ADVERTISEMENT

ഹൈദരാബാദ് ∙ രാജസ്ഥാൻ ബാറ്റർമാരുട‌െ 19 ഓവറുകൾ നീണ്ട അധ്വാനത്തെ ഒരൊറ്റ ഓവറിൽ ഭുവനേശ്വർ കുമാർ നിഷ്ഫലമാക്കി. ജയസാധ്യതകൾ മാറിമറിഞ്ഞ ഐപിഎൽ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് ഒരു റണ്ണിന്റെ നാടകീയ ജയം. 13 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ ഒരു പന്തിൽ 2 റൺസ് എന്ന നിലയിലേക്ക് വിജയലക്ഷ്യമെത്തിച്ചതോടെ രാജസ്ഥാൻ ആരാധകർ ജയമുറപ്പിച്ചതായിരുന്നു. എന്നാൽ അവസാന പന്തിൽ റോവ്‌മാൻ പവലിനെ വിക്കറ്റിനു മുൻപിൽ കുരുക്കി ഭുവനേശ്വർ ഹൈദരബാദിന് അവിശ്വസനീയ ജയം സമ്മാനിച്ചു. സ്കോർ: ഹൈദരാബാദ്– 20 ഓവറിൽ 3ന് 201. രാജസ്ഥാൻ– 20 ഓവറിൽ 7ന് 200. 3 വിക്കറ്റെടുത്ത ഭുവനേശ്വറാണ് പ്ലെയർ ഓഫ് ദ് മാച്ച്. 

202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാനെ തുടക്കത്തിൽ വിറപ്പിച്ചതും ഭുവനേശ്വർ തന്നെയാണ്. ഇന്നിങ്സിന്റെ രണ്ടാം പന്തിൽ ജോസ് ബട‌്‍ലറെ (0) പുറത്താക്കിയ പേസർ 3 പന്തുകൾക്കുശേഷം ക്യാപ്റ്റൻ സഞ്ജു സാംസണിനെയും (0) ക്ലീൻ ബോൾ‌‍ഡാക്കി. എന്നാൽ യശസ്വി ജയ്സ്വാളും (67) റിയാൻ പരാഗും (77) ചേർന്നുള്ള 135 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് രാജസ്ഥാനെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. ഡെത്ത് ഓവറിനു മുൻപ് ഇരുവരും പുറത്തായെങ്കിലും 6 വിക്കറ്റുകൾ ശേഷിക്കെ അവസാന 3 ഓവറിൽ 27 റൺസ് മാത്രമായിരുന്നു വിജയലക്ഷ്യം. എന്നാൽ 18–ാം ഓവറിൽ ടി.നടരാജനും 19–ാം ഓവറിൽ പാറ്റ് കമിൻസും 7 റൺസ് വീതം മാത്രം വഴങ്ങിയതോടെ മത്സരം വീണ്ടും ആവേശകരമായി. 

നിതീഷ് വെടിക്കെട്ട് 

നേരത്തേ തുടക്കത്തിലെ തകർ‌ച്ചയിൽ നിന്നു കരകയറിയാണ് ഹൈദരാബാദ് സീസണിൽ അഞ്ചാം തവണയും 200 റൺസിന്റെ കടമ്പ കടന്നത്. ആഭ്യന്തര താരം നിതീഷ് റെഡ്ഡിയുടെ ബാറ്റിങ്ങാണ് (42 പന്തിൽ 76 നോട്ടൗട്ട്) ഹൈദരാബാദ് ഇന്നിങ്സിന് കരുത്തായത്. ഓപ്പണർ ട്രാവിസ് ഹെഡും (44 പന്തിൽ 58) അവസാന ഓവറുകളിൽ കത്തിക്കയറിയ ഹെയ്ൻറിച് ക്ലാസനും (19 പന്തിൽ 42) തിളങ്ങി. 

English Summary:

Sunrisers Hyderabad wins against rajasthan royals in ipl match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com