങ്കു സിങ്ങിനെ 15 അംഗ ടീമിലേക്ക് പരിഗണിച്ചില്ല. റിസർവ് താരമായിട്ടാണ് റിങ്കുവിന്റെ സ്ഥാനം. ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നീ ഫിനിഷർമാർ ടീമിലുള്ളതിനാലാണ് റിങ്കുവിനെ തഴഞ്ഞതെന്നാണ് വിവരം. ഇന്ത്യയ്ക്കായി 15 ട്വന്റി20 മത്സരങ്ങൾ കളിച്ച റിങ്കു, 89 ശരാശരിയിൽ 176.23 സ്ട്രൈക്ക് റേറ്റോടെ 356 റൺസ് നേടിയിട്ടുണ്ട്.

പേസ് കുറയും

‌ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലെ പ്രധാന പേസർമാർ. ഇതിൽ ബുമ്രയൊഴികെ ബാക്കി രണ്ടുപേരും മോശം ഫോമിലൂടെയാണ് ഈ ഐപിഎൽ സീസണിൽ കടന്നുപോകുന്നത്. 9 മത്സരങ്ങളിൽ നിന്ന് 6.63 ഇക്കോണമി റേറ്റിൽ 14 വിക്കറ്റുമായി ബുമ്ര മികവു തുടരുമ്പോൾ 9 മത്സരങ്ങളിൽ നിന്ന് 9.63 ഇക്കോണമിയിൽ 12 വിക്കറ്റാണ് അർഷ്ദീപിന്റെ നേട്ടം. സിറാജാകട്ടെ 9 മത്സരങ്ങളിൽ നിന്ന് 9.50 ഇക്കോണമിയിൽ നേടിയത് 6 വിക്കറ്റ് മാത്രം.

 ചെഹൽ ഇൻ, ‌ബിഷ്ണോയ് ഔട്ട്

സ്പിന്നർമാരിൽ യുസ്‌വേന്ദ്ര ചെഹലിനെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ യുവതാരം രവി ബിഷ്ണോയിയെ സിലക്ടർമാർ തഴഞ്ഞു. ബോളർമാരുടെ ഐസിസി ട്വന്റി20 റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള രണ്ട് ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് 6–ാം സ്ഥാനത്തുള്ള ബിഷ്ണോയ്. 4–ാം സ്ഥാനത്തുള്ള അക്ഷർ പട്ടേലാണ് റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യൻ താരം. ഈ ഐപിഎൽ സീസണിൽ 9 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മുൻപന്തിയിലാണ് ചെഹൽ. ബിഷ്ണോയിക്കാകട്ടെ 9 മത്സരങ്ങളിൽ നിന്ന് ലഭിച്ചത് 5 വിക്കറ്റ് മാത്രം. കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലെ മറ്റു സ്പിന്നർമാർ.

രാഹുൽ പുറത്ത്, ഗിൽ റിസർവിൽ

പന്ത്, സഞ്ജു എന്നിവരെ വിക്കറ്റ് കീപ്പർമാരായി ഉൾപ്പെടുത്തിയതോടെ രാഹുലിനെ സിലക്ടർമാർ തഴഞ്ഞു. രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവിനെ തന്നെയാണ് തുടക്കംമുതൽ പരിഗണിച്ചത്. യശസ്വി ജയ്സ്വാൾ ഓപ്പണറുടെ റോളിൽ എത്തിയതോടെ ശുഭ്മൻ ഗില്ലിന് റിസർവ് ബെഞ്ചിലേക്ക് മാറേണ്ടിവന്നു. ആവേശ് ഖാൻ, ഖലീൽ അഹമ്മദ്, റിങ്കു സിങ് എന്നിവരാണ് ടീമിലെ മറ്റു റിസർവ് താരങ്ങൾ.

കമോൺ സഞ്ജു‌

9 മത്സരങ്ങൾ, 77 ശരാശരിയിൽ 385 റൺസ്, 4 അർധ സെ‍ഞ്ചറി, സ്ട്രൈക്ക് റേറ്റ് 161– ഈ ഐപിഎൽ സീസണിലെ മിന്നും ഫോം കൂടിയാണ് സഞ്ജുവിന് ലോകകപ്പ് ടീമിലേക്കുള്ള വഴി തുറന്നത്. ഋഷഭ് പന്ത് (398) കഴിഞ്ഞാൽ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പറാണ് സഞ്ജു. സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തിൽ ദിനേശ് കാർത്തികിന് (195) പിന്നിലായി രണ്ടാം സ്ഥാനത്ത് സഞ്ജുവുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റർ എന്നതിലുപരി ക്യാപ്റ്റൻസി മികവിലും സഞ്ജു ശ്രദ്ധിക്കപ്പെട്ട സീസണാണ് ഇത്. ഒൻപതിൽ 8 മത്സരങ്ങളും ജയിച്ച രാജസ്ഥാൻ റോയൽസ് ഇതിനോടകം പ്ലേഓഫ് ഏറക്കുറെ ഉറപ്പാക്കിയിട്ടുണ്ട്. സീസണിൽ ക്യാപ്റ്റൻമാരുടെ പട്ടികയിൽ ഏറ്റവും കൂടുതൽ ജയം, ഏറ്റവുമധികം റൺസ്, അർധ സെഞ്ചറി, സ്ട്രൈക്ക് റേറ്റ് എന്നിവയും സഞ്ജുവിന്റെ പേരിൽ തന്നെ.

English Summary:

Sanju Samson to play as batter in Twenty20 World Cup cricket team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com