ADVERTISEMENT

ബെംഗളൂരു ∙ ആദ്യ 6 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 92 റൺസ്. തുടർന്ന് 25 റൺസിനിടെ 6 വിക്കറ്റ് നഷ്ടം. വെടിക്കെട്ട് തുടക്കവും കൂട്ടത്തകർച്ചയും കണ്ട റൺചേസിനൊ‌‌ട‌ുവിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് 4 വിക്കറ്റ് ജയം. ആദ്യം ബാറ്റു ചെയ്ത ഗുജറാത്തിനെ 147 റൺസിൽ ഓൾഔട്ട‌ാക്കിയ ബെംഗളൂരു മറുപടി ബാറ്റിങ്ങിൽ 13.4 ഓവറിൽ വിജയം പിടിച്ചെടുത്തു. ഐപിഎൽ പ്ലേഓഫിലേക്ക് വിദൂര സാധ്യത മാത്രം അവശേഷിക്കുന്ന ആർസിബി തുടർച്ചയായ മൂന്നാം മത്സരത്തിലാണ് വിജയിച്ചു കയറുന്നത്. സ്കോർ: ഗുജറാത്ത് 19.3 ഓവറിൽ 147. ബെംഗളൂരു 13.4 ഓവറിൽ 152.

148 റൺസിന്റെ ചെറിയ വിജയലക്ഷ്യം മുന്നിൽവച്ച ഗുജറാത്ത് ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചാണ് ബെംഗളൂരു ഓപ്പണർമാരായ ഫാഫ് ഡുപ്ലെസിസും (23 പന്തിൽ 64) വിരാട് കോലിയും (27 പന്തിൽ 42) തുടങ്ങിയത്. 18 പന്തിൽ ഡുപ്ലെസി അർധ സെഞ്ചറി നേടിയപ്പോൾ ഐപിഎൽ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും മികച്ച പവർപ്ലേ സ്കോറും (92) ബെംഗളൂരു സ്വന്തമാക്കി. പക്ഷേ അതിവേഗ ജയത്തിലൂടെ നെറ്റ് റൺറേറ്റുയർത്താനുള്ള തിടുക്കം അതിനുശേഷം തിരിച്ചടിയായി. ഡുപ്ലെസിക്കു പിന്നാലെയെത്തിയ വിൽ ജാക്സ് (1), രജത് പാട്ടിദാർ (2), ഗ്ലെൻ മാക്സ്‌വെൽ (4), കാമറൂൺ ഗ്രീൻ (1) എന്നിവർ വിക്കറ്റ് വലിച്ചെറിഞ്ഞു. ഒടുവിൽ ദിനേഷ് കാർത്തിക്കും ( 21 നോട്ടൗട്ട്) സ്വപ്നിൽ സിങ്ങും (15 നോട്ടൗട്ട്) ചേർന്നുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് ജയമുറപ്പിച്ചത്.

നേരത്തേ, 7 വിക്കറ്റുകൾ വീഴ്ത്തിയ പേസ് ബോളർമാരുടെ മികവിലാണ് ബെംഗളൂരു ഗുജറാത്തിനെ ചെറിയ സ്കോറിലൊതുക്കിയത്.  തന്റെ ആദ്യ 2 ഓവറിനുള്ളിൽ വൃദ്ധിമാൻ സാഹയെയും (1) ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെയും (2) പുറത്താക്കി മുഹമ്മദ് സിറാജ് നൽകിയ മിന്നും തുടക്കം മറ്റു പേസർമാർ ഏറ്റെടുക്കുകയായിരുന്നു. തുടക്കത്തിലെ തകർച്ചയ്്ക്കുശേഷം 5 വിക്കറ്റ് നഷ്ടത്തിൽ 131 എന്ന നിലയിലെത്തിയ ഗുജറാത്തിന് വെറും 16 റൺസിനിടെ അവസാന 5 വിക്കറ്റുകൾ നഷ്ടമായി. 

English Summary:

Royal challengers Bengaluru win against Gujarat titans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com