ADVERTISEMENT

ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ നാലാം വിജയം സ്വന്തമാക്കിയതോടെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനങ്ങളിൽനിന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനു മോചനം. ഗുജറാത്ത് ടൈറ്റൻസിനെതിരായ വിജയത്തോടെ ആർസിബി പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. 11 മത്സരങ്ങൾ പൂർത്തിയാക്കിയ ബെംഗളൂരു തുടർച്ചയായ മൂന്നാം വിജയമാണ് കഴിഞ്ഞ ദിവസം നേടിയത്. എട്ടു പോയിന്റാണ് ഫാഫ് ഡുപ്ലേ സി നയിക്കുന്ന ടീമിന് ഇപ്പോഴുള്ളത്. പ്ലേ ഓഫിലേക്കുള്ള വിദൂര സാധ്യതയെങ്കിലും നിലനിര്‍ത്തണമെങ്കിൽ ബെംഗളൂരുവിന് ഇനിയുള്ള എല്ലാ കളികളും ജയിക്കണം.

ഒരു കളി തോറ്റാൽ അതോടെ എല്ലാ സാധ്യതകളും അടയും. ഈ സമ്മർദത്തിനിടെയാണ് അവസാനം കഴിഞ്ഞ മൂന്നു കളികളും ബെംഗളൂരു ജയിച്ചു കയറിയത്. നെറ്റ് റൺറേറ്റിൽ പഞ്ചാബ് കിങ്സ്, ഗുജറാത്ത് ടൈറ്റൻസ് ടീമുകളെ പിന്നിലാക്കിയാണ് ആർസിബി ഏഴാം സ്ഥാനത്തേക്കു കുതിച്ചത്. –0.049 ആണ് ബെംഗളൂരുവിന്റെ നെറ്റ് റൺറേറ്റ്. എട്ടു പോയിന്റു വീതമുള്ള പഞ്ചാബ് (-0.062) ഗുജറാത്ത് (-1.320) ടീമുകൾ യഥാക്രമം എട്ട്, ഒൻപത് സ്ഥാനങ്ങളിലാണ്.

പോയിന്റ് പട്ടികയിലെ താഴെയുള്ള ‘അടിവാരം’ ടീമുകളിൽ ഏറ്റവുമൊടുവിൽ മുംബൈ ഇന്ത്യൻസാണ്. 11 കളികളിൽ മൂന്നു വിജയം മാത്രമുള്ള മുംബൈ, ഐപിഎല്ലിൽനിന്ന് പുറത്താകുന്ന ആദ്യ ടീമായി. –0.356 ആണ് മുംബൈയുടെ നെറ്റ് റൺറേറ്റ്. എട്ടു കളികള്‍ തോറ്റ മുംബൈ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിപ്പിച്ചുകഴിഞ്ഞു. ഒടുവിൽ കളിച്ച നാലു മത്സരങ്ങളും മുംബൈ തോറ്റു. ബാക്കിയുള്ള മൂന്നു കളികളും കരുത്തൻമാർക്കെതിരെയാണ്.

പോയിന്റ് പട്ടികയിൽ ഒന്നാമതെത്താൻ വെമ്പുന്ന സൺറൈസേഴ്സ് ഹൈദരാബാദ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ലക്നൗ സൂപ്പർ ജയന്റ്സ് ടീമുകളെയാണ് ഇനിയുള്ള കളികളിൽ മുംബൈയെ നേരിടാൻ പോകുന്നത്. അവസാനം കളിച്ച മൂന്നു കളികളും തോറ്റതാണ് ശുഭ്മൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെ ഒൻപതാം സ്ഥാനത്തേക്കു തള്ളിയിട്ടത്. എട്ടു കളികളും ജയിച്ച രാജസ്ഥാൻ റോയൽസാണു 16 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തുള്ളത്. ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ടീമുകൾക്കെല്ലാം ഇനിയും നാലു മത്സരങ്ങൾ വീതം ബാക്കിയുണ്ട്.

English Summary:

IPL, Royal Challengers Bengaluru rise in points table

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com