ADVERTISEMENT

സെക്രട്ടേറിയറ്റിലെ അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് സെൽ നിർത്തലാക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിൻമാറണം. വിവിധ പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടവർ നിയമന നിഷേധം നേരിടുമ്പോൾ ഏറെ ആശ്രയിച്ചിരുന്ന ഈ സംവിധാനം നിലനിർത്തേണ്ടത് അനിവാര്യമാണ്.

ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാതെ പൂഴ്ത്തിവയ്ക്കുന്നെന്ന പരാതി അന്വേഷിച്ച് അടിയന്തര നടപടിയെടുക്കുക, അനധികൃത നിയമനങ്ങൾ, പ്രമോഷൻ തുടങ്ങിയവ പരിശോധിച്ച് ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാൻ നിർദേശിക്കുക, റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്നതിന് 6 മാസംമുൻപു സ്പെഷൽ ഡ്രൈവ് നടത്തി ഒഴിവു റിപ്പോർട്ട് ചെയ്യാൻ വകുപ്പുകൾക്കു നിർദേശം നൽകുക, പ്രതീക്ഷിത ഒഴിവുകൾ കണക്കാക്കി മുൻകൂട്ടി റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകുക തുടങ്ങിയവയാണ് അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് സെൽ ചെയ്തുവരുന്ന സേവനങ്ങൾ. വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ 2010ൽ നിലവിൽ വന്ന സെൽ, മറ്റൊരു ഇടതുപക്ഷ സർക്കാർ ഭരണത്തിലിരിക്കെ നിർത്താലാക്കാൻ ആലോചിക്കുന്നതാണ് അദ്ഭുതകരം.

അസിസ്റ്റന്റ് ലേബർ ഓഫിസർ റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ 20 ജീവനക്കാർക്ക് അനധികൃത സ്ഥാനക്കയറ്റം നൽകി ഒഴിവ് നഷ്ടപ്പെടുത്തിയത് വിജിലൻസ് സെല്ലിന്റെ പരിഗണനയിൽ ഉദ്യോഗാർഥികൾ കൊണ്ടുവന്നിരുന്നു. ഇതിൽ അന്വേഷണം നടത്തി അനധികൃത സ്ഥാനക്കയറ്റം റദ്ദാക്കി ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാൻ സെൽ നിർദേശിക്കുകയും ചെയ്തു. വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല എന്ന ഉദ്യോഗാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൃഷി വകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളിൽ പൂഴ്ത്തിവച്ച ഒഴിവു കണ്ടെത്തി റിപ്പോർട്ട് ചെയ്യിക്കാനും നടപടി സ്വീകരിച്ചു. ഇതുപോലെ വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ധാരാളം പരാതികൾക്ക് അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് സെല്ലിന്റെ ഇടപെടലിലൂടെ പരിഹാരമായിട്ടുണ്ട്.

അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് സെൽ നിർത്തലാക്കി ഉദ്യോഗസ്ഥരെ മറ്റു വകുപ്പിലേക്കു പുനർവിന്യസിക്കാനുള്ള നീക്കമാണു നടക്കുന്നത്. ഇതു സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്നാണു വിവരം. സർക്കാർ മേഖലയിലെ തൊഴിലന്വേഷകരുടെ പ്രശ്നങ്ങൾ ഗൗരവത്തോടെ പരിഗണിച്ച് പരിഹാരം കാണാൻ രൂപീകരിച്ച ഈ സംവിധാനം തുടരുകതന്നെ വേണം. സർക്കാരും മുഖ്യമന്ത്രിയും ഇക്കാര്യം മുഖവിലയ്ക്കെടുക്കുമെന്ന തൊഴിലന്വേഷകരുടെ പ്രതീക്ഷ തകർക്കരുത്. 

English Summary:

Administrative Vigilance Cell Editorial Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com