ADVERTISEMENT

ആരോഗ്യ വകുപ്പിലെ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 നിയമന ശുപാർശ വേഗത്തിലാക്കാത്തതു നിർഭാഗ്യകരമാണ്. അവശ്യതസ്തികയായിട്ടും ആവശ്യത്തിനു നിയമനം നടത്താത്തത് ഗുരുതരസാഹചര്യവുമാണ്. നൂറുകണക്കിന് ഉദ്യോഗാർഥികളാണ് ഈ നിയമനം കാക്കുന്നത്.

2021 നവംബർ 29 മുതൽ 2022 ജനുവരി 25 വരെ വിവിധ തീയതികളിലാണു സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്നത്. ഈ വർഷം നവബംർ 28 മുതൽ 2025 ജനുവരി 24 വരെ തീയതികളിലായി ലിസ്റ്റുകൾ റദ്ദാകും. ഇനിയുള്ള ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി ഒഴിവു റിപ്പോർട്ട് ചെയ്താൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വർക്കു മാത്രമല്ല, സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്കും അതു വലിയ അനുഗ്രഹമാകും.

മുൻ റാങ്ക് ലിസ്റ്റുകളിൽ നടന്നതിന്റെ പകുതിപോലും ഇത്തവണ നിയമനം ഉണ്ടായിട്ടില്ല. റാങ്ക് ലിസ്റ്റ് രണ്ടു വർഷമായിട്ടും 14 ജില്ലയിലുമായി 730 പേർക്കു മാത്രമാണ് ഇതുവരെ നിയമന ശുപാർശ ലഭിച്ചത്. ഏറ്റവും കൂടുതൽ ശുപാർശ എറണാകുളം ജില്ലയിലാണ്–120. കുറവ് വയനാട് ജില്ലയിൽ–ആറ്. എറണാകുളത്തിനു പുറമേ തിരുവനന്തപുരത്തു മാത്രമാണ് നിയമന ശുപാർശ നൂറു നടന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അൻപതിൽ താഴെയാണു നിയമനം. എൻജെഡി ഒഴിവുകളിൽക്കൂടി നിയമനം നടന്നതുകൊണ്ടാണ് ഇത്രയും പേർക്കെങ്കിലും ശുപാർശ ലഭിച്ചത്.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിന് ആനുപാതികമായി സ്റ്റാഫ് നഴ്സ് തസ്തിക സൃഷ്ടിക്കപ്പെട്ടിട്ടില്ല. പതിറ്റാണ്ടുകൾ മുൻപത്തെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴുമുള്ളത്. മാറിയ സാഹചര്യങ്ങൾക്കനുസരിച്ചു തസ്തിക സൃഷ്ടിക്കാൻ സർക്കാർ തയാറായാൽ നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഭൂരിഭാഗം പേർക്കും നിയമനം ലഭിക്കും.

പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ താൽക്കാലിക നിയമനം പാടില്ലെന്നാണു വ്യവസ്ഥയെങ്കിലും ഈ തസ്തികയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും അല്ലാതെയും താൽക്കാലിക നിയമനം നടക്കുന്നതായി ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. വിരമിക്കൽ ഒഴിവുകൾക്കൊപ്പം ആവശ്യത്തിനു തസ്തിക സൃഷ്ടിച്ചും സ്റ്റാഫ് നഴ്സ് നിയമന ശുപാർശ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണം. 

English Summary:

Staff Nurse PSC Ranklist Editorial Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com