ADVERTISEMENT

കൊച്ചി ∙‘‘ലെതർ സ്യൂട്ട്കെയ്സും വാച്ചും, മറ്റൊന്നുമില്ല!’’– 5 പതിറ്റാണ്ടു മുൻപ് ഏഷ്യൻ യൂത്ത് ഫുട്ബോൾ ചാംപ്യൻഷിപ് നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ ടീം അംഗങ്ങൾക്കു ലഭിച്ച സമ്മാനത്തെക്കുറിച്ച് അന്നത്തെ ക്യാപ്റ്റൻ ഷബീർ അലിയുടെ വാക്കുകൾ. സുവർണ നേട്ടത്തിന്റെ വാർഷിക ദിനമായ ഇന്നലെ ടീമിനെ ആദരിക്കാൻ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കൊൽക്കത്തയിൽ ഒരുക്കിയ ചടങ്ങിലായിരുന്നു ഷബീർ അലിയുടെ വെളിപ്പെടുത്തൽ.

കരുത്തരായ ഇറാനെ ഫൈനലിൽ സമനിലയിൽ (2–2) കുരുക്കിയാണ് ഇന്ത്യ സംയുക്ത ജേതാക്കളായത്. ടൈബ്രേക്കർ രീതി ചാംപ്യൻഷിപ്പിൽ ഉണ്ടായിരുന്നില്ല. ‘‘ഞങ്ങൾക്കു കാര്യമായൊന്നും കിട്ടിയില്ലെങ്കിലും ഇറാൻ ടീം അംഗങ്ങൾക്കു കാഷ് പ്രൈസും വീടും കാറും ലഭിച്ചതായി കേട്ടിരുന്നു. അന്നത്തെ ഇന്ത്യൻ ടീമിലെ പലരും ഇന്നു ജീവിച്ചിരിപ്പില്ല. ശേഷിച്ചവരാകട്ടെ, അനാരോഗ്യത്തിന്റെ പിടിയിലും. എന്തെങ്കിലും സഹായം നൽകിയാൽ ആ കുടുംബങ്ങൾക്ക് ആശ്വാസമാകും’’ – ഷബീർ അലിയുടെ അഭ്യർഥന.

ഇറാന്റെ പുച്ഛത്തിന് ഇന്ത്യൻ മറുപടി

ബാങ്കോക്കിൽ 1974 ഏപ്രിൽ 30നായിരുന്നു ഫൈനൽ. ക്വാർട്ടറിൽ സിംഗപ്പുരിനെയും സെമിയിൽ തായ്‌ലൻഡിനെയും മറികടന്ന ഇന്ത്യയുടെ എതിരാളികൾ ഇറാൻ. അന്നും വൻശക്തിയായിരുന്നു അവർ. എന്നിട്ടും ഇന്ത്യ ഷബീർ അലിയുടെയും ലത്തീഫുദ്ദീന്റെയും ഗോളുകളിൽ സമനില പിടിച്ചു. ‘‘ഇറാൻ താരങ്ങൾക്കു ‍ഞങ്ങളോടു പുച്ഛമായിരുന്നു. അവരെ തളയ്ക്കാൻ കഴിഞ്ഞതു വലിയ നേട്ടം’’– ടീമിലുണ്ടായിരുന്ന മലയാളി താരം സി.സി.ജേക്കബിന്റെ വാക്കുകൾ. ബി.ദേവാനന്ദായിരുന്നു ടീമിലെ മറ്റൊരു മലയാളി. ‘‘സിംഗപ്പുരിന് എതിരെ ഞാൻ പെനൽറ്റി ഗോൾ നേടി. ഫൈനലിൽ രണ്ടു ഗോൾലൈൻ സേവുകൾ. സന്തോഷിപ്പിക്കുന്ന ഓർമകളാണെല്ലാം’’ – സി.സി.ജേക്കബ് മനോരമ’യോടു പറഞ്ഞു. 

സീനിയേഴ്സിന്റെ പിന്തുണ

18 അംഗ ടീമിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നത് 10 പേർ. ദേവാനന്ദ് ഉൾപ്പെടെ 8 പേർ വിട പറഞ്ഞു. ചടങ്ങിൽ ജേക്കബിനു പുറമേ ഷബീർ അലി, ദിലീപ് പലിത്, ശിശിർ ഗുഹ, രഞ്ജിത് ദാസ്, എസ്.പി.കുമാർ എന്നിവരെത്തി. കോച്ച് അരുൺ ഘോഷിന് അനാരോഗ്യം മൂലം എത്താനായില്ല. 

English Summary:

Indian stars shares memories of winning Asian Youth Football Championship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com